തിരുവനന്തപുരം: ശ്രീരാമന്റെ യാത്ര ഭാരതത്തിന്റെ അതിര്‍ത്തികളില്‍ ഒതുങ്ങി നിന്നെങ്കില്‍ രാമായണത്തിന്റെ യാത്ര ഭാരതത്തിന്റെ സീമകളും കടന്നതായി സി വി ആനന്ദബോസ്. കബോടിയ, ഇന്തോനേഷ്യ, ഫിലിപ്പിന്‍സ്, മലേഷ്യ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലേക്കെല്ലാം രാമായണം കടന്നു ചെന്നു. രാമായണ മാസാചരണത്തിന്റെ ഭാഗമായി ബാലഗോകുലം ‘പരമേശ്വരീയം’ എന്ന പേരില്‍ നടത്തുന്ന കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാമായണ കഥയല്ല, രാമകഥാ തത്വങ്ങളാണ് വലുത് എന്ന ബോധ്യമാണ് രാമയണ പാരായണത്തിന്റെ തലം. പിതൃഭക്തി, സഹോദരസ്നേഹം, മിത്രസ്നേഹം, ഏകപത്നീവ്രതം, രാജധര്‍മ്മം എന്നിവയുടെയൊക്കെ മാതൃകയാണ് ശ്രീരാമന്. ധര്മ്മത്തിളക്കം കൊണ്ടാണ് ആദികാവ്യം അനശ്വരമാകുന്നത്. വിശ്വാസത്തിന്റെ തീഷ്ണതയ്ക്ക് മിന്നല്‍ പിണരുക വെല്ലാനുള്ള ശക്തിയുണ്ടെന്ന് രാമായണം തെളിയിക്കുന്നു. ആനന്ദബോസ് പറഞ്ഞു. ബാലഗോകുലം സംസ്ഥാന സമിതിയംഗം കെ പി ബാബുരാജ് ആമുഖ പ്രസംഗം നടത്തി. കൈതപ്രം വിശ്വനാഥന് നമ്പൂതിരി രാമായണത്തിലെ കാവ്യ സങ്കല്‍പ്പം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. നിരഞ്ജന പത്മനാഭന്റെ നേതൃത്വത്തില്‍ രാമായണ കാവ്യാഞ്ജലി യും ഉണ്ടായിരുന്നു. രാമായണം വിഷയമാക്കിയുള്ള വിവിധമത്സരങ്ങളാണ് ശിശു , ബാല, കിശോര്‍ വിഭാഗങ്ങളിലായി നടക്കുക.കലോത്സവത്തോടനുബന്ധിച്ച് ജില്ലാതലത്തില്‍ വ്യത്യസ്ഥമായ സാംസക്കാരിക പരിപാടികളും നടക്കും.
ജൂലായ് 21 ന് എറണാകുളത്ത് രാമായണത്തിലെ കുടുബസങ്കല്പ്പത്തെക്കുറിച്ച് സംവാദം നടക്കും. 24 ന് കൊല്ലത്ത് രാമായണ പരിക്രമണം എന്ന പേരില്‍ രാമായണവുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങള്‍ ഡോക്യുമെന്റെറിയായി പ്രദര്‍ശിപ്പിക്കും.28 ന് കോട്ടയത്ത് രാമായണത്തിലെ ഭക്ത്തിരസം എന്ന വിഷയത്തില്‍ പ്രഭാഷണവും രാമായണ ഭജനും നടക്കും. 31 ന് കോഴിക്കോട് ആധുനിക സമൂഹവും രാമായണവും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഓഗസ്റ്റ് 4 ന് തൃശ്ശൂരില്‍ രാമായണ പരിക്രമണം ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. 7 ന് പത്തനംതിട്ടയില്‍ രാമായണത്തിലെ മൊഴി മുത്തുകള്‍ എന്ന വിഷയത്തില്‍ പ്രഭാഷണവും രാമായണ ക്വിസ് മത്സരവും സംഘടിപ്പിക്കും. 11 ന് പാലക്കാട് രാമായണവും കുട്ടികളും, മുത്തശ്ശി രാമായണം എന്നീപരിപാടികള്‍ നടക്കും. 14 ന് വയനാട്ടില്‍ രാമായണ പരിക്രമണം ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. 15 ന് മലപ്പുറത്ത് രാമായണ നൃത്തശില്പം അവതരിപ്പിക്കും സീതായനം എന്ന പേരില്‍ പ്രഭാഷണവും നടക്കും. 16 കണ്ണൂരില്‍ നടക്കുന്ന ആചാര്യ വന്ദനത്തോടെ പരമേശ്വരീയം സമാപിക്കും. രാമായണത്തിന്റെ രാഷ്ട്ര ചിന്ത എന്ന വിഷയത്തില്‍ പ്രഭാഷണവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: