ന്യൂദല്‍ഹി: ലോകം ടോക്കിയോയിലേക്ക് ചുരുങ്ങാന്‍ ഇനി അഞ്ച് നാള് മാത്രം. കായിക താരങ്ങള്‍ പല സംഘങ്ങളായി ക്യാമ്പിലേക്കെത്തുകയാണ്. ഇന്ത്യന്‍ ടീമും പ്രതീക്ഷയോടെ ടോക്കിയോയിലുണ്ട്. കൊറോണ മാനദണ്ഡം കാരണം കാണികള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ ടെലിവിഷനിലൂടെയുള്ള ഒളിമ്പിക്സിന് ആരാധകരും തയാറെടുത്ത് കഴിഞ്ഞു. ഇത്തവണയും ഇന്ത്യ ചര്‍ച്ച ചെയ്യുന്നത് ഷൂട്ടിങ് റേഞ്ച് ഉള്‍പ്പെടെയുള്ള മത്സരയിനങ്ങളിലേക്ക്. ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക് സ്വര്‍ണ ജേതാവ് അഭിനവ് ബിന്ദ്രയുടെ പിന്‍ഗാമിയാവാനുള്ള തയ്യാറെടുപ്പിലാണ് മനു ഭാക്കര്‍ ഉള്‍പ്പെടെയുള്ള ഷൂട്ടിങ് താരങ്ങള്‍.
ടീമിലെ സൂപ്പര്‍ താരവും ഭാക്കര്‍ തന്നെ. ഐഎസ്എസ്എഫ് ലോകകപ്പ് ഫൈനലിലും ഐഎസ്എസ്എഫ് ലോകകപ്പിലും വ്യക്തിഗതമായും ടീം ഇനത്തിലുമായി കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഒമ്പത് സ്വര്‍ണവും രണ്ട് വെള്ളിയും സ്വന്തമാക്കിയിട്ടുണ്ട് ഈ 19 കാരി. കൂടാതെ ഏഷ്യന്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഏയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പ്, യൂത്ത് ഒളിമ്പിക് ഗെയിംസ്, ഐഎസ്എസ്എഫ് ജൂനിയര്‍ ലോകകപ്പ് എന്നീ മത്സരങ്ങളില്‍ നിന്നായി ഒമ്പത് സ്വര്‍ണവും രണ്ട് വെള്ളിയും. പുരുഷ-വനിതാ വിഭാഗങ്ങളിലായി 16 പോരാണ് ഇന്ത്യന്‍ ഷൂട്ടിങ് സംഘത്തിലുള്ളത്.
വനിതകളില്‍ മനു ഭാക്കറിന് പുറമെ യശസ്വിനി ദേശ്വാള്, രാഹി സര്‍ണോബത്, അപൂര്‍വി ചന്ദേല, എളവേനില്‍ വാളരിവന്, അഞ്ജും മൗഡ്ഗില്‍, തേജസ്വിനി ജെയ്സ്വാള്‍ എന്നിവരും പുരുഷ വിഭാഗത്തില്‍ അന്‍ഗഡ് ബജ്വ, മെയ്രാജ് അഹമ്മദ് ഖാന്, സൗരഭ് ചൗധരി, അഭിഷേക് വര്‍മ, ദീപക് കുമാര്‍, ദിവ്യനാശ് സിങ് പന്‍വര്‍, സഞ്ജീവ് രജ്പുത്, ഐശ്വരി തോമര്‍ എന്നിവരുമാണ് മത്സരിക്കാനിറങ്ങുന്നത്. ഇവരെല്ലാം ഐഎസ്എസ്എഫ് ലോകകപ്പിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലുമെല്ലാം രാജ്യത്തിനായി മെഡല്‍ നേടിയവരാണ്.
ഗുസ്തിയില്‍ വിനേഷ് ഫോഗട്ടും ബജ്റങ് പുനിയയുമാണ് ഇന്ത്യ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന താരങ്ങള്‍. ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഒന്നു വീതവും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് സ്വര്‍ണവും നേടിയ വിനേഷ് ഫോഗട്ട് 2019ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ 53 കി.ഗ്രാമില്‍ വെങ്കലവും നേടി. രവികുമാര്‍ ദഹിയ, ദീപക് പുനിയ, സീമ ബിസ്ല, അന്‍ഷു മാലിക്, സോനം മാലിക് എന്നിവരാണ് ഗുസ്തിയില്‍ ഇറങ്ങുന്ന മറ്റ് താരങ്ങള്‍.
ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ദീപിക കുമാരിയുടെ നേതൃത്വത്തിലുള്ള അമ്പെയ്ത്ത് ടീമും തികഞ്ഞ പ്രതീക്ഷയിലാണ്. ഗ്വാട്ടിമാലയില്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ നടന്ന ആര്‍ച്ചറി ലോകകപ്പില്‍ റികര്‍വ് വിഭാഗത്തില്‍ വ്യക്തിഗത വിഭാഗത്തിലും ടീം ഇനത്തിലും ജൂണില്‍ പാരീസില്‍ വ്യക്തിഗത-ടീം-മിക്സഡ് ഇനത്തിലും സ്വര്‍ണം നേടിയതിന്റെ ആത്മവിശ്വാസവുമായാണ് ദീപിക ടോക്കിയോയില്‍ മെഡല്‍ ലക്ഷ്യമിട്ട് അമ്പെയ്യാനിറങ്ങുന്നത്. ദീപികയുടെ രണ്ടാം ഒളിമ്പിക്സാണിത്. പുരുഷ വിഭാഗത്തില്‍ മത്സരിക്കാനിറങ്ങുന്ന അതനു ദാസും ഇത്തവണ രണ്ടാം ഒളിമ്പിക്സിനാണ് ഇറങ്ങുന്നത്. ഈ വര്‍ഷം നടന്ന ഗ്വാട്ടിമാല ആര്‍ച്ചറി ലോകകപ്പില്‍ വ്യക്തിഗത ഇനത്തിലും പാരീസില്‍ ടീം ഇനത്തിലും സ്വര്‍ണം നേടിയിട്ടുണ്ട്്. പ്രവീണ്‍ ജാദവും തരുണ്‍ദീപ് റായ്യുമാണ് അമ്പെയ്ത്ത് ടീമിലെ മറ്റ് അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: