ടോക്കിയോയില്‍ നിന്നു ടോക്കിയോയിലേക്ക് 57 വര്‍ഷം. ഏഷ്യയില്‍ ആദ്യമായി 1964ല്‍ ഒളിമ്പിക് ഗെയിംസ് സംഘടിപ്പിച്ച ജാപ്പാനീസ് തലസ്ഥാനം, ഈ മഹാമേളയുടെ മുപ്പത്തിരണ്ടാമത്തെ അധ്യായം ജൂലൈ 23നു തുറക്കുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷം.
ഒമ്പത് ലക്ഷത്തോളം പേരെ അണുബോംബിട്ട് കൊന്ന ഹിരോഷിമയുടെയും നാഗസാക്കിയുടെയും നാട്ടിലേക്കാണ് ഒരിക്കല്‍കൂടി ഈ കായികമേളയുടെ വരവ്. മഹായുദ്ധങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കിയ വന്‍ശക്തികളെ വെല്ലുവിളിച്ച് കൊണ്ടായിരുന്നു 1964 ഒക്ടോബറില്‍ ഏഷ്യയുടെ ആദ്യ ഒളിംപ്യാഡ്.
1958ല്‍ മൂന്നാമത് ഏഷ്യന്‍ ഗെയിംസ് സ്തുത്യര്‍ഹമാംവിധം നടത്തിയ ജപ്പാന് അമ്പതിനായിരം പേരെ ഉള്‍ക്കൊള്ളാവുന്ന അന്നത്തെ മെയിന്‍ സ്റ്റേഡിയത്തില്‍, 22,000 പേര്‍ക്ക് കൂടി ഇരിപ്പിട സൗകര്യം ഒരുക്കി വികസിപ്പിച്ചാണ് ഒളിമ്പിക്സിന് തയ്യാറെടുത്തത്. വിമാനത്താവളത്തില്‍ നിന്നു ഒളിമ്പിക് വില്ലേജിലേക്കുള്ള 20 കിലോമീറ്റര്‍ ദൂരം മിനിറ്റുകള്‍ കൊണ്ട് പിന്നിടാന്‍ കഴിയുംവിധം അയോണ എക്സ്പ്രസ് ഹൈവേയും മോണോ റെയിലും പണി തീര്‍ത്തു. നഗരമധ്യത്തിലെ ബഹുനില ഷോപ്പിങ്ങ് കോംപ്ലക്സിനു മുകളില്‍ ഒരു കൂറ്റന്‍ ഭൂഗോളം ഉയര്‍ത്തി, ‘സര്വലോകമേ സ്വാഗതം’ എന്ന പ്രഭാപൂരം പരത്തി, പെട്ടെന്നു തന്നെ സന്നദ്ധമാവുകയും ചെയ്തു.
അമേരിക്ക മേധാവിത്വം നിലനിര്‍ത്തുന്നതും, റഷ്യ പിന്നാലെ തന്നെ ഫിനിഷ് ചെയ്യുന്നതും കണ്ടുകൊണ്ടാണ് രണ്ടാഴ്ച നീണ്ട മഹാമേള അന്നു കൊടി താഴ്ത്തിയത്. എന്നാല്‍ ഒരുക്കത്തില്‍ മാത്രമല്ല, കളിക്കളത്തിലും ജപ്പാന് അങ്ങനെയൊന്നും തോറ്റു കൊടുക്കാന്‍ തയ്യാറല്ലായിരുന്നു. 1960ല്‍ റോമിലേക്കയച്ച സംഘത്തിന്റെ ഇരട്ടി താരങ്ങളെയാണ് സ്വന്തം മണ്ണിലെ ഈ കായിക മഹാമാമാങ്കത്തിന് അവര്‍ അണിനിരത്തിയത്. 61 വനിതകള്‍ ഉള്‍പ്പെടെ 437 പേര്. പതിനാറു സ്വര്‍ണമടക്കം 29 മെഡലുകള്‍ അവര്‍ നേടിയെടുത്തു. അമേരിക്കയ്ക്കും, റഷ്യക്കും തൊട്ടുപിന്നാലെ മൂന്നാം സ്ഥാനം.
93 രാജ്യങ്ങളില്‍ നിന്നായി അയ്യായിരത്തോളം താരങ്ങള്‍ പങ്കെടുത്ത ആ ഒളിമ്പിക്സിന്റെ ദീപശിഖാ പ്രയാണം തന്നെ ചരിത്രമായി. ബോംബ് വീണ ദിവസം ഹിരോഷിമയില്‍ പിറന്ന കുട്ടിയായ സകായി യോഷിനോറി ആണ് സ്റ്റേഡിയത്തിലെ ചഷകത്തില്‍ വെളിച്ചം പകരാനായി ദീപശിഖയുമായി ഓടിയെത്തിയത്.
താരപ്പൊലിമകള്‍ ഒട്ടും കുറഞ്ഞില്ല. 10 സെക്കന്‍ഡിനുള്ളില്‍ 100 മീറ്റര്‍ ഓടി ലോകറെക്കോഡോടെ സ്വര്‍ണം നേടുന്ന അമേരിക്കയുടെ ബോംബ് ഹെക്സിനെ നാം അവിടെ കണ്ടു. ലോക റെക്കോഡോടുകൂടി 400 മീറ്ററും ഒപ്പം വേറെ മൂന്നിനങ്ങളും ജയിച്ച് നാലു സ്വര്‍ണം കഴുത്തിലണിഞ്ഞ് അമേരിക്കയുടെ ഡോണ്‍ ഷോളന്സര് നീന്തല്‍ക്കളത്തില്‍ നിന്നു കരകയറുന്നതും വാര്‍ത്തയായി. മൂന്നു ഒളിമ്പിക്സില്‍ ഷോട്ട്പുട്ടും, ഡിസ്കസ് ത്രോയും ജയിച്ച് ഇരട്ട സ്വര്‍ണം കുത്തകയാക്കിയ തമരാപ്രസ് റഷ്യയിലേക്ക് തിരിച്ചു പോകുന്നതും ഒരു സംഭവമായി.
ജാപ്പനീസ് വിനോദമായി ഒളിമ്പിക്സിലേക്ക് കയറ്റിവിട്ട ജൂഡോയില്‍ ആന്റണി ഗെയ്സിങ്ക് നാട്ടുകാരെ മുഴുവന്‍ അമ്പരപ്പിച്ച് സ്വര്‍ണവുമായി അമേരിക്കയിലേക്ക് കടന്നുകളഞ്ഞതും ഒമ്പത് ഒളിമ്പിക് സ്വര്‍ണമെഡലുകള്‍ക്ക് തുടക്കം കുറിക്കാന്‍ ജിംനാസ്റ്റിക്ക്സില്‍ ചെക്കോസ്ലാവാക്യയുടെ വെറാ കസ്ലാവസ്ക വിജയപീഠം കയറിയതും ശ്രദ്ധിക്കപ്പെട്ടു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഗുരുബച്ചന്സിങ്ങ് രണ്‍ധാവ ഫൈനലില്‍ മത്സരിക്കാന്‍ അര്‍ഹത നേടിയത് ഇന്ത്യന്‍ അത്ലറ്റിക് ടീമിന്റെ ഭാഗത്ത് ശ്രദ്ധേയമായി. ഈ ഏഷ്യന്‍ ചാംപ്യന്‍ ഫൈനലില്‍ അഞ്ചാമനായി പോയെങ്കിലും, പക്ഷെ ഏഷ്യന്‍ റെക്കാഡോടെ ഫിനിഷ് ചെയ്തിട്ടും, 1600 മീറ്റര്‍ റിലേയില്‍ ഹീറ്റ്സില്‍ തന്നെ ഇന്ത്യ പുറത്തായി. 800 മീറ്ററില്‍ സ്റ്റെഫി ഡിസൂസ സെമിഫൈനലിലും പുറംതള്ളപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: