പി ടി ഉഷ
എല്ലാ കായികമേളകള്‍ക്കും ചില നഷ്ടങ്ങള്‍ ഉണ്ടാവാറുണ്ട്. പ്രമുഖ താരങ്ങളുടേയോ ടീമുകളുടേയോ ഒക്കെ അസാന്നിദ്ധ്യം. പക്ഷേ, ടോക്കിയോയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു. ഈ 23ന് അവിടെ ഒളിമ്പിക്സ് കൊടിയേറുകയാണ്. ആളനക്കമില്ലാത്ത ഒളിമ്പിക്സ്. ശൂന്യമായ ഗാലറികള്‍ക്കുമുന്നില്‍ മല്‍സരങ്ങള്‍ പൊടിപാറിയേക്കാം. സാങ്കേതികമായി എല്ലാം ഭദ്രം. പക്ഷേ, മത്സരം മാത്രമല്ലല്ലോ മേള. അവിടെ കാണിക്കൂട്ടത്തിനും അവരുടെ ആരവങ്ങള്‍ക്കും വലിയ റോളുണ്ട്. മാധ്യമപ്രവര്‍ത്തരുടെ സാന്നിദ്ധ്യത്തിനും ഉണ്ട് പങ്ക്. ഒരു കണക്കിനു മേളയുടെ ഏറ്റവും വലിയ ആകര്‍ഷണമാണ് നിറഞ്ഞു തുളുമ്പുന്ന ഗാലറികള്‍. ടോക്കിയോയുടെ മാത്രമല്ല ഒളിമ്പിക് പ്രസ്ഥാനത്തിന്റെ തന്നെ ഏറ്റവും വലിയ നഷ്ടമായിരിക്കും ഇക്കുറി സംഭവിക്കാന്‍ പോകുന്നത്. കൊവിഡ് പറ്റിച്ച ഒരു പണി! കഴിഞ്ഞ വര്‍ഷം നടക്കേണ്ട ഒളിമ്പിക്സ് അവന് ഒരുവര്‍ഷം തള്ളി നീക്കി. എന്നിട്ടും പിടിവിടാതെ നിന്നപ്പോഴാണ് വാതിലുകള്‍ അടച്ച് മത്സരം നടത്താന്‍ ജപ്പാന് രണ്ടും കല്പിച്ചു മുന്നിട്ടിറങ്ങുന്നത്.
ബഹിഷ്കരണംകൊണ്ടു നിറം മങ്ങിയ ഒളിമ്പിക്സുകള്‍ ചരിത്രത്തില്‍ പലതുണ്ട്. 1976ല്‍ മോണ്ട്രിയോളില്, വര്‍ണ വിവേചനത്തിന്റെ പേരില്‍ ആഫ്രിക്കന്‍ ഭൂഖണ്ഡം വിട്ടുനിന്നു. 80 മോസ്കോയില്‍ അമേരിക്കന്‍ ചേരി ബഹിഷ്കരിച്ചു. 84ല്‍ ലൊസാഞ്ചലസ്സില് റഷ്യന്‍ ചേരിയുടെ ഊഴമായിരുന്നു. അവര്‍ ബഹിഷ്കരിച്ചു. അന്നൊക്കെ അവസരം നഷ്ടപ്പെട്ട വന്‍ താരങ്ങളുടെ വേദന ഒളിമ്പിക്സിന്റെയും വേദനയായിരുന്നു. ഇന്നിപ്പോള്‍ പങ്കെടുക്കുന്നവരുടെ തന്നെ വേദനയാണ് കാണികളുടെ വിട്ടുനില്‍പ്പ്. മാധ്യമ സാന്നിദ്ധ്യവും വളരെ കുറയുമെന്നാണ് അറിയുന്നത്.
ഗാലറിയിലെ ജനക്കൂട്ടവും അവരുടെ ആരവവും കായികമേളയുടെ ഭാഗമാണെന്നാണ് അനുഭവ പാഠം. ട്രാക്കില്‍ കുതിക്കുന്നത് അത്ലറ്റ് ആണെങ്കിലും ആര്‍ത്തുവിളിക്കുന്നവരുടെ മനസ്സും അവരുടെ കുതിപ്പിനൊപ്പമുണ്ടാകും. അതു തരുന്ന ഊര്‍ജം വാക്കുകള്‍കൊണ്ടു വിവരിക്കാനാവില്ല. എത്ര മികച്ച താരമായാലും അവരും മനുഷ്യരാണല്ലോ. മാനുഷിക വികാരങ്ങള്‍ക്ക് അതീതരല്ല അവരാരും. സ്വന്തം പ്രകടനം കാണാന്‍ ആളുണ്ടാവുക എന്നത് അവരുടെ ആത്മസംതൃപ്തിയുടെ പ്രശ്നം കൂടിയാണ്. അതാണ് അവര്‍ക്കു നിഷേധിക്കപ്പെടുന്നത്. ഏതു കളിക്കും കളിക്കാര്‍ക്കും ഏറെ പ്രധാനമാണ് ഏകാഗ്രത. പക്ഷേ, അതിനു പല തലങ്ങളുണ്ട്. അവ തമ്മില്‍ അത്ഭുതകരമായ വ്യത്യാസവുമുണ്ട്. പരിശീലന സമയത്തും വന്‍ മല്‍സരങ്ങള്‍ക്കുള്ള ഒരുക്കത്തിലും പലര്‍ക്കും മറ്റുള്ളവരുടെ സാന്നിദ്ധ്യം അലോസരമുണ്ടാക്കിയേക്കും. അതവരുടെ ഏകാഗ്രത തകര്‍ക്കും. മനസ്സിനെ പാകപ്പെടുത്താന്‍, പരിശീലന ശേഷവും എല്ലാത്തില്‍ നിന്നും വിട്ട് ഒറ്റക്ക് ഇരിക്കുന്നവരുമുണ്ട്. പക്ഷേ, കളത്തിലിറങ്ങിയാല്‍ കളി മാറും. അവിടെ ആര്‍ത്തലയ്ക്കുന്ന ജനക്കൂട്ടം ഏകാഗ്രതയ്ക്കു ഭംഗം വരുത്തുന്നില്ല. മറിച്ച് ആവേശം പകരുകയാണു ചെയ്യുക. അതിന്റെ താളത്തിലേക്കു സ്വയം അലിഞ്ഞുചേരുമ്പോള്‍ കുതിപ്പിന് ആക്കം കൂടും. ജയിച്ചേ പറ്റൂ എന്നൊരു ഉള്‍വിളി. സ്വയം മറന്ന് പറക്കാന്‍ തോന്നും. ഏഷ്യന്‍ ഗെയിംസിലും ഒളിമ്പിക്സിലും ഏഷ്യന്‍ മീറ്റിലും ഒക്കെ ഉണ്ടായ അനുഭവത്തില്‍ നിന്നാണിതു പറയുന്നത്. എന്റെ മെഡലുകള്‍ക്ക് ഇത്തരം ആരവങ്ങളുടെ അദൃശ്യമായ സ്പര്‍ശമുണ്ടായിരുന്നു. എന്നിലൂടെ ഞാന്‍ മറ്റു താരങ്ങളേയും കാണുകയും ചെയ്യുന്നു. പറഞ്ഞിട്ടു കാര്യമില്ല. കാലം കരുതിവച്ചത് ഇതാണ്. ഈ പ്രതിസന്ധിയിലും ട്രാക്കിലും ഫീല്‍ഡിലും മറ്റെല്ലാ കളിക്കളങ്ങളിലും പോരാടുന്നവര്‍ക്ക് എല്ലാ വിജയങ്ങളും ആശംസിക്കുകയേ നമുക്കു ചെയ്യാനുള്ളു.
ഇപ്പറഞ്ഞതൊക്കെ അങ്ങനെ നില്‍ക്കത്തന്നെ പറയട്ടെ, ടോക്കിയോയില്‍ ഒളിമ്പിക്സിന്റെ സംഘാടനം കൃത്യമായും ചിട്ടയായും നടക്കും. കാരണം അതു നടത്തുന്നതു ജപ്പാനാണ്. ഇത്തരം കാര്യങ്ങള്‍ അവരെ കണ്ടു പഠിക്കണം. കൊതിതോന്നും അവരുടെ അറേജ്മെന്റുകളും നടത്തിപ്പും കണ്ടാല്‍. പൂര്‍ണതയാണു മുഖമുദ്ര. അലസത എന്നോ, പിഴവ് എന്നോ ഉള്ള വാക്കുകള്‍ അവരുടെ നിഘണ്ടുവില്‍ ഇല്ലെന്നു തോന്നുന്നു. അത്ര ചിട്ടയാണ് എല്ലാത്തിനും. ട്യൂണ്‍ ചെയ്തു വച്ചതു പോലെ കാര്യങ്ങള്‍ നടക്കും.
എന്റെ ഓര്‍മയില്‍ പഴയൊരു ടോക്കിയോയുണ്ട്; ഒരു ഒളിമ്പിക്സ് സ്റ്റേഡിയവും ഒരു രാജ്യാന്തര മീറ്റും. അന്‍പതിലേറെ വര്‍ഷം മുന്‍പ് ഒളിമ്പിക്സ് നടന്ന അതേ വേദി തന്നെയാണെന്നാണ് ഓര്മ. ഈ ഒളിമ്പിക്സിന്റെ വേദിയും അതുതന്നെയാണല്ലോ. അവിടെ, 1984ല്‍ ഒരു മീറ്റില്‍ ഞാന്‍ പങ്കെടുത്തിരുന്നു. എട്ടു രാജ്യങ്ങളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട അത്ലറ്റുകള് പങ്കെടുത്ത മീറ്റ്. എയ്റ്റ് നേഷന്‍ മീറ്റ് എന്നു പേര്. ആ വര്‍ഷത്തെ ലൊസാഞ്ചലസ് ഒളിമ്പിക്സിലെ 400 മീറ്റര്‍ ഹര്‍ഡില്‍സ് നാലാം സ്ഥാനമാണ് എനിക്ക് യോഗ്യത നേടിത്തന്നത്. പക്ഷേ, ആ ഇനം അവിടെ ഇല്ലാതിരുന്നതിനാല്‍ 400 മീറ്ററിലാണു പങ്കെടുത്തത്. നാലാം സ്ഥാനത്ത് എത്തുകയും ചെയ്തു. അന്നു ഞാന്‍ ശ്രദ്ധിച്ചതാണ് അവരുടെ സംഘാടന മികവ്. അതിനൊരു പ്രത്യേക ചാരുതയുണ്ട്. ആ വെടിപ്പും കൃത്യതയും കണ്ടാല്‍ത്തന്നെ ഒന്നു മല്സരിച്ചുകളയാമെന്നു തോന്നും. ഈ ശൈലി അവര്‍ ജീവിതത്തിലും നിലനിര്‍ത്തുന്നു എന്ന് ശ്രദ്ധച്ചപ്പോള്‍ മനസ്സിലായി. എത്ര മനോഹരമാണ് ടോക്കിയോ നഗരം! വൃത്തിയുടെ പര്യായം പോലുള്ള സിറ്റി. പൊടിയില്ല, പുകയില്ല, മലിനീകരണമില്ല. രൂപഭംഗി നിറഞ്ഞു നില്ക്കുന്ന കെട്ടിടങ്ങള്‍. കണ്ടാല്‍ കിടന്ന് ഉറങ്ങാന്‍ തോന്നുന്നത്ര വൃത്തിയും ഭംഗിയുമുള്ള റോഡുകള്‍. അതിലൂടെ ഒഴുകിനീങ്ങുന്ന ഓമനത്തമുള്ള വാഹനങ്ങളുടെ നിര. ഹോട്ടലിലെ അഞ്ചാം നിലയില്‍ നിന്നു താഴത്തെ നിരത്തിലെ ഈ ഒഴുക്കിലേക്കു നോക്കിനില്ക്കുന്നതു സുഖകരമായൊരു അനുഭവമായിരുന്നു.
മാസ്ക് അന്നേ ജീവിതത്തിന്റെ ഭാഗമാക്കിയവരാണു ജപ്പാന്‍കാര്‍. നിരത്തിലും ബസ്സിലും ഫ്ളൈറ്റിലും എല്ലാം മാസ്ക് അണിഞ്ഞവരെ കാണുമ്പോള്‍ ഇതെന്തു കുന്തമാണെന്ന് അന്നു തോന്നിയിരുന്നു. കുറിയ കണ്ണുകളുള്ള ജപ്പാന് സുന്ദരിമാരേയും സുന്ദരന്മാരേയും കാണുന്നതു തന്നെ ഒരു രസമാണ്. ആ മുഖം അവര്‍ മാസ്ക് കൊണ്ടു മറച്ചുകളഞ്ഞു. ഈ ജപ്പാന്‍കാര്‍ക്കു ദീര്‍ഘ വീക്ഷണശേഷി ഉണ്ടോ ആവോ! ഇന്നിതാ ആ മുഖംമൂടിക്കു ലോകവ്യാപകമായ അംഗീകാരം കിട്ടിയിരിക്കുന്നു.
ടോക്കിയോ എന്നു കേള്‍ക്കുമ്പോള്‍ ഓര്‍ക്കാന്‍ രസമുള്ളൊരു നടുക്കവും മനസ്സില്‍ പതിഞ്ഞു കിടപ്പുണ്ട്. ഒരു ദിവസം ഹോട്ടല്‍ മുറിയിലെ കിടക്കയില്‍ വിശ്രമിക്കുമ്പോള്‍, പെട്ടെന്നു ഫാനിന്റെ കറക്കത്തില്‍ എന്തോ പന്തികേടുതോന്നി. അതെന്താണെന്നു ശ്രദ്ധിക്കുമ്പോഴേക്ക് കട്ടില് മെല്ലെ ഇളകിത്തുടങ്ങി. പിന്നെ മുറിയും ഹോട്ടല്‍ തന്നെയും കറങ്ങുന്നതുപോലെ. എല്ലാം നമിഷങ്ങള്‍ കൊണ്ടു കഴിഞ്ഞു. ഭൂമികുലുക്കം എന്നു കേട്ടിരുന്നത് സത്യത്തില്‍ എന്തെന്ന് അന്ന് അറിഞ്ഞു. ടോക്കിയോയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍, മുന്‍പു പറഞ്ഞ കാര്യങ്ങള്‍ക്കൊപ്പം മനസ്സിലേക്കു വരുന്ന ഒന്നാണ് ഈ കുലുക്കവും.
ഇതൊക്കെ നമ്മുടെ കാര്യം. പാലം കുലുങ്ങിയാലും കേളന് കുലുങ്ങില്ലെന്നു പറയാറില്ലേ? ജപ്പാനില്‍ ആകെ കേളന്മാരാണെന്നു തോന്നുന്നു. അവര്‍ ഇതുകൊണ്ടൊന്നും കുലുങ്ങില്ല. ആറ്റംബോംബിനെ അതിജീവിച്ചവര്‍ക്ക് എന്തു കുലുക്കം! കൊവിഡിനു മുന്നിലും അവര്‍ കുലുങ്ങില്ല. അവന്റെ കണ്ണു വെട്ടിച്ചും പഴുതടച്ചും അവര്‍ ഒളിമ്പിക്സ് നടത്തുക തന്നെ ചെയ്യും. ഗ്ലാമര്‍ കുറഞ്ഞേക്കാം. അതു കാലത്തിന്റെ നിശ്ചയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: