ന്യൂദല്‍ഹി: വൈദ്യുതി ഉത്പാദിപ്പിക്കാനും ജലസേചനത്തിനുമായി ഉപയോഗിക്കുന്ന അഫ്ഗാനിസ്ഥാനിലെ ഹെറത് പ്രവിശ്യയിലെ ചെഷ്ത് ജില്ലയിലുള്ള സല്‍മ അണക്കെട്ടിനുനേരെ താലിബാന് ഭീകരര്‍ മോര്‍ട്ടാര്‍ ആക്രമണം നടത്തി. 2016 ജൂണില്‍ പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഹെറത് പ്രവിശ്യയിലെ ചിസ്ത്-ഇ-ഷെരീഫില്‍ അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഘനിയുമായി ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അഫ്ഗാന്-ഇന്ത്യ സൗഹൃദ അണക്കെട്ട്(സല്‍മ ഡാം) ഉദ്ഘാടനം ചെയ്തത്. താലിബാന്റെ നിരന്തര ആക്രമണങ്ങള്‍മൂലം മഹാവിപത്തുണ്ടാകുമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നതായി അഫ്ഗാന് ദേശീയ ജല അതോറിറ്റി അറിയിച്ചു. ഭീകരര്‍ തുടരെ റോക്കറ്റുകള്‍ തൊടുത്താല്‍ അണക്കെട്ട് തകരുമെന്ന് അതോറിറ്റി പറയുന്നു.
ചില റോക്കറ്റുകള്‍ അണക്കെട്ടിന് സമീപം വീണതായും കൂട്ടിച്ചേര്‍ത്തതായി അഫ്ഗാന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹെറത് പ്രവിശ്യയിലെ എട്ട് ജില്ലകളിലുള്ള ജീവിതങ്ങളും ജീവനുകളും അണക്കെട്ടിനെ ആശ്രയിച്ചാണ് കഴിയുന്നത്. സല്‍മ അണക്കെട്ടിന് കേടുപാടുകള്‍ പറ്റിയാല്‍ ഒരുപാട് അഫ്ഗാന് പൗരന്മാര്ക്ക് നഷ്ടങ്ങളുണ്ടാകും. അണക്കെട്ടിന് നേരെയുള്ള താലിബാന്റെ റോക്കറ്റ് ആക്രമണം നിര്‍ത്തണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. അണക്കെട്ട് ദേശീയ സ്വത്താണെന്നും യുദ്ധത്തില്‍ കേടുപാടുകളുണ്ടാകരുതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. അണക്കെട്ടിനെതിരായ ഏത് ആക്രമണത്തെയും പ്രതിരോധിക്കണമെന്നും സുരക്ഷയൊരുക്കണമെന്നും ഏജന്‍സി ആവശ്യപ്പെടുന്നു.
എന്നാല്‍ ആക്രമണത്തില്‍ പങ്കില്ലെന്ന് താലിബാന് വക്താവ് സബിഹുള്ള മുജാഹിദ് അവകാശപ്പെട്ടു. സല്‍മ അണക്കെട്ടിനെതിരെ വെടിയുതിര്‍ത്തിട്ടില്ലെന്ന് ഇയാള്‍ പറയുന്നു. കമല്‍ ഖാന് അണക്കെട്ടിന്റെ സംരക്ഷണം ഇപ്പോള്‍ താലിബാന്റെ കൈകളിലെന്നുമാണ് സബിഹുള്ള മുജാഹിദിന്റെ വാദം. ചെഷ്ത് ജില്ലയിലെ ഹരിരൊദ് നദിക്കു കുറുകെയാണ് 107 മീറ്റര്‍ വീതിയും 550 മീറ്റര്‍ നീളവുമുള്ള സല്‍മ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഒന്നിലധികം ആവശ്യങ്ങള്‍ക്കായി പണിത അണക്കെട്ടില്‍നിന്ന് 42 മെഗാവാട്ട് വൈദ്യുതി, 75,000 ഹെക്ടര്‍ സ്ഥലത്ത് ജലസേചനം, ജലവിതരണം തുടങ്ങിയവ അഫ്ഗാനിലെ ജനങ്ങള്‍ക്ക് നല്കുന്നു. 1970-കളിലാണ് അണക്കെട്ടുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.
ഉടന്‍തന്നെ പണിയാരംഭിച്ചുവെങ്കിലും ആഭ്യന്തരസംഘര്‍ഷം ജോലികള്‍ തടസപ്പെടുത്തി. തുടര്‍ന്ന് 2005-ല്‍ ഇന്ത്യ സാമ്പത്തിക സഹായം നല്കി. 2015-ല്‍ 290 ദശലക്ഷം ഡോളറിന്റെ ചെലവിന് ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. രണ്ടു പതിറ്റാണ്ടിനിടയിലെ അഫ്ഗാനിലെ വലിയ പദ്ധതിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: