തിരുവനന്തപുരം: മലയാളം മഹാനിഘണ്ടുവിന്റെ മേധാവിയായ ഡോ. പൂര്‍ണ്ണിമ മോഹന്‍ മുന്‍പ് ബഹുഭാഷാ നിഘണ്ടു തയ്യാറാക്കാന്‍ യുജിയില്‍ നിന്നും പണം വാങ്ങിയെങ്കിലും പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ന് സമിതി.
ബഹുഭാഷ നിഘണ്ടു തയ്യാറാക്കാന്‍ മുന്‍പ് യുജിസിയില്‍ നിന്നും 7.81 ലക്ഷം രൂപ ഡോ. പൂര്‍ണ്ണിമാ മോഹന്‍ കൈപ്പറ്റിയതായും എന്നാല്‍ പദ്ധതി പൂര്‍ത്തിയാക്കിയില്ലെന്നും സേവ് യൂണിവേഴ്സിറ്റി കമ്മിറ്റി ആരോപിച്ചു. ബഹുഭാഷാ ബോധിനി എന്ന നിഘണ്ടു തയ്യാറാക്കാനാണ് യുജിസി ഡോ. പൂര്‍ണ്ണിമ മോഹന്‍ 2021 ഫിബ്രവരിയില്‍ തുക നല്‍കിയത്. സംസ്കൃത സര്‍വ്വകലാശാലയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഈ തുക നല്‍കിയിരുന്നു. ദ്രാവിഡ ഭാഷകളിലും ഇന്‍ഡോ-യൂറോപ്യന്‍ ഭാഷകളുടെയും നിഘണ്ടുവാണ് ബഹുഭാഷാ ബോധിനി. അഞ്ച് വര്‍ഷം കഴിഞ്ഞും ബഹുഭാഷാ ബോധിനി തയ്യാറാകാത്തതിനാല്‍ സര്‍വ്വകലാശാല പണം തിരികെ ആവശ്യപ്പെട്ടു. രണ്ടുവര്‍ഷമായിരുന്നു ബഹുഭാഷാ ബോധിനി തയ്യാറാക്കാന്‍ അനുവദിക്കപ്പെട്ട സമയം.
തിരുവനന്തപുരം:മലയാള മഹാനിഘണ്ടു വിഭാഗം മേധാവി നിയമനത്തില്‍ യോഗ്യതയില്ലാത്ത ആളെയല്ല, കൂടുതല്‍ യോഗ്യതയുള്ളയാളെയാണ് നിയമിച്ചതെന്ന പ്രസ്താവനയുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു രംഗത്തെത്തിയതിന് പിന്നാലെയാണ് പുതിയൊരു ആരോപണവുമായി സേവ് യൂണിവേഴ്സിറ്റി കാമ്പെയിന് സമിതി വരുന്നത്. കേരള സര്‍വ്വകലാശാലയുടെ ഓര്‍ഡിനന്‍സ് മറികടന്നാണ് മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആര്. മോഹനന്റെ ഭാര്യ ഡോ. പൂര്‍ണിമ മോഹനെ മലയാള മഹാനിഘണ്ടു മേധാവിയായി നിയമിച്ചതെന്ന സേവ് യൂണിവേഴ്സിറ്റി കാമ്പെയ്ന് സമിതിയുടെ പരാതിയില്‍ ഗവര്‍ണര്‍ വിശദീകരണം തേടിയിട്ടുണ്ട്.
സര്‍വ്വകലാശാല ഓര്‍ഡിനന്‍സ് അനുസരിച്ച് മലയാളത്തിലെ മഹാനിഘണ്ടു എഡിറ്റര്‍ക്ക് വേണ്ട യോഗ്യത മലയാളഭാഷയില്‍ ഉന്നതപ്രാവീണ്യവും ഗവേഷണബിരുദവും പത്തുവര്‍ഷത്തെ മലയാള അധ്യാപന പരിചയവുമാണ്. ഈ ഓര്‍ഡിനന്‍സ് തിരുത്തി, സംസ്കൃത ഭാഷയില്‍ ഗവേഷണബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാമെന്ന ഉത്തരവിറക്കിയത് അന്നത്തെ രജിസ്ട്രാറായ ഡോ. സി.ആര്. പ്രസാദാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പൂര്‍ണ്ണിമാ മോഹന്‍ നിയമനം നല്കിയ ഇന്റര്‍വ്യൂ ബോര്‍ഡിലും രജിസ്ട്രാര്‍ ഡോ. സി.ആര്. പ്രസാദ് അംഗമായിരുന്നു. നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്ന പരസ്യം പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചോ എന്ന ചോദ്യത്തിന് സര്‍വ്വകലാശാല കൃത്യമായ ഉത്തരം നല്‍കുന്നില്ല. രണ്ട് ലക്ഷം രൂപയാണ് മലയാളം മഹാനിഘണ്ടു എഡിറ്ററുടെ പ്രതിമാസശമ്പളം.
ഡോ. പൂര്‍ണിമ മോഹന്‍ മാത്രമാണ് ഈ ജോലിക്ക് അപേക്ഷിച്ചിരുന്നതെന്നും സംശയം ബലപ്പെടുത്തുന്നു. അതേ സമയം വിദഗ്ധരുടെ സമിതിയാണ് നിയമനം നടത്തിയതെന്ന് കേരള സര്‍വ്വകലാശാല വിസി ഡോ. മഹാദേവന് വിശദീകരിച്ചു.
ഈ പദവിയില്‍ ഇരുന്നിരുന്ന മലയാളം പ്രൊഫസറെ ചുമതലയില്‍ നിന്നും നീക്കം ചെയ്തതിന് ശേഷമാണ് വിവാദ നിയമനം ഉണ്ടായിരിക്കുന്നത്. ഇതിന് മുമ്പ് മലയാളം ലെക്സിക്കന്‍ എഡിറ്റര്‍മാരായി ഇരുന്നിട്ടുള്ളത് മലയാളം പണ്ഡിതന്മാരായ ഡോ. ശൂരനാട് കുഞ്ഞന്‍പിള്ള, ഡോ.ആര്.ഇ. ബാലകൃഷ്ണന്, ഭാഷാശാസ്ത്ര പണ്ഡിതനായ ഡോ. സോമശേഖരന്‍നായര്‍ എന്നീ വിശാരദന്മാരാണ്. മറ്റൊരു ഭാഷയില്‍ പ്രാവീണ്യമുള്ള വ്യക്തിക്ക് എങ്ങിനെയാണ് മുതിര്‍ന്ന മലയാളം പ്രൊഫസറെ ഒഴിവാക്കിയ ശേഷം ആ പദവിയില്‍ നിയമനം നല്‍കിയതെന്നാണ് സേവ് യൂണിവേഴ്സിറ്റി ചെയര്മാന് ആര്.എസ്. ശശികുമാറും സെക്രട്ടറി എം.ഷാജര്‍ഖാനും ചോദിക്കുന്നത്.
“മലയാളം ലെക്സിക്കന്‍ മേധാവിയുടെ ചുമതല സംസ്കൃത അദ്ധ്യാപികയെ ഏല്‍പ്പിക്കാന്‍ മാത്രം ദാരിദ്ര്യം മലയാളത്തിനു വന്നിരിക്കുമോ? അഥവാ ഏതു തസ്തികയിലും സര്‍ക്കാര്‍ ബന്ധുക്കള്‍ക്ക് യോഗ്യത നോക്കാതെ നിയമനം നല്‍കാമെന്ന് ചട്ടങ്ങള്‍ തിരുത്തിക്കാണുമോ ആവോ! “-ഡോ. ആസാദ് ഒരു പ്രസ്താവനയില്‍ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: