തിരുവനന്തപുരം: കൊല്ലം ഈസ്റ്റ് വില്ലേജില്‍ 1947 ലെ കുത്തകപാട്ട ചട്ടങ്ങള്‍ പ്രകാരം വൈഎംസിഎ കൈക്കലാക്കിയിരുന്ന കോടികള്‍ വിലമതിക്കുന്ന 84.825 സെന്റ് ഭൂമി സര്‍ക്കാര്‍ തിരിച്ചെടുത്തു. ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടത്തില്‍ നാഷണല്‍ ഹൈവേയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനുള്ള സ്പെഷ്യല്‍ തഹസില്‍ദാരുടെ കാര്യാലയത്തിന്റെ പ്രവര്‍ത്തനവും ആരംഭിച്ചു. നഗര ഹൃദയത്തിലെ ഭൂമിക്ക് സര്‍ക്കാര്‍ 25 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. മതിപ്പുവില ഇതിന്റെ ഇരട്ടി വരും. ഭൂമിയെ ചൊല്ലി വൈഎംസിഎയും കേരള സര്‍ക്കാരും തമ്മില്‍ ദീര്‍ഘനാളായി നിയമയുദ്ധം നടക്കുകയായിരുന്നു.
1930 ലെയും 1934 ലെയും ഉടമ്പടി പ്രകാരം കുത്തകപാട്ടമായി വൈഎംസിഎക്ക് കിട്ടിയതാണ് ഭൂമി. 1960 ലെ ലാന്റ് അസൈന്മെന്റ് ആക്ട് നിലവില്‍ വന്നതോടെ കുത്തകപാട്ട നിയമം ഇല്ലാതായി. 1960 ലെ നിയമപ്രകാരം കുത്തകപാട്ടം ലഭിച്ചിട്ടുള്ള വ്യക്തികള്‍ 1995 ലെ മുന്‍സിപ്പല്‍ കോര്പ്പറേഷന് പ്രദേശത്തെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം ഭൂമി പതിച്ചു കിട്ടുന്നതിന് അപേക്ഷ നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ ഭൂമി സര്‍ക്കാര്‍ ഭൂമിയല്ലെന്ന വാദമുയര്‍ത്തി നാളിതു വരെ ഭൂമി പതിച്ചു കിട്ടാനുള്ള അപേക്ഷ വൈഎംസിഎ നല്‍കിയിരുന്നില്ല. അപേക്ഷ നല്കുവാനും പാട്ട കുടിശ്ശിക അടക്കുവാനും ജില്ലാ കളക്ടര്‍ പലതവണ നിര്‍ദേശിച്ചിട്ടും വൈഎംസിഎ തയാറായില്ല. പാട്ടകുടിശിക ഇനത്തില്‍ 6.03 കോടിരൂപയാണ് വൈഎംസിഎ സര്ക്കാരിലേക്ക്അടയ്ക്കാനുള്ളത്.
ഈ സാഹചര്യത്തില്‍ വൈഎംസിഎക്ക് നല്‍കിയിരുന്ന പാട്ടം റദ്ദാക്കി ഭൂമി തിരിച്ചെടുക്കാന്‍ 2007 ല്‍ ഉത്തരവായി. ഇതിനെതിരെ വൈഎംസിഎ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സര്‍ക്കാരിനോട് വൈഎംസിഎയുടെ വാദം കേട്ടശേഷം തീരുമാനമെടുക്കുവാന്‍ ഉത്തരവിടുകയായിരുന്നു. വൈഎംസിഎ സര്‍ക്കാരില്‍ റിവിഷന്‍ ഹര്‍ജി ഫയല്‍ ചെയ്തു. തുടര്‍ന്ന് നടന്ന ഹിയറിങ്ങുകളില്‍ വൈഎംസിഎ അവതരിപ്പിച്ച വാദമുഖങ്ങള്‍ തള്ളിക്കൊണ്ട് ഇക്കഴിഞ്ഞ 14ന് ഭൂമി ഏറ്റെടുക്കാന്‍ റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലക് ഉത്തരവിടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം ഭൂമിയില്‍ സര്‍ക്കാര്‍ വക ബോര്‍ഡ് സ്ഥാപിക്കുകയും വൈഎംസിഎയുടെ ബോര്‍ഡ് മാറ്റുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: