കേരളം രാമായണ ശീലുകള്‍ കേട്ടുണരുകയും ഉറങ്ങുകയും ചെയ്യുന്ന കര്‍ക്കിടക മാസക്കാലമാണ് കടന്നുവരുന്നത്. ആധുനിക ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ ടിവി ചാനലുകളും, വര്‍ത്തമാന പത്രങ്ങളും, ഇന്റെര്‍നെറ്റും എല്ലാം പലതലത്തില്‍ രാമായണത്തിന്റെ സ്വാധീനത്തില്‍ വന്നിരിക്കുന്നു. രാമായണ അനുസന്ധാനത്തിലൂടെ ഹിന്ദുസംസ്‌കൃതിയുടെ അടിസ്ഥാനശിലകളെ ഓര്‍മ്മിപ്പിക്കുകയും അവയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യാന്‍ ഹൈന്ദവ സാമൂഹ്യസംഘടനകള്‍ ഈയവസരത്തില്‍ പരിശ്രമിക്കുന്നു. രാമായണവും പുരാണങ്ങളുമെല്ലാം ജീര്‍ണിച്ച പിന്തിരിപ്പന്‍ വ്യവസ്ഥിതികളുടെ ശേഷിപ്പുകള്‍ മാത്രമാണെന്നും അവയെയൊക്കെ പിന്തള്ളിക്കൊണ്ട് സമൂഹം മുന്നേറുകയാണ് വേണ്ടതെന്നും ഇടതുപക്ഷചിന്തകരും യുക്തിവാദികളും വാദിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ വളരെ ശക്തമായ പ്രചരണം തന്നെ ഈ ദിശയിലുണ്ടായിരുന്നു. ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ഒക്കെയാണ് അത്തരം ചര്‍ച്ചകള്‍ സജീവമായി കാണുന്നത്. രാമായണം സൃഷ്ടിക്കുന്ന സാമൂഹ്യാന്തരീക്ഷത്തില്‍ വളര്‍ന്നുവരാന്‍ സാദ്ധ്യതയുള്ള ഹൈന്ദവ രാഷ്‌ട്രീയാവബോധത്തെ തടയിടാന്‍ ശ്രമിക്കുന്ന മറ്റു മതസംഘടനകളും അവയുടെ അനുയായികളും ഇപ്പോള്‍ സജീവമായി ഈ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു എന്നതാണ് പുതുതായി കാണുന്ന ഒരു പ്രതിഭാസം. കാരണങ്ങള്‍ എന്തൊക്കെയായാലും മനുഷ്യരാശിയുടെ ആദിമകാവ്യമെന്ന് വിലയിരുത്തപ്പെടുന്ന രാമായണം നമ്മുടെ മനസ്സില്‍ ഇന്നൊരു ചര്‍ച്ചാവിഷയമായി കൂടിയതോതില്‍ കടന്നു വന്നുകൊണ്ടിരിക്കുന്നു എന്നത് നിസ്തര്‍ക്കമാണ്. വാദപ്രതിവാദങ്ങളില്‍ സ്‌കോര്‍ നേടാനായിട്ടാണെങ്കിലും തങ്ങളുടെ വീക്ഷണങ്ങള്‍ക്കു പിന്‍ബലമേകുന്ന പ്രസ്താവങ്ങളും വര്‍ണ്ണനകളും തേടി ഈയെല്ലാ വിഭാഗക്കാരും ഇന്നിപ്പോള്‍ രാമായണ ശീലുകളിലൂടെ തപ്പിനടക്കുന്നു.
എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം പലയാവര്‍ത്തി വായിക്കാന്‍ അവസരം കൈവന്നിട്ടുള്ള ഒരു വ്യക്തിയാണ് ഞാന്‍. ഓരോ തവണ വായിക്കുമ്പോഴും പുതിയ പുതിയ ചിന്തകള്‍ ഉണര്‍ന്നു വരുന്നു എന്നതാണ് എന്റെ അനുഭവം. അടച്ചാക്ഷേപിക്കാന്‍ മാത്രമായി അതില്‍ ഗവേഷണം നടത്തുന്നവര്‍ക്കും സ്വയം മന:സ്സാക്ഷിക്കുത്തുണ്ടാവാതെ അതു ചെയ്യാന്‍ കഴിയില്ല. എത്ര നിശിതമായ വിമര്‍ശനങ്ങള്‍ക്കും ചില മറുവശങ്ങള്‍ കാണിച്ചു കൊടുക്കുന്ന ഒരു തുറന്ന സമീപനമാണ് ഹൈന്ദവസാഹിത്യങ്ങളുടെ ഒരു സവിശേഷത എന്നെനിക്കു തോന്നുന്നു.
ഉദാഹരണത്തിന് ശ്രീരാമന്‍ ബ്രാഹ്മണരുടെ അഥവാ സവര്‍ണ്ണരുടെ മാത്രം ദൈവവും രാമായണം സവര്‍ണ്ണ മേധാവിത്തത്തെ അരക്കിട്ടുറപ്പിക്കാന്‍ രചിക്കപ്പെട്ട ഗ്രന്ഥവുമാണെന്നതാണ് വളരെ നാളായി കേട്ടുവരുന്ന ഒരു വാദം. പലപ്പോഴും ഇത്തരം വാദങ്ങളുടെ ഉറവിടം അന്വേഷിച്ചു പോയാല്‍ കണ്ടെത്തുന്നത് സത്യസന്ധമായതോ നേരിട്ടുള്ളതോ ആയ ഒരു വിലയിരുത്തലല്ല. പകരം രാഷ്‌ട്രീയ സാമൂഹ്യ ലാക്കുകളോടെ പണ്ടെങ്ങോ ആരൊക്കെയോ പടച്ചു വിട്ടിട്ടുള്ള പ്രചാരണാശയങ്ങളുടെ വെറും ആവര്‍ത്തനം മാത്രമാണ് അവയില്‍ പലതും എന്നുകാണാം. കഴിഞ്ഞ കുറേ തലമുറകളായി ഉണ്ടായി വന്ന സംസ്‌കൃതഭാഷയുടെ അപ്രാപ്യതയും, മാതൃഭാഷ തന്നെ ശരിക്ക് കൈകാര്യം ചെയ്യാന്‍ ഇന്നത്തെ തലമുറയ്‌ക്ക് കഴിയാത്ത സ്ഥിതിയുമെല്ലാം ഇത്തരം വാദങ്ങള്‍ ചോദ്യം ചെയ്യപ്പെടാത്ത ഒരു നില കൈവരിക്കാന്‍ ഇടയാക്കി. ജീവിതത്തിരക്കുകള്‍ക്കിടയില്‍ ഇത്തരം കാര്യങ്ങള്‍ നേരിട്ട് പഠിച്ചു പരിശോധിക്കാനുള്ള അവസരക്കുറവും സ്വന്തം അഭിപ്രായ രൂപീകരണത്തിന് മറ്റുള്ളവരുടെ വിധികളെ സ്വീകരിക്കേണ്ടി വരുന്ന ഈ സ്ഥിതിവിശേഷത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. എങ്കിലും ഇപ്പോള്‍ കുറെയൊരു വ്യത്യാസം ഉണ്ടായി വരുന്നു എന്നു തോന്നുന്നു. ആധുനിക സാങ്കേതികവിദ്യകള്‍ നല്‍കുന്ന സൗകര്യങ്ങള്‍ രാമായണത്തെ പോലുള്ള പൗരാണിക ഗ്രന്ഥങ്ങളെ അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ കോര്‍പറേറ്റ് ഓഫീസുകളിലെ കംപ്യൂട്ടറുകളില്‍ വരെ എത്തിച്ചിരിക്കുന്നു. വായിക്കാന്‍ പറ്റുന്നവര്‍ക്ക് വായിക്കാം. കേള്‍ക്കാന്‍ സമയമുള്ളവര്‍ക്ക് കേട്ടു മനസ്സിലാക്കാം.
അദ്ധ്യാത്മ രാമായണം തുറന്നു വായിക്കുന്ന എന്റെ മനസ്സില്‍ ആദ്യം കടന്നുവരുന്നത് ഇതെഴുതിയ തുഞ്ചത്തെഴുത്തച്ഛന്റെ ചിത്രമാണ്. മലയാളത്തിന്റെ പിതാവ് എന്നു കൊണ്ടാടപ്പെടുന്ന ഈ മഹാപുരുഷന്‍ സാമൂഹ്യവ്യവസ്ഥയില്‍ ശൂദ്രന്‍ എന്ന് നിശ്ചയിക്കപ്പെട്ട ഒരു സമുദായത്തിലെ അംഗമായിരുന്നു എന്ന കാര്യം രാമായണത്തെ സവര്‍ണ്ണ സാഹിത്യമായി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവരോ അതേറ്റു പാടി നടക്കുന്ന അഭിനവ ചിന്തകന്മാരോ ശ്രദ്ധിച്ചിട്ടുണ്ടോ ? വേദാധികാരം ഇല്ലാത്ത (അന്നത്തെ സാമൂഹ്യ വ്യവസ്ഥയനുസരിച്ച്) താന്‍ ശ്രീരാമകഥ പാടാന്‍ തുടങ്ങുകയാണ് എന്ന പ്രസ്താവത്തോടെയാണ് എഴുത്തച്ഛന്‍ രാമായണം ആരംഭിക്കുന്നത് !
പിന്നീട് വാല്‍മീകിയായി മാറിയ രത്‌നാകരന്‍ എന്ന ഒരു വനവാസിയുടെ കൃതിയാണ് ആദിമ രാമായണം തന്നെ. രാഷ്‌ട്രീയ ലാക്കോടെയുള്ള ദുഷ്പ്രചാരണവും അതിന്റെ അന്ധമായ അനുസന്ധാനവും നമ്മെ സത്യത്തില്‍ നിന്ന് എത്രമാത്രം അകറ്റിക്കൊണ്ട് പോകുന്നു എന്നതിന്റെ ഏറ്റവും ലളിതമായ ഒരുദാഹരണമാണിത്. ഇത്തരം ഒരു ‘അധ:കൃത’സാഹിത്യം ആയിരക്കണക്കിന് വര്‍ഷങ്ങളായി ഒരു രാഷ്‌ട്രത്തിലെ ജനതയുടെ ജീവിതപ്രവാഹത്തില്‍ മുഴുവനായി അലിഞ്ഞു ചേര്‍ന്ന് എല്ലാ മണ്ഡലങ്ങളേയും സ്വാധീനിച്ചു കൊണ്ടിരിക്കുന്നു എന്നത് ഒരു നിസ്സാരകാര്യമാണോ ? ഇതിനെ സവര്‍ണ്ണസാഹിത്യം എന്നുവിളിക്കുന്നതില്‍ പരം അസത്യം മറ്റെന്തുണ്ട് ? ആയിരക്കണക്കിന് ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും രംഗവേദികളിലും ഈ സാഹിത്യം പുന:പാരായണം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. നൃത്തം സംഗീതം ശില്പം തുടങ്ങിയ കലകളിലൂടെ പുനരാവിഷ്‌ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. എണ്ണമറ്റ മഹാപുരുഷന്‍മാര്‍ ഈ വരികളിലൂടെ തങ്ങളുടെ ജീവിതലക്ഷ്യം കണ്ടെത്തി ധന്യരായി.
അദ്ധ്യാത്മരാമായണത്തില്‍ അങ്ങോളമിങ്ങോളം ഈശ്വരാവതാരമായ രാമനെ പറ്റിയുള്ള സ്തുതികള്‍ കാണാം. ഇവയില്‍ ഏതെങ്കിലും ഒന്നെങ്കിലും വായിക്കുന്നവര്‍ക്ക് കിട്ടുന്നത് ഈശ്വരന്‍ എന്ന ഭാരതീയ സങ്കല്‍പ്പത്തിന്റെ അത്യന്ത മധുരമായ ഒരു ചിത്രമാണ്. സൃഷ്ടിയില്‍ നിന്നന്യമായി നിന്നുകൊണ്ട് ഒരു ചെങ്കോലും പിടിച്ച് ഭരണം നടത്തുകയും, തന്റെ സൃഷ്ടിയില്‍ നിന്ന് നിരുപാധികമായ വിധേയത്വം ആവശ്യപ്പെടുകയും ചെയ്യുന്ന ഏകാധിപതിയായ ഒരു ദൈവത്തിന്റെ ചിത്രത്തില്‍ നിന്ന് എത്രയോ വ്യത്യസ്തമായി എല്ലാറ്റിലും സമമായും, സ്‌നേഹ സ്വരൂപമായും, മധുര സ്വരൂപമായും വര്‍ത്തിക്കുന്ന നമ്മുടെ ഏറ്റവും അടുത്തു നില്‍ക്കുന്ന ഒരു ഗുരുവും സ്‌നേഹിതനും രക്ഷിതാവും വഴികാട്ടിയും ഒക്കെയായ ഈശ്വരനെ രാമായണത്തില്‍ കാണാം. രാമായണം വായിക്കുന്ന ആര്‍ക്കും അതില്‍ തെളിയുന്ന ഈശ്വരനോട് ഭയമല്ല ഉളവാകുന്നത്, മറിച്ച് മനുഷ്യമനസ്സിന് കണ്ടെത്താവുന്ന ഏറ്റവും മനോഹരമായ വികാരങ്ങളാണ്. സര്‍വ്വശക്തനും, ഏകനും, പരിപൂര്‍ണ്ണനും ഒക്കെയായ ഈശ്വരന്‍ ഇവിടെ ചുറ്റുമുള്ള മനുഷ്യജീവിതങ്ങളെ മാധുര്യത്തിന്റെ പരകോടിയിലേക്കുയര്‍ത്താന്‍ ഒരു മനുഷ്യവേഷം കെട്ടി ലീലയാടുന്നു. സച്ചിദാനന്ദസത്തയെ മകനായും, ജ്യേഷ്ഠനായും, സഖാവായും, ഭര്‍ത്താവായും, സ്വാമിയായും, ഗുരുവായും, ഭഗവാനായും ഒക്കെ കണ്ടുകൊണ്ട് ആ ലീലയില്‍ പങ്കുപറ്റി ആനന്ദിക്കാന്‍ തന്റെ സൃഷ്ടങ്ങളെ അനുഗ്രഹിക്കുന്ന കാരുണ്യമൂര്‍ത്തിയെ നാമിവിടെ കാണുന്നു. ശാപമോക്ഷം പ്രതീക്ഷിച്ച് പതിതയായി ശിലയായി കഴിയുന്ന അഹല്യയ്‌ക്ക് തന്റെ പാദസ്പര്‍ശനം കൊടുത്തശേഷം വണങ്ങുന്ന ശ്രീരാമനെ കാണാം. അഭയം തേടുന്ന ഭക്തയായ മുനിപത്‌നിയെ വണങ്ങി ആദരിക്കുന്ന ഈശ്വരന്‍ ! മനുഷ്യര്‍ തമ്മിലുള്ള സാമൂഹ്യ ബന്ധങ്ങള്‍ക്കും കുലീനമായ ഇടപെടലിനും സ്വയം മാതൃക കാട്ടുന്ന ഈശ്വരന്‍ ! മറ്റേത് വിശ്വാസ സംഹിതയിലുണ്ട് ഈശ്വരനെക്കുറിച്ച് ഇത്ര മഹത്തായ, മാതൃകാപരമായ ഒരു സങ്കല്‍പ്പം ? ഈശ്വരന്‍ എന്നത് സൃഷ്ടിയില്‍ നിന്നന്യമായി മറ്റെവിടെയോ മറഞ്ഞിരിക്കുന്ന ഒരു സത്വമല്ല, മറിച്ച് സൃഷ്ടിയില്‍ ആകമാനം ഉള്‍ച്ചേര്‍ന്നിരിക്കുന്ന ചൈതന്യം തന്നെയാണെന്നും അവന്‍ തന്നെയാണ് ഓരോ ജീവന്റെയുള്ളിലും ‘ഞാന്‍’ എന്ന ഭാവത്തോടെ പ്രത്യക്ഷമായി ലീലയാടുന്നതെന്നും ഉള്ള മഹാസത്യത്തെ രാമായണം നിരന്തരമായി ഓര്‍മ്മിപ്പിക്കുന്നു. ബാലകാണ്ഡത്തിലെ അഹല്യാ സ്തുതിയില്‍ കാണുന്ന ഈശ്വരസങ്കല്‍പ്പമിതാ
പുരുഷന്‍ പുരാതനന്‍ കേവലസ്സ്വയംജ്യോതി
സകല ചരാചര ഗുരുകാരുണ്യമൂര്‍ത്തി
ജഗദാശ്രയം ഭവാന്‍ ജഗത്തായതും ഭവാന്‍
ജഗതാമാദി ഭൂതനായതും ഭവാനല്ലോ
പുറത്തുമകത്തുമെല്ലാടവുമൊക്കെ നിറ
ഞ്ഞിരിക്കുന്നതു നിത്യം നിന്തിരുവടിയല്ലോ
ശുദ്ധനദ്വയന്‍ സമന്‍ നിത്യന്‍ നിര്‍മ്മലനേകന്‍
ബുദ്ധനവ്യക്തന്‍ ശാന്തനസംഗന്‍ നിരാകാരന്‍
സത്വാദിഗുണത്രയയുക്തയാം ശക്തിയുക്തന്‍
സത്വങ്ങളുള്ളില്‍ വാഴും ജീവാത്മാവായ നാഥന്‍
അദ്വൈതവും ഭക്തിയോഗവും സൃഷ്ടി സ്ഥിതി സംഹാര തത്വവും ഒക്കെ രാമായണത്തിലെ അനവധി സ്തുതികളിലൂടെ ഇങ്ങനെ കടന്നു വരുന്നു. ഈ ഈശ്വരസങ്കല്‍പ്പം മനുഷ്യനെ ശാന്തനും സ്വസ്ഥനും ദയാലുവുമാക്കി മാറ്റാന്‍ പര്യാപ്തമാണ്. ഇത്തരം ആത്യന്തികവും നിരുപാധികവുമായ സമദര്‍ശനം ഉയര്‍ത്തിപ്പിടിക്കുന്ന രാമായണം ചൂഷണത്തിനും വിഭാഗീയതയ്‌ക്കും വളം വയ്‌ക്കുന്നതാണെന്ന ചില കേന്ദ്രങ്ങളുടെ പ്രചരണം കുറച്ചെങ്കിലും ചെലവാകുന്നത് അനുവാചകര്‍ ഇത്തരം ഗ്രന്ഥങ്ങളെ നേരിട്ട് സമീപിക്കാന്‍ ശ്രമിക്കാത്തതു കൊണ്ടാണ്. ആ അലസതയാണ് ദുഷ്പ്രചാരണം ചെയ്യുന്നവര്‍ക്ക് പ്രചോദനമേകുന്നത്.
പുരാണങ്ങളില്‍ കാണുന്ന ഈശ്വരാവതാരങ്ങള്‍ കേവലം അധര്‍മ്മികളെ കൊന്നൊടുക്കാന്‍ വരുന്ന വീരനായകന്മാരല്ല. അവരില്‍ പലരേയും ഈശ്വരന്‍ കൊല്ലുകയല്ല സംഹരിയ്‌ക്കുകയാണ് ചെയ്യുന്നത്. സംഹാരം എന്നാല്‍ പൂര്‍ണ്ണമായ തിരിച്ചെടുക്കല്‍ എന്നര്‍ത്ഥം. അവരിലെ കര്‍മ്മബന്ധം ഒടുങ്ങിക്കഴിഞ്ഞവര്‍ക്ക് ഭഗവാന്റെ കൈകൊണ്ടുള്ള മരണം മോക്ഷത്തിലേക്കുള്ള വഴിയാണ്. അതിദുര്‍ലഭമായ പരമാനുഗ്രഹമാണ് അവര്‍ക്ക് ലഭിക്കുന്നത് ! സാധാരണ നിലയ്‌ക്ക് നീണ്ട തപസ്സും മറ്റ് ആദ്ധ്യാത്മിക സാധനകളും കൊണ്ട് നേടിയെടുക്കേണ്ടുന്ന ഒന്നാണ് മോക്ഷപദം. ഈശ്വരന്റെ അവതാരം അധര്‍മ്മികള്‍ക്കു പോലും പരമപുരുഷാര്‍ഥ പ്രാപ്തിക്കുള്ള അവസരമായി തീരുന്നു. പുരാണങ്ങളിലെ അവതാരങ്ങള്‍ കോപവും പരാക്രമവും ഒക്കെ കാട്ടുന്നതായി വര്‍ണ്ണിക്കുന്ന എണ്ണമറ്റ സംഭവങ്ങളില്‍ ഒടുവില്‍ അജ്ഞതയും മദവും കൊണ്ടു മത്തുപിടിച്ച ദുഷ്ടന്മാര്‍ അഹങ്കാരം നഷ്ടപ്പെട്ട് പൂര്‍ണ്ണമായി അടിയറവ് പറഞ്ഞു കഴിയുമ്പോള്‍ ഭഗവാന്‍ പുഞ്ചിരിതൂകി പ്രസന്നവദനനായി അനുഗ്രഹിക്കുന്നതും കാണാം. ഈശ്വരന്റെ കോപവും ശാപവും താഡനവും എല്ലാം അവിടുന്ന് ആവിഷ്‌ക്കരിച്ചിരിക്കുന്ന ഈ പ്രപഞ്ചനാടകത്തിലെ വെറും ലീലകള്‍ മാത്രമാണ് എന്നു നാം ഒടുവില്‍ കണ്ടെത്തുന്നു. അസൂയാലുവും പ്രതികാരദാഹിയും അധികാരപ്രമത്തനുമായ ഒരീശ്വരസങ്കല്‍പ്പം ആത്യന്തികമായി ഹിന്ദുധര്‍മ്മത്തിന് അന്യമാണ്.
ജാതിയെയും പദവിയെയും സാമ്പത്തിനെയും ഒക്കെ ചൊല്ലിയുള്ള മിഥ്യാഭിമാനം എത്ര അര്‍ഥശൂന്യമാണെന്ന് ഈ വരികളിലൂടെ എഴുത്തച്ഛന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ബ്രാഹ്മണോഹം നരേന്ദ്രോഹമാഡ്യോഹമെ
ന്നാമ്രേഡിതം കലര്‍ന്നിടും ദശാന്തരേ
ജന്തുക്കള്‍ ഭക്ഷിച്ചു കാഷ്ഠിച്ചു പോകിലാം
വെന്തു വെണ്ണീറായ് ചമഞ്ഞു പോയീടലാം (ലക്ഷ്മണോപദേശം)
നിര്‍ലജ്ജമായി പ്രചരിപ്പിക്കാറുള്ള മറ്റൊരു നുണയാണ് ഭാരതമെങ്ങും വൈഷ്ണവരും ശൈവരും തമ്മില്‍ കീരിയും പാമ്പും പോലെ ശത്രുതയിലായിരുന്നു എന്നുള്ളത്. ഇവര്‍ തമ്മില്‍ നിരന്തരം സംഘട്ടനങ്ങള്‍ നടന്നിരുന്നുവത്രേ. ഇതെവിടെയാണ് രേഖപ്പെടുത്തി വച്ചിരിക്കുന്നത് ? ഏത് ആധികാരിക ഗ്രന്ഥത്തില്‍ നിന്നാണ് ഇതിനുള്ള തെളിവുകള്‍ അവര്‍ക്ക് കിട്ടിയത് ? നമ്മുടെ പുരാണേതിഹാസങ്ങളെ കേവലം അജ്ഞത കൊണ്ടോ രാഷ്‌ട്രീയ മത സ്ഥാപിതതാല്‍പ്പര്യങ്ങള്‍ കൊണ്ടോ ദുര്‍വ്യാഖ്യാനം ചെയ്ത് പ്രചരിപ്പിച്ച കള്ളക്കഥകളില്‍ പെട്ട ഒന്നാണ് ഇതും.
വൈഷ്ണവ സമ്പ്രദായത്തിലെ ഒരു പ്രധാന മൂര്‍ത്തിയാണല്ലോ രാമന്‍. ഉത്തരേന്ത്യന്‍ ആര്യദൈവമാണെന്നും ആരോപണമുണ്ട്. അദ്ധ്യാത്മ രാമായണം രചിച്ചിരിക്കുന്നത് ഉമാമഹേശ്വര സംവാദ രൂപത്തിലാണ്. അതായത് ശ്രീപരമേശ്വരന്‍ പാര്‍വതിക്ക് ശ്രീരാമന്റെ കഥ പറഞ്ഞു കൊടുക്കുന്നു ! മേല്‍പ്പറഞ്ഞ ശൈവ വൈഷ്ണവ സംഘര്‍ഷക്കാരുടെ ദൃഷ്ടിയില്‍ രാമനെ അധിക്ഷേപിച്ചും താറടിച്ചും കാണിക്കാനും തങ്ങളുടെ മഹത്വത്തെ ഉദ്‌ഘോഷിക്കാനും ശിവനും ശൈവര്‍ക്കും കിട്ടിയ സുവര്‍ണ്ണാവസരം. എന്നിട്ടെന്തുണ്ടായി ? രാമന്റെ അത്യന്ത മനോഹരമായ സ്തുതികളാണ് ശിവന്‍ വര്‍ണ്ണിക്കുന്ന ശ്രീരാമകഥയില്‍ അങ്ങോളമിങ്ങോളം. പോരാഞ്ഞിട്ടോ താന്‍ തന്നെയാണ് രാമന്‍ എന്നുകൂടി വ്യക്തമായി ശിവന്‍ പറയുന്നു !
മുല്പാടു മഹേശനെത്തപസ്സുചെയ്തു സന്തോ-
ഷിപ്പിച്ചു ഞങ്ങള്‍മുമ്പില്‍ പ്രത്യക്ഷനായനേരം,
ഭേദവിഭ്രമം തീര്‍ത്തു സംസാരവൃക്ഷമൂല-
ച്ഛേദനകുഠാരമായ് ഭവിക്ക ഭവാനിതി
പ്രാര്‍ത്ഥിച്ചു ഞങ്ങള്‍ മഹാദേവനോടതുമൂല-
മോര്‍ത്തരുള്‍ചെയ്തു പരമേശ്വരനതുനേരം:
യാമിനീചരന്മാരായ് ജനിക്ക നിങ്ങളിനി
രാമനായവതരിച്ചീടുവന്‍ ഞാനും ഭൂമൗ.
രാക്ഷസദേഹന്മാരാം നിങ്ങളെ ഛേദിച്ചന്നു
മോക്ഷവും തന്നീടുവനില്ല സംശയമേതും.
എന്നരുള്‍ചെയ്തു പരമേശ്വരനതുമൂലം
നിര്‍ണ്ണയം മഹാദേവനായതും രഘുപതി. (ഖരദൂഷണന്‍മാര്‍ക്കു മോക്ഷം)
അപ്പോള്‍ ഇത് ശൈവര്‍ക്കു മേല്‍ വൈഷ്ണവ മഹത്വം ഉദ്‌ഘോഷിക്കുന്ന ഒരു കൃതിയാണോ ? ക്ഷമിക്കൂ. ഒരല്‍പ്പം കൂടി മുന്നോട്ടു പോകൂ. ശ്രീപരമേശ്വരനെ പൂജിക്കുന്ന രാമനെ യുദ്ധകാണ്ഡത്തില്‍ കാണാം. ഇതിന്റെയൊന്നും പേരില്‍ ദൈവനിന്ദാ കുറ്റമാരോപിച്ച് വൈഷ്ണവരോ ശൈവരോ എഴുത്തച്ഛന്റെ കൈവെട്ടിയില്ല ! ചേരിതിരിഞ്ഞ് ആക്രമിച്ചില്ല. പരസ്പരം ആരാധനാലയങ്ങള്‍ തല്ലിപ്പൊളിച്ചില്ല. മറിച്ച് ഈ രാമായണത്തെ കേരളത്തിലെ വൈഷ്ണവരും ശൈവരുമായ ആബാലവൃദ്ധം ജനങ്ങളും ഒരുപോലെ നെഞ്ചേറ്റുകയാണുണ്ടായത്. ‘മതവിദ്വേഷം കൊണ്ട് പരസ്പരം പോരടിച്ചു കൊണ്ടിരുന്നവര്‍’ എന്നത് വിദേശികള്‍ തുടക്കമിട്ടതും പിന്നീട് അവരെ പിന്‍പറ്റിക്കൊണ്ട് ഇടതു ബുദ്ധിജീവികള്‍ വ്യാപകമായി പ്രചരിപ്പിച്ചതുമായ രാഷ്‌ട്രീയനുണ മാത്രമാണ്. ഹിന്ദുധര്‍മ്മ വിശ്വാസികള്‍ക്ക് എഴുത്തച്ഛന്‍ പറഞ്ഞതില്‍ പുതുമയൊന്നും കാണാന്‍ കഴിഞ്ഞില്ല എന്നതാണു വാസ്തവം. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ധര്‍മ്മ ശാസ്ത്രങ്ങളില്‍ ഒട്ടനവധി തവണ ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്ന ‘ഏകം സത്’ എന്ന തത്വദര്‍ശനം ആവര്‍ത്തിക്കുക മാത്രമായിരുന്നു എഴുത്തച്ഛന്‍ ചെയ്തത്. അപ്പോള്‍ ആരുടെ മനസ്സിലാണ് യഥാര്‍ഥത്തില്‍ വക്രത ? വിഭാഗീയത ? വീക്ഷണ വൈകല്യം ?
രാമായണത്തെ പറ്റി കേള്‍ക്കുന്നവര്‍ക്ക് അതിലെ പ്രധാന കഥാപാത്രങ്ങളായി കടന്നു വരുന്ന ഹനുമാനും ബാലിയും സുഗ്രീവനും ഉള്‍പ്പെടുന്ന വാനര പ്രമുഖന്മാരെയും വലിയ വാനര സൈന്യത്തേയും ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. ശ്രീരാമന്റെ ദാസന്മാരായി രാമായണത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ വാനരന്മാര്‍ യഥാര്‍ഥത്തില്‍ അക്കാലത്തെ നിരക്ഷരരും സാമൂഹ്യമായി അധ:കൃതരുമായിരുന്ന വനവാസികളായിരുന്നു എന്നാണ് ചില ബുദ്ധിജീവി നാട്യക്കാര്‍ പ്രചരിപ്പിച്ച കണ്ടുപിടിത്തം. ഉത്തരേന്ത്യന്‍ ആര്യനായിരുന്ന രാമന്‍ തെക്കേ ഇന്‍ഡ്യന്‍ ദ്രാവിഡനായിരുന്ന രാവണനോട് ഏറ്റുമുട്ടാന്‍ കൂട്ടുപിടിച്ച താഴ്ന്ന ജാതിക്കാരായ വനവാസികള്‍ ! അവരെ മനുഷ്യരായിപ്പോലും കണക്കാക്കാന്‍ തയ്യാറാകാത്ത വിധം ഔദ്ധത്യമുണ്ടായിരുന്ന ആര്യസംസ്‌ക്കാരം അവരെ വാനരന്മാരായി ചിത്രീകരിക്കുകയായിരുന്നത്രെ ! ഇപ്പോള്‍ തകര്‍ന്നടിഞ്ഞു കഴിഞ്ഞിരിക്കുന്ന ആര്യ-ദ്രാവിഡ വിവാദത്തിലേക്ക് തല്‍ക്കാലം ഇവിടെ കടക്കുന്നില്ല. എന്നാല്‍ ‘താഴ്ന്ന ജാതിക്കാരായ വനവാസികളെ ചിത്രീകരിക്കാന്‍ സവര്‍ണ്ണരും നാഗരികരും ആയ മേലാളന്മാര്‍ ഉപയോഗിച്ച ഒരു ഇകഴ്‌ത്തല്‍ സങ്കല്പമാണ് വാനരസൈന്യം’ എന്ന സിദ്ധാന്തം ചിലരെയെങ്കിലും ചിന്താക്കുഴപ്പത്തിലാക്കും. അങ്ങനെയെങ്കില്‍ വീണ്ടും രാമായണ വരികളിലൂടെ ഒന്നു കണ്ണോടിക്കൂ. രാമായണത്തിന്റെ തുടക്കത്തില്‍ രാക്ഷസന്മാരുടെ അക്രമത്തില്‍ സഹികെട്ട് ഭൂഭാരം കുറയ്‌ക്കാനായി മഹാവിഷ്ണുവിനെ സമീപിയ്‌ക്കുന്ന ദേവന്മാരോട് മഹാവിഷ്ണു ഇങ്ങനെ അരുളിചെയ്യുന്നു:-
യോഗമായാദേവിയും ജനകാലയേ വന്നു
കീകസാത്മജകുല നാശകാരിണിയായി
മേദിനിതന്നിലയോനിജയായുണ്ടായ് വരു-
മാദിതേയന്‍മാര്‍ കപിവീരരായ് പിറക്കേണം
പിന്നീട് ദേവന്മാരെ ആശ്വസിപ്പിച്ചു കൊണ്ട് ബ്രഹ്മാവ് ഇതേകാര്യം ആവര്‍ത്തിച്ചു പറയുന്നു
‘ദാനവാരാതി കരുണാനിധി ലക്ഷ്മീപതി
മാനവപ്രവരനായ് വന്നവതരിച്ചീടും
വാസരാധീശാന്വയേ സാദരമയോദ്ധ്യയില്‍
വാസവാദികളായ നിങ്ങളുമൊന്നുവേണം
വാസുദേവനെപ്പരിചരിച്ചു കൊള്‍വാനായി
ദാസഭാവേന ഭൂമിമണ്ഡലേ പിറക്കണം
മാനിയാം ദശാനനഭൃത്യന്മാരാകും യാതു-
ധാനവീരന്മാരോടു യുദ്ധം ചെയ് വതിന്നോരോ
കാനനഗിരിഗുഹാദ്വാരവൃക്ഷങ്ങള്‍തോറും
വാനരപ്രവരന്‍മാരായേതും വൈകീടാതെ’
അതായത് രാമായണത്തിലെ വാനരന്മാര്‍ മനുഷ്യരേക്കാള്‍ ഉയര്‍ന്നവരാണ്. ദേവന്മാരുടെ അവതാരങ്ങളായിട്ടാണ് അവരെ ചിത്രീകരിച്ചിരിക്കുന്നത് എന്നതാണ് വസ്തുത. അവരിലെ പ്രമുഖനായ ശ്രീ ആഞ്ജനേയ സ്വാമി, ഭക്തിയുടേയും, ശക്തിയുടേയും, ബുദ്ധിയുടെയും, നയചാതുര്യത്തിന്റെയും ഒക്കെ ഉത്തമ ദൃഷ്ടാന്തമായിട്ടാണ് രാമായണത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. അദ്ദേഹം ഈശ്വരനാണ്. അനേകം ഭക്തരുടെ ഉപാസനാ മൂര്‍ത്തിയാണ്. ശ്രീരാമൈക്യം നേടിയ ബ്രഹ്മജ്ഞാനിയാണ്. എന്നാല്‍ മറ്റുള്ളവരെ കുരങ്ങന്‍ എന്നു വിളിച്ചാക്ഷേപിക്കുന്ന ഒരു സംസ്‌ക്കാരം വൈദേശികമായ ചില മതഗ്രന്ഥങ്ങളില്‍ ഉണ്ട് എന്നതാണ് ശ്രദ്ധിക്കേണ്ട ഒരു വസ്തുത. ഒരുപക്ഷേ തങ്ങള്‍ക്കു കൂടുതല്‍ പരിചയമുള്ള ഗ്രന്ഥങ്ങളിലെ ഈ ഒരു അധിക്ഷേപ രീതി അബോധതലത്തില്‍ ഉണ്ടായിരുന്നതു കൊണ്ടാവാം ഭാരതീയ സങ്കല്‍പ്പങ്ങള്‍ക്കു പിന്നിലും അതേ ചേതോവികാരം തേടാന്‍ പാശ്ചാത്യരായ ബുദ്ധിജീവികള്‍ തയ്യാറായത്. കഥയറിയാതെ ആട്ടം കാണുന്ന ഇന്നാട്ടിലെ ചില ബുദ്ധിജീവികളും ഇതെല്ലാം അതേപടി ഏറ്റുപാടി നടക്കുന്നു.
‘പൗലസ്ത്യ പുത്രനാം ബ്രാഹ്മണാഢ്യന്‍ ഭവാന്‍
ത്രൈലോക്യ സമ്മതന്‍ ഘോര തപോധനന്‍’ (രാവണ ശുകസംവാദം)
‘പൗലസ്ത്യനായ കുബേര സഹോദരന്‍
ത്രൈലോക്യവന്ദ്യനാം പുണ്യജനാധിപന്‍
സാമവേദജ്ഞന്‍ സമസ്തവിദ്യാലയന്‍
വാമദേവാധിവാസാത്മാ ജിതേന്ദ്രിയന്‍
വേദവിദ്യാവ്രതസ്‌നാനപരായണന്‍
ബോധവാന്‍ ഭാര്‍ഗ്ഗവശിഷ്യന്‍ വിനയവാന്‍’ (ശുപാര്‍ശ്വന്റെ ഉപദേശം)
രാവണനെ ദുഷ്‌ക്കര്‍മ്മങ്ങളില്‍ നിന്ന് പിന്തിരിപ്പിയ്‌ക്കാന്‍, അനുചരന്മാര്‍ അദ്ദേഹത്തിന്റെ മഹിമകള്‍ ഓര്‍മ്മിപ്പിയ്‌ക്കുന്ന ഭാഗങ്ങളാണ് മുകളിലുള്ളത്. ഇടതു ബുദ്ധിജീവികള്‍ ദ്രാവിഡനും, ദളിതനും, ചൂഷിതനും ഒക്കെയായി ചിത്രീകരിയ്‌ക്കുന്ന രാവണന്‍, യഥാര്‍ഥത്തില്‍ ഇതിനെല്ലാം മറുവശത്താണ് എന്നതാണ് യാഥാര്‍ഥ്യം. ഇടതു ലിബറലുകളുടെ കഥയനുസരിച്ച് ആര്യന്‍ അധിനിവേശത്തിന്റെ ഫലമായി ഭാരതത്തിന്റെ തെക്ക് ഭാഗത്തേക്ക് പലായനം ചെയ്ത തദ്ദേശീയ വംശജരാണത്രേ ദ്രാവിഡര്‍. ആര്യന്മാരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നത്രേ ചാതുര്‍വര്‍ണ്യവും, വേദങ്ങളും, സംസ്‌കൃതവും ഒക്കെ. എന്നാല്‍ ഇവിടെ രാവണനെ ശുകന്‍ അഭിസംബോധന ചെയ്യുന്നത് ബ്രാഹ്മണാഢ്യന്‍ എന്നാണ്. പോരാ, സാമവേദജ്ഞന്‍, വേദവിദ്യാ പരായണന്‍, ആര്യമഹാരഥനായ പരശുരാമന്റെ ശിഷ്യന്‍ എന്നൊക്കെയാണ്. ദളിതന്‍ എന്നതിനര്‍ത്ഥം തകര്‍ക്കപ്പെട്ടവന്‍ (സാമ്പത്തികമായും, സമൂഹ്യമായും) എന്നാണ്. എന്നാല്‍ രാമായണത്തിലെ രാവണന്‍ സ്വര്‍ണ്ണമയിയായ ലങ്കയുടെ അധിപതിയാണ്. ചക്രവര്‍ത്തിയാണ്. ശത്രുക്കളെ തകര്‍ക്കുന്നവനാണ്. വലിയ സൈനിക ശക്തിയ്‌ക്ക് ഉടമയാണ്. കുബേരന്റെ വിശിഷ്ട സമ്പത്തെല്ലാം കൈയ്യടക്കി വച്ചിരിയ്‌ക്കുന്ന രാക്ഷസ പ്രഭുവാണ്. വേദദൈവമായ രുദ്രന്റെ ഏറ്റവും വലിയ ഭക്തനാണ്. ലിബറലുകളും മിഷണറിമാരും പ്രചരിപ്പിയ്‌ക്കുന്ന ആര്യ-ദ്രാവിഡ സിദ്ധാന്തം വലിയൊരു നുണയാണ് എന്നാണ് ഇത് കാണിയ്‌ക്കുന്നത്. ദ്രാവിഡം എന്ന വാക്കിന് തെക്കന്‍ ദേശം എന്നു മാത്രമാണ് അര്‍ത്ഥം. എല്ലാ ഹൈന്ദവ സാഹിത്യങ്ങളിലും അതേ അര്‍ത്ഥത്തിലാണ് ആ വാക്ക് ഉപയോഗിച്ചിരിയ്‌ക്കുന്നത്. വംശീയമായ അര്‍ത്ഥം അതിനില്ല. ആര്യന്‍ എന്ന പദം ദിശാസൂചിയോ വംശസൂചിയോ അല്ല. ശ്രേഷ്ഠന്‍ എന്നു മാത്രമാണ് അതിനര്‍ത്ഥം. അതായത് ദ്രാവിഡനായ ആര്യന്‍ അഥവാ തെക്കന്‍ ദേശക്കാരനായ ശ്രേഷ്ഠന്‍ ഉണ്ടാവാം. ഉദാഹരണം ശ്രീശങ്കരാചാര്യര്‍ (സൗന്ദര്യ ലഹരിയില്‍ ദ്രാവിഡ ശിശു എന്നദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നു), അയ്യപ്പസ്വാമി (ആര്യന്‍ കേരളന്‍ എന്നദ്ദേഹം അറിയപ്പെട്ടിരുന്നു). രാവണന്‍ തെക്കന്‍ ദേശക്കാരന്‍ എന്ന നിലയ്‌ക്ക് ദ്രാവിഡനാണ്. എന്നാല്‍ വേദജ്ഞനായിട്ടും ശ്രേഷ്ഠഗുണങ്ങള്‍ നേടാത്തതിനാല്‍ ആര്യനായില്ല.
കേരളത്തിലെ അതിവേഗം മാറി വരുന്ന രാഷ്‌ട്രീയ സാഹചര്യത്തില്‍ ഇനിയൊരു പക്ഷേ കാര്യങ്ങള്‍ നേരെ തിരിഞ്ഞുകൂടാ എന്നുമില്ല. ഒരിക്കല്‍ ബൂര്‍ഷ്വാസിയും, പിന്തിരിപ്പനും ഒക്കെയായി ചിത്രീകരിക്കപ്പെട്ടിരുന്ന പല ബിംബങ്ങളെയും കടമെടുത്ത് തങ്ങളുടെ പോസ്റ്റര്‍ ഐക്കണുകള്‍ ആക്കാന്‍ വിപ്ലവപാര്‍ട്ടികള്‍ മല്‍സരിക്കുന്ന കാഴ്ചയാണ് ഇന്നിപ്പോള്‍ കാണുന്നത്. ആര്‍ക്കറിയാം സാമൂഹ്യ പരിഷ്‌ക്കര്‍ത്താവായ രാമനെ എതിര്‍ക്കാന്‍ പുറപ്പെട്ട ബ്രാഹ്മണ മേധാവിത്ത വാദിയായ പരശുരാമന്‍ യഥാര്‍ഥത്തില്‍ പിന്തിരിഞ്ഞത് ചെങ്കൊടിയേന്തി രാമനെ അനുഗമിച്ചിരുന്ന ചെമ്പട സഖാക്കളെ കണ്ടിട്ടാണ് എന്നുവരെ നാളെ രാമായണത്തില്‍ നിന്ന് ചിലര്‍ കണ്ടെത്തിയേക്കാം !
വെണ്‍കൊറ്റക്കുട തഴ വെഞ്ചാമരങ്ങളോടും
തിങ്കള്‍ മണ്ഡലം തൊഴുമാലവട്ടങ്ങളോടും
ചെങ്കൊടിക്കൂറകള്‍ കൊണ്ടങ്കിത ധ്വജങ്ങളും
കുങ്കുമ മലയജ കസ്തൂരി ഗന്ധത്തോടും
നടന്നു വിരവോടു മൂന്നുയോജനവഴി
കടന്ന നേരം കണ്ടു ദുര്‍നിമിത്തങ്ങളെല്ലാം (പരശുരാമ സമാഗമം)
ഏതായാലും അനുസന്ധാനം ചെയ്യുന്ന എല്ലാവര്‍ക്കും രാമായണത്തില്‍ നിന്ന് ആനന്ദം ലഭിക്കും. അതില്‍ യാതൊരു സംശയവുമില്ല.
കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: