ഇരിട്ടി: പേരാവൂര്‍ മണ്ഡലത്തിലെ രണ്ടിടങ്ങളിലായി നിര്‍ദ്ദനര്‍ക്കായി സേവാഭാരതി നിര്‍മ്മിച്ച രണ്ടു വീടുകളുടെ താക്കോല്‍ ദാന കര്‍മ്മം ഇന്നലെ നടന്നു. 2018 ലെ പ്രളയത്തില്‍ വീട് തകര്‍ന്ന അണുങ്ങോടെ ടി. ദീപ, തിരുവോണപ്പുറത്തെ നാണിയമ്മ എന്നിവരുടെ കുടുംബങ്ങള്‍ക്കായി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാന കര്‍മ്മമാണ് ഇന്നലെ നടന്നത്.
വാടകവീട്ടിലായിരുന്നു ദീപ താമസിച്ചു വന്നിരുന്നത് . 2018ലെ പ്രളയത്തില്‍ വീട്ടില്‍ വെള്ളം കയറി വീട്ടുപകരണങ്ങളും വസ്ത്രങ്ങളുമടക്കം ഒഴുകിപ്പോവുകയും നശിച്ചു പോവുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ദീപയുടെ സഹപാഠികള്‍ ഉള്‍പ്പെട്ട മണത്തണ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 99 എസ്എസ്എല്‍സി ബാച്ചിന്റെ നേതൃത്വത്തില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടണ്ടാക്കി വീട് നിര്‍മ്മിച്ച് നല്‍കാനുള്ള ശ്രമം ആരംഭിക്കുകയും കുറച്ച് പണം സ്വരൂപിക്കുകയും ചെയ്തു.
വീട് നിര്‍മ്മാണത്തിനായി ദീപയുടെ സഹപാഠി ഷെറിന്‍ പീറ്റര്‍ സൗജന്യമായി ഭൂമി നല്‍കുകയും ചെയ്തു. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമാകുകയും പ്രവര്‍ത്തിക്ക് പല പ്രതിബന്ധങ്ങളും നേരിടുകയും ചെയ്തതോടെ ഇവര്‍ സേവാഭാരതിയുടെ സഹായം തേടുകയായിരുന്നു. പ്രവര്‍ത്തി പൂര്‍ണ്ണമായും ഏറ്റെടുത്ത സേവാഭാരതി നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. റോഡോ മതിയായ വഴിയോ ഇല്ലാത്ത വീട് നിര്‍മ്മാണ സ്ഥലത്തേക്ക് സേവാഭാരതി പ്രവര്‍ത്തകര്‍ പൂര്‍ണ്ണ മനസ്സോടെയുള്ള സൗജന്യ സേവനത്തിലൂടെയാണ് നിര്‍മ്മാണ സാമഗ്രികള്‍ എത്തിച്ചു നല്‍കിയതും വീട് പൂര്‍ത്തിയാക്കുകയും ചെയ്തത്. വേക്കളം, മണത്തണ, പേരാവൂര്‍ ഭാഗങ്ങളില്‍ നിന്നുമുള്ള സ്വയം സേവകരും സേവാഭാരതി പ്രവര്‍ത്തകരുമാണ് സന്നദ്ധ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.
ദീപയുടെ കുടുംബത്തിനായി കണിച്ചാര്‍ പഞ്ചായത്തിലെ അണുങ്ങോട് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനകര്‍മ്മം ആര്‍എസ്എസ് വിഭാഗ് സംഘ ചാലക് അഡ്വ. പി.കെ. ശ്രീനിവാസന്‍ നിര്‍വഹിച്ചു. ആര്‍എസ്എസ് പ്രാന്ത കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി മുഖ്യാതിഥിയായിരുന്നു. ആര്‍എസ്എസ് വിഭാഗ് സഹ കാര്യവാഹ് ഒ. രാഗേഷ്, ജില്ലാ കാര്യവാഹ് കെ. ശ്രീജേഷ്, സേവാഭാരതി കണ്ണൂര്‍ ജില്ലാ സിക്രട്ടറി എം. രാജീവന്‍, സേവാഭാരതി പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഭാസ്‌കരന്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ ബേബി സോജ, ചന്ദ്രന്‍ വേക്കളം, ലിജോ ജോസ്, കെ.എസ്. രാധാകൃഷ്ണന്‍, ജനാര്‍ദ്ദനന്‍, 99 എസ്എസ്എല്‍സി ബാച്ച് വാട്ട്‌സ് ആപ് കൂട്ടായ്മ പ്രതിനിധി എന്‍. ഹരിഹരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സേവാഭാരതി തിരുവോണപ്പുറം ഗ്രാമസേവാ സമിതിയുടെ നേതൃത്വത്തില്‍ പേരാവൂര്‍ പഞ്ചായത്തിലെ തിരുവോണപ്പുറത്തെ നാണിയമ്മയ്‌ക്കും മകള്‍ക്കും തലചായ്‌ക്കാനൊരിടം എന്ന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചു നല്‍കിയ ഭവനത്തിന്റ താക്കോല്‍ ദാനം രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ വിഭാഗ് സംഘ ചാലക് അഡ്വ. പി .കെ. ശ്രീനിവാസന്‍ നിര്‍വഹിച്ചു. ആര്‍എസ്എസ് പ്രാന്ത കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി മുഖ്യാതിഥി ആയിരുന്നു.
പ്രായം 80 കഴിഞ്ഞ നാണിയമ്മക്കും കാന്‍സര്‍ രോഗിയായ മകള്‍ക്കും സ്വന്തമായി ഒരു വീടില്ലായിരുന്നു. സുമനസുകളുടെ സഹായത്താല്‍ വാടക വീട്ടിലാണ് അവര്‍ ഇതുവരെ കഴിഞ്ഞിരുന്നത്. വീട് നിര്‍മിക്കാന്‍ സ്വന്തമായി സ്ഥലമില്ലാത്ത ഇവരുടെ നിസ്സഹായാവസ്ഥ കണ്ട് തിരുവോണപ്പുറം സ്വദേശിയായ മാധവന്‍പിള്ള മൂന്നു സെന്റ് സ്ഥലം അവര്‍ക്ക് ദാനമായി നല്‍കി. വീടു നി
ര്‍മാണ പ്രവൃത്തികള്‍ക്ക് സര്‍ക്കാര്‍ സഹായമഭ്യര്‍ത്ഥിച്ച് അവര്‍ ബന്ധപ്പെട്ട അധികാരികളെ സമീപിച്ചെങ്കിലും സഹായമൊന്നും ലഭിച്ചില്ല. സ്വന്തമായി വീടുനിര്‍മാണത്തിനുള്ള പണം കണ്ടെണ്ടത്താനാവാത്തതിനെ തുടര്‍ന്ന് നാണിയമ്മ സേവാഭാരതിയെ സമീപിക്കുകയായിരുന്നു.
വിഭാഗ് സഹകാര്യവാഹ് ഒ.രാഗേഷ്, ജില്ലാ കാര്യവാഹ് കെ. ശ്രീജേഷ്, സേവാഭാരതി കണ്ണൂര്‍ ജില്ലാ സിക്രട്ടറി എം. രാജീവന്‍, സേവാഭാരതി പേരാവൂര്‍ പഞ്ചായത്ത് യൂണിറ്റ് പ്രസിഡന്റ് ഭാസ്‌കര്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍മാരായ കെ.നൂറുദ്ദീന്‍, ബേബി സോജ, ഗ്രാമസേവാസമിതി അംഗം പി. ആര്‍. നിഖില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
2019 പ്രളയത്തില്‍ പേരാവൂര്‍ മണ്ഡലത്തില്‍ തകര്‍ന്ന 6 കുടുംബങ്ങള്‍ക്കുള്ള വീടുകള്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച് നല്‍കിയിരുന്നു. വിളക്കോട് സേവാഭാരതിയുടെയും ഗ്രാമസേവാ സമിതിയുടെയും നേതൃത്വത്തില്‍ ഒരു നിര്‍ദ്ധന കുടുംബത്തിനായി നിര്‍മ്മിക്കുന്ന വീടിന്റെ പ്രവര്‍ത്തി അവസാന ഘട്ടത്തിലാണ്. അടുത്തു തന്നെ ഇതിന്റെ താക്കോല്‍ കൈമാറാനാകും എന്നാണ് കരുതുന്നത്.
മീത്തലെ പുന്നാട് ഇവിടുത്തെ ആദിവാസി കുടുംബത്തിനായി സേവാഭാരതിയും ഗ്രാമസേവാസമിതിയും ചേര്‍ന്ന് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മവും പായത്ത് മറ്റൊരു കുടുംബത്തിനായി നിര്‍മ്മിക്കുന്ന വീടിന്റെയും പ്രവര്‍ത്തികളും പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: