കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള റോഡ് ദേശീയപാതയായി ഉയര്‍ത്താമെന്ന് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്‍കിയതോടെ വഴിയൊരുങ്ങുന്നത് ജില്ലയുടെ വികസനക്കുതിപ്പിന്. കഴിഞ്ഞ ഏഴ് വര്‍ഷക്കാലത്തിനിടയില്‍ ജില്ലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച നിരവധി പദ്ധതികളുടെ തുടര്‍ച്ചയായി ജില്ലയുടെ വികസനത്തിന് നരേന്ദ്ര മോദി സര്‍ക്കാരിന്റെ മറ്റൊരു സംഭാവന കൂടിയായി മാറുകയാണ് വിമാനത്താവള റോഡ് ദേശീയപാതയാക്കുമെന്ന പ്രഖ്യാപനം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനു മുന്നേ മേലേചൊവ്വ-മട്ടന്നൂര്‍-കൂട്ടുപുഴ-വളവുപാറ-മാക്കൂട്ടം-വിരാജ്പേട്ട-മടിക്കേരി-മൈസൂരു റോഡ് ദേശീയപാതയായി ഉയര്‍ത്തുന്ന തീരുമാനത്തിന് ദേശീയപാത വിഭാഗം തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു.
ഇതിന്റെ ഭാഗമായി സര്‍വേ നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഈ തീരുമാനം മരവിപ്പിച്ചതോടെ കണ്ണൂര്‍ ജില്ലയിലൂടെ കടന്നുപോകുന്ന റോഡിന്റെ ഭാഗം മരാമത്ത് വകുപ്പിനു കീഴിലെ മേജര്‍ ഡിസ്ട്രിക്ട് റോഡ് മാത്രമായി ചുരുങ്ങി. ഇതോടെ റോഡ് വികസനവും നിലച്ചു. റോഡിന്റെ കാര്യത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ജില്ലയിലെ വന്‍ വികസന പദ്ധതികളെ ഇത് ദോഷകരമായി ബാധിക്കുമെന്നിരിക്കേയാണ് കഴിഞ്ഞ ദിവസം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി റോഡ് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
റോഡ് ദേശീയ പാതയായി മാറുന്നതോടെ കണ്ണൂര്‍ വിമാനത്താവളത്തിനു മാത്രമല്ല, അഴീക്കല്‍ തുറമുഖത്തിനും വന്‍ നേട്ടമാകും. കാര്‍ഗോ കോംപ്ലക്സ് സജ്ജമായ വിമാനത്താവളത്തില്‍ നിന്നും കപ്പല്‍ സര്‍വീസ് ആരംഭിച്ച അഴീക്കലില്‍ നിന്നുമുള്ള ചരക്കുനീക്കത്തിന് ദേശീയപാത കൂടി യാഥാര്‍ത്ഥ്യമായാല്‍ വന്‍ നേട്ടമാകും. കുടക് ഭാഗത്തു നിന്നു കാപ്പി ഉള്‍പ്പെടെയുള്ളവ അഴീക്കലില്‍ എത്തിക്കുന്നതിന് പ്രധാന തടസ്സം റോഡിന്റെ പരിമിതിയായിരുന്നു.
കണ്ടെയ്നര്‍ ലോറികള്‍ക്കു കൂടി സുഗമമായി കടന്നുവരാന്‍ പറ്റുന്ന രീതിയില്‍ റോഡ് വികസനം പൂര്‍ത്തിയാവുന്നതോടെ അഴീക്കലിലേക്ക് വീരാജ്പേട്ട, കുടക് മേഖലയില്‍ നിന്നുള്ള ഉല്പന്നങ്ങള് സുഗമമായി എത്തിക്കാന്‍ സാധിക്കും. മലനാട് റിവര്‍ ക്രൂസ് പദ്ധതി ഉള്‍പ്പെടെ വന്‍കിട വിനോദസഞ്ചാര പദ്ധതികള്‍ ഒരുങ്ങുന്ന കണ്ണൂരിലേക്ക് കര്‍ണാടകയില്‍ നിന്നു കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നതിനും റോഡ് സഹായിക്കും. മൈസൂര്‍, കുടക് മേഖലയില്‍ വിദേശ- ഇതര സംസ്ഥാന സഞ്ചാരികള്‍ക്കും കണ്ണൂര്‍ കൂടി സന്ദര്‍ശിക്കാനുള്ള പ്രേരണയാകും ഈ ദേശീയപാത.
2014ല്‍ ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റതു മുതല്‍ മലബാറിന് പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയ്ക്ക് നിരവധി വികസന പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. തീര്‍ത്ഥാടക ടൂറിസം പദ്ധതി, ദേശീയ ജലപാത പദ്ധതി തുടങ്ങി നിരവധി പദ്ധതികളുടെ ഭാഗമായി വിവിധ വികസന പദ്ധതികള്‍ ജില്ലയില്‍ നടപ്പിലാക്കുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചയാണ് ദേശീയപാതയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: