കൊച്ചി: കടകള്‍ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങള്‍ എല്ലാ ദിവസവും തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അടുത്ത വ്യാഴാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. നയപരമായ തീരുമാനമാണ് വേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.
കച്ചവട സ്ഥാപനങ്ങള്‍ തുറക്കുകയെന്നത് ഗൗരവമുള്ള വിഷയമാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കാന്‍ സ്ഥാപനങ്ങളെ അനുവദിക്കണം, ഹൈക്കോടതി പറഞ്ഞു. വസ്ത്ര വ്യാപാരശാലകളും ജൂവലറികളും ദിവസവും തുറക്കാന്‍ അനുമതി തേടി കേരള ടെക്സ്റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്സ് ഡീലേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി കെ. കൃഷ്ണന്, നവാബ് ജാന്‍ എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ടി.ആര്. രവിയുടെ നിര്‍ദേശം.
സ്ഥാപനങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടാല്‍ അവ അടപ്പിക്കണം. ഒരു പരിധി വരെ ഇതിന് പോലീസിന്റെ ഇടപെടല്‍ വേണ്ടിവരും. സംസ്ഥാനത്ത് ആള്‍ക്കൂട്ട നിയന്ത്രണം ഫലപ്രദമല്ല. സാമൂഹ്യഅകലം പാലിക്കുന്നില്ല. കൊവിഡ് പ്രതിരോധമെന്നതു മാസ്ക് ധരിക്കല്‍ മാത്രമായി മാറി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിശ്ചയിക്കുന്നതില്‍ അപാകമുണ്ടോയെന്നു സംശയമുണ്ട്. രോഗലക്ഷണങ്ങളുള്ളവരെയല്ലേ പരിശോധിക്കുന്നുള്ളൂവെന്നും നിര്‍ബന്ധപൂര്‍വം ടെസ്റ്റ് നടത്തുന്നുണ്ടോയെന്നും ഹൈക്കോടതി ആരാഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എങ്ങനെയാണ് നിശ്ചയിക്കുന്നതെന്ന് അറിയിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ വിശദീകരണം തേടി ഹര്‍ജി 22ലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: