കോഴിക്കോട്: സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ എയ്ഡഡ് സ്കൂള്‍ അധ്യാപക തസ്തികയില്‍ നിയമനത്തിന് ചില മാനേജ്മെന്റുകള്‍ ലേലംവിളി തുടങ്ങി. സ്ത്രീധന ഇടപാടുപോലെ, നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ് കോഴയെങ്കിലും നിയമനങ്ങളില്‍ കോഴ വാങ്ങല്‍ തകൃതിയാണ്. അധ്യാപക നിയമനത്തില്‍ രഹസ്യ ഇടപാടുകള്‍ തുടങ്ങിക്കഴിഞ്ഞു. സര്‍ക്കാരിലും എയ്ഡഡ് മേഖലയിലുമായി 7000ല്‍പരം ഒഴിവുകളില്‍ നിയമനം നടത്താനാണ് കഴിഞ്ഞ മാസം 29ന് പിണറായി സര്‍ക്കാര്‍ തീരുമാനമെടുത്തത്. 3716 ഒഴിവുകളാണ് സര്‍ക്കാര്‍ സ്കൂളുകളില്‍. അതിനെക്കാള്‍ കൂടുതലാണ് എയ്ഡഡ് മേഖലയില്‍.
യോഗ്യതയ്ക്ക് പുറമേ കോഴയാണ് എയ്ഡഡ് മേഖലയില്‍ മാനേജ്മെന്റുകള്‍ മാനദണ്ഡമാക്കുന്നതെന്ന് ആക്ഷേപങ്ങളേറെയാണ്. ചില യുപി സ്കൂളുകളില്‍ 30 ലക്ഷം മുതല്‍ 35 ലക്ഷം രൂപ വരെയാണ് മാനേജ്മെന്റ് നിയമനത്തിന് ഉദ്യോഗാര്‍ഥികളില്‍നിന്ന് ആവശ്യപ്പെടുന്നതെന്നാണ് പുതിയ വിവരം. ഹയര്‍ സെക്കന്‍ഡറിയില്‍ 40 ലക്ഷം മുതല്‍ മുകളിലേക്കാണ്. കൊവിഡ് പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍, തൊഴിലുറപ്പിക്കാന്‍ പണമുള്ളവര്‍ ലേലംവിളി നടത്തുകയാണ് ഇപ്പോള്‍. യോഗ്യതയുണ്ടായിട്ടും പണമില്ലാത്തതിനാല്‍ ജോലി കിട്ടാത്ത സാഹചര്യമാണ് ഇത്തവണ.
സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് പ്രോത്സാഹനമെന്ന് മുദ്രാവാക്യം പ്രചരിപ്പിച്ച പിണറായി സര്‍ക്കാര്‍, എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകളെ നിയന്ത്രിക്കാനും നിയമനം സര്‍ക്കാര്‍ ഏറ്റെടുക്കാനും മടിക്കില്ലെന്ന് വീരവാദവും മുഴക്കിയിരുന്നു. എന്നാല്‍, മാനേജ്മെന്റുകളുമായി നടത്തിയ രാഷ്ട്രീയ – സാമ്പത്തിക ഒത്തുതീര്പ്പുകളെത്തുടര്ന്ന് ഭരണകക്ഷിയായ സിപിഎമ്മിന്റെ താല്‍പ്പര്യ പ്രകാരമാണ് നിയമന അനുമതി എന്നാണ് വിവരം.
എയ്ഡഡ് സ്കൂളുകളിലെ നിയമനം പിഎസ്സിക്ക് വിടണമെന്ന് വിവിധ യുവജന സംഘടനകള്‍ നിയമസഭാ സമിതിയോട് ആവശ്യപ്പെട്ടിരുന്നു. 2019ല്‍ ഒരു പൊതുപ്രവര്ത്തകന് എയ്ഡഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് വ്യക്തമാക്കിയത് എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനങ്ങള്‍ പിഎസ്സിക്ക് വിടില്ലെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: