കൊച്ചി: സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകളുടെ എണ്ണം വളരെക്കുറവാണെന്നും, അയല്‍സംസ്ഥാനങ്ങളില്‍ ഇതിനേക്കാള്‍ മദ്യശാലകളുണ്ടല്ലോ എന്നും ഹൈക്കോടതിയുടെ നിരീക്ഷണം. അയല്‍സംസ്ഥാനങ്ങളില്‍ രണ്ടായിരം മദ്യവില്‍പ്പനശാലകളുള്ളപ്പോള്‍ കേരളത്തില്‍ 300 എണ്ണം മാത്രമാണ് ഉള്ളത്. ചെറിയ പ്രദേശമായ മാഹിയില്‍ ഇതിനേക്കാള്‍ കൂടുതല്‍ മദ്യഷാപ്പുകളുണ്ട്. എണ്ണം കുറവായ സ്ഥിതിക്ക്, മദ്യവില്‍പ്പന ശാലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂട്ടാന്‍ നടപടിയെടുത്തുകൂടേ എന്നും ഹൈക്കോടതി ചോദിച്ചു. സംസ്ഥാനത്തെ ബവ്റിജസ് ഔട്ട്ലെറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങളില്‍ ഓഡിറ്റ് നടത്തുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി.
സംസ്ഥാനത്തെ ബവ്റിജസ് ഔട്ട്ലെറ്റുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടികളെടുത്തെന്നും എക്സൈസ് കമ്മീഷണര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. വന്‍ തിരക്കും മണിക്കൂറുകള്‍ നീളുന്ന ക്യൂവും ഉണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയ ഹൈക്കോടതി പരിസരത്തുള്ള ഔട്ട്ലെറ്റും, തൃശ്ശൂര്‍ കുറുപ്പം റോഡിലുള്ള ബവ്റിജസ് ഔട്ട്ലെറ്റും പൂട്ടിയതായി ബെവ്കോ കോടതിയെ അറിയിച്ചു. ബെവ്കോ ഇതുവരെ സ്വീകരിച്ച നടപടികളില്‍ സംതൃപ്തിയെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് അറിയിച്ചു.
മദ്യവില്‍പ്പന ഔട്ട്ലറ്റുകള്‍ക്ക് മുന്നില്‍ വന്‍ ആള്‍ക്കൂട്ടമുണ്ടാകുന്നതിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചതിനെത്തുടര്‍ന്ന് അടിയന്തരമായി ജീവനക്കാര്‍ക്ക് ബെവ്കോ സര്‍ക്കുലര്‍ നല്‍കിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജീവനക്കാര്‍ക്ക് ബെവ്കോ നിര്‍ദേശം നല്കി. ആള്‍ക്കൂട്ടം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കുലറില്‍ ബെവ്കോ പറയുന്നു.
ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ബെവ്കോ മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശങ്ങള്‍ ഇത്തരത്തിലായിരുന്നു- ഔട്ട്ലറ്റുകളില് കൗണ്ടറുകളുടെ എണ്ണം കൂട്ടണം. അനൗണ്‍സ്മെന്റ് നടത്തണം. ടോക്കണ്‍ സമ്പ്രദായം നടപ്പാക്കണം. പോലീസിന്റെ സഹായം തേടണം. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് കുടിവെള്ളം അടക്കമുള്ള സൗകര്യം നല്‍കണം. ആളുകള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ വട്ടം വരച്ച് അതിനകത്ത് മാത്രമേ ആളുകളെ നിര്‍ത്താവൂ. നിയന്ത്രിക്കാന്‍ പൊലീസ് സഹായം ഉറപ്പ് വരുത്താം.
കൗണ്ടറുകളുടെ എണ്ണം കൂട്ടുമ്പോള്‍, നിലവിലുള്ള രണ്ട് കൗണ്ടറുകളുടെ സ്ഥാനത്ത് ആറ് കൗണ്ടറുകള്‍ വേണമെന്നാണ് നിര്‍ദേശം. അടിസ്ഥാന സൗകര്യം കുറവുള്ള ഷോപ്പുകള്‍ മാറ്റണം. 30 ലക്ഷത്തില്‍ കൂടുതല്‍ കച്ചവടം നടക്കുന്ന ഔട്ട്ലറ്റുകളിലെ ഫോട്ടോയും വീഡിയോയും അയക്കണമെന്നും ബെവ്കോ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: