കേരളത്തിന്റെ ഭരണാധിപനാണ് താനെന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന് പലപ്പോഴും മറന്നുപോകുന്നു. രണ്ടാമതും ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാവുകയെന്നത് അസുലഭമായ അവസരമാണല്ലോ. അഞ്ച് വര്‍ഷത്തെ ഭരണപരിചയം ഒരു മുതല്‍ക്കൂട്ടാണ്. കുറവുകള്‍ നികത്താനും, വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനുമുള്ള ശ്രദ്ധയും വിവേകവും ഇതുവഴി ലഭിക്കാതിരിക്കില്ല. പക്ഷേ പിണറായി വിജയന് എന്ന ഭരണാധികാരിയുടെ കാര്യത്തില്‍ ഇങ്ങനെ സംഭവിച്ചു കാണാത്തതില്‍ ഇടതുമുന്നണി സര്‍ക്കാരിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഒന്നുപോലെ അദ്ഭുതപ്പെടുകയാണ്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് കച്ചവട സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും, ഇതു തുടര്‍ന്നാല്‍ കച്ചവടക്കാര്‍ ദുരിതത്തിലാവുമെന്നതിനാല് കടകള്‍ തുറക്കാന്‍ നിര്‍ബന്ധിതരാവുമെന്നും വ്യാപാരികളുടെ സംഘടനാ നേതൃത്വം പ്രഖ്യാപിച്ചതാണ് ഏറ്റവും ഒടുവിലത്തെ പ്രകോപനം. കച്ചവടക്കാരുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു നീക്കമുണ്ടായതോടെ ഒരു ഭരണാധികാരിക്ക് ചേരാത്ത വിധമാണ് മുഖ്യമന്ത്രി അതിനോട് പ്രതികരിച്ചത്. കടകള്‍ തുറക്കണമെന്ന ആവശ്യത്തെക്കുറിച്ച് കളക്ടര്‍ വ്യാപാരി വ്യവസായികളുടെ യോഗം വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞതാണ്. ഒരു ഭരണാധികാരിയില്‍നിന്നു ഉണ്ടാവേണ്ട പ്രതികരണം തന്നെയാണിത്. കൊവിഡ് മഹാമാരി വലിയ ഭീഷണിയായി തുടരുമ്പോള്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്നതിനെക്കുറിച്ച് ആലോചിക്കാതെ തീരുമാനം എടുക്കാനാവില്ല.
പറയാനുള്ളത് പറ ഞ്ഞശേഷം അവിടെ നിര്‍ത്താതെ വ്യാപാരി വ്യവസായികളെ വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. വ്യാപാരികളുടെ വികാരം മനസ്സിലാവുമെന്നും, എന്നാല്‍ മറ്റൊരു രീതിതുടര്‍ന്നാല്‍ നേരിടേണ്ട രീതിയില്‍ നേരിടുമെന്നും, അത് മനസ്സിലാക്കി കളിച്ചാല്‍ മതിയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. തീര്‍ച്ചയായും ഇത് ഒരു ഭീഷണിയുടെ സ്വരമാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടാണ് ഒരാള്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. ആ സ്ഥാനത്തിരുന്നുകൊണ്ട് പെരുമാറുന്നതും ജനാധിപത്യപരമായിരിക്കണം. ഞങ്ങള്‍ പറയും നിങ്ങള്‍ അനുസരിച്ചാല്‍ മതിയെന്ന രീതി ജനാധിപത്യത്തിന്റെതല്ല. പ്രശ്ന പരിഹാരത്തിന് സാധ്യവുമല്ല. ദൗര്‍ഭാഗ്യവശാല്‍ ഇങ്ങനെയാണ് പ്രശ്നങ്ങളോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണങ്ങളും പ്രവര്‍ത്തന രീതികളും. ഒരു ഭരണാധികാരി എത്ര ബുദ്ധിമാനും കഴിവുറ്റയാളുമാണെങ്കിലും തനിക്കു മുന്നില്‍ വരുന്ന എല്ലാ പ്രശ്നങ്ങളുടെയും ശരിതെറ്റുകള്‍ മനസ്സിലാകണമെന്നില്ല. ഇതിനാണ് ഉപദേശകരെയും മറ്റും വയ്ക്കുന്നത്. പിണറായിക്കുമുണ്ട് വേണ്ടതിലേറെ ഉപദേശകര്‍. പക്ഷേ തികഞ്ഞ ഏകാധിപതിയെപ്പോലെ പെരുമാറുന്നതില്‍ ഹരംകൊള്ളുന്ന രീതിയാണ് മുഖ്യമന്ത്രി അവലംബിക്കുന്നത്. ആലോചനയില്ലാതെ സംസാരിക്കുക, കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നാകുമ്പോള് പിന്മാറുക. മുഖ്യമന്ത്രി ഇങ്ങനെ പെരുമാറിയിട്ടുള്ളതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും.
വ്യാപാരികള്‍ ഉന്നയിക്കുന്ന പ്രശ്നം വളരെ ഗൗരവമുള്ളതാണ്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കടകള്‍ അടച്ചിട്ടിരിക്കുന്നത് പലരുടെയും നിലനില്‍പ്പുപോലും അപകടത്തിലാക്കിയിട്ടുണ്ട്. കച്ചവടക്കാരൊക്കെ മുതലാളിമാരാണെന്ന ധാരണ പലര്‍ക്കുമുണ്ട്. ഇത് ശരിയല്ല. കച്ചവടക്കാരില്‍ വലിയൊരു വിഭാഗം പലതരത്തിലുള്ള നീക്കുപോക്കുകള്‍ നടത്തിയാണ് സ്ഥാപനം മുന്നോട്ടുകൊണ്ടുപോകുന്നത്. കൊവിഡ് കാലത്ത് പല വിഭാഗങ്ങള്‍ക്കും നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കുമ്പോള്‍ വ്യാപാരികള്‍ അതിലൊന്നും പെടുന്നില്ല. വാടക, നികുതി, വൈദ്യുതി ചാര്‍ജ് എന്നിവയ്ക്കൊക്കെ ഇളവുകളൊന്നും ലഭിക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് കടകള്‍ തുറക്കാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരാവുന്നത്. മദ്യശാലകളില്‍ പോലും പാഴ്സല്‍ അനുവദിക്കുമ്പോള്‍ ഭക്ഷ്യ വസ്തുക്കളും ആഹാരസാധനങ്ങളും വില്‍ക്കുന്ന കടകള്‍ അടച്ചിടണമെന്ന് ശഠിക്കുന്ന സര്‍ക്കാരിന്റെ യുക്തി ഉള്‍ക്കൊള്ളാവുന്നതല്ല. പ്രശ്നപരിഹാരത്തിന് ബന്ധപ്പെട്ടവരുമായുള്ള ചര്‍ച്ചയാണ് വേണ്ടത്. ജീവന് പോലെ തന്നെ ജീവിതവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വിവിധ വിഭാഗങ്ങള്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ കണക്കിലെടുത്തു വേണം ഇനിയങ്ങോട്ട് മുന്നോട്ടു പോകാന്‍. ജനങ്ങളെ നിയന്ത്രിക്കുകയല്ല, അവരുടെ സഹകരണം ഉറപ്പുവരുത്തുകയാണ് വേണ്ടത്. വ്യാപാരികള്‍ അന്യരാണെന്ന വിചാരം സര്‍ക്കാരിനെ നയിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: