ഇടുക്കി: ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയ്‌ക്ക് റെക്കോഡ് ജയം. 99.38 ആയി വിജയ ശതമാനം ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം ഇത് 99.23 ശതമാനമായിരുന്നു. ആകെ പരീക്ഷയെഴുതിയ 11,267 വിദ്യാര്‍ഥികളില്‍ 11,197 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയപ്പോള്‍ 70 വിദ്യാര്‍ഥികള്‍ പരാജയപ്പെട്ടു.
2,785 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടി. ഇതില്‍ 920 ആണ്‍കുട്ടികളും 1865 പെണ്‍കുട്ടികളുമാണ്. തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 99.35ഉം കട്ടപ്പനയില്‍ 99.4ഉം ആണ് വിജയ ശതമാനം. 5824 ആണ്‍കുട്ടികളും 5443 പെണ്‍കുട്ടികളുമാണ് ജില്ലയില്‍ പരീക്ഷ എഴുതിയത്. ഇതില്‍ 5774 ആണ്‍കുട്ടികളും 5423 പെണ്‍കുട്ടികളും ഉപരിപഠനത്തിന് യോഗ്യത നേടി.
കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷ എഴുതിയ 6363 വിദ്യാര്‍ഥികളില്‍ 6325 പേരും തൊടുപുഴയില്‍ പരീക്ഷ എഴുതിയ 4904ല്‍ 4872 പേരും ഉപരിപഠനത്തിന് യോഗ്യരായി. തൊടുപുഴയില്‍ 429 ആണ്‍കുട്ടികള്‍ക്കും 926 പെണ്‍കുട്ടികള്‍ക്കും കട്ടപ്പനയില്‍ 491 ആണ്‍കുട്ടികള്‍ക്കും 939 പെണ്‍കുട്ടികള്‍ക്കും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.
എസ്‌സി വിഭാഗത്തില്‍ പരീക്ഷയെഴുതിയ 1468 വിദ്യാര്‍ത്ഥികളില്‍ 1452 പേര്‍ വിജയിച്ചു.എസ്ടി വിഭാഗത്തില്‍ 619 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 595 പേരും വിജയിച്ചു.
നൂറ് മേനി 123 സ്‌കൂളുകള്‍ക്ക്
ജില്ലയില്‍ നൂറ് ശതമാനം വിജയം നേടിയത് 123 സ്‌കൂളുകള്‍. ഇവയില്‍ 54 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും 59 എണ്ണം എയ്ഡഡും പത്തെണ്ണം അണ്‍ എയ്ഡഡുമാണ്. ഏറ്റവുമധികം വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി 83 ഫുള്‍ എ പ്ലസുകളുമായി 100 ശതമാനം വിജയം നേടി കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജില്ലയില്‍ വീണ്ടും ഒന്നാമത്. ഈ വര്‍ഷം 356 വിദ്യാര്‍ത്ഥികളാണ് കല്ലാര്‍ സ്‌കൂളില്‍ പരീക്ഷ എഴുതിയത്. 177 ആണ്‍കുട്ടികളും 179 പെണ്‍കുട്ടികളും. ഇവരില്‍ 44 പേര്‍ ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവരുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക