ഇടുക്കി: റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവിന്റെ മറവില്‍ പട്ടയഭൂമിയില്‍ നിന്ന് വ്യാപകമായി മരം മുറിച്ച സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൊമ്പ് കോര്‍ക്കുന്നു. വിഷയത്തില്‍ കര്‍കര്‍ക്കെതിരെ കേസെടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ പലതവണ നിര്‍ദേശം നല്‍കിയിട്ടും നടപടി സ്വീകരിക്കാത്ത സെക്ഷന്‍ ഓഫീസര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി.
ഈ സംഭവത്തില്‍ സെക്ഷന്‍ ഓഫീസര്‍മാര്‍ ഡിഎഫ്ഒയെ നേരില്‍ കണ്ട് തന്നെ വിഷയത്തില്‍ കേസെടുക്കാനാകില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇത് ചെവികൊള്ളാതെ വീണ്ടും വീണ്ടും ഉത്തരവിറക്കുകയാണ് ഉന്നത ഉദ്യോഗസ്ഥര്‍.
നേര്യമംഗലം റേഞ്ചിന്റെ അധികചുമതല വഹിക്കുന്ന ദേവികുളം റേഞ്ചര്‍ ബി. അരുണ്‍ മഹാരാജയാണ് വിഷയത്തില്‍ വാളറ, നരിയംപാറ, ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ചര്‍മാര്‍ക്ക് കത്ത് നല്‍കിയത്. കേസെടുക്കാന്‍ നിരവധി തവണ കര്‍ശന നിര്‍ദേശം നല്‍കിയിട്ടും ഇത് അനുസരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ലെന്നും ഇതിനുള്ള കാരണം വ്യക്തമാക്കണമെന്നും നോട്ടീസില്‍ പറയുന്നു. വിഷയത്തില്‍ ഇവര്‍ മറുപടി നല്‍കിയതായാണ് ലഭിക്കുന്ന വിവരം.
പട്ടയഭൂമിയില്‍ നിന്ന് തേക്ക്, ഈട്ടി തുടങ്ങിയ രാജകീയ മരങ്ങള്‍ പട്ടയ വ്യവസ്ഥ ലംഘിച്ച് ഉത്തരവിന്റെ മറവില്‍ മുറിച്ച കര്‍ഷകര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡിഎഫ്ഒമാര്‍ റേഞ്ച് ഓഫീസര്‍മാര്‍ക്കു കത്ത് നല്‍കിയിരുന്നു. ഇവര്‍ താഴെ തട്ടിലേക്കും നിര്‍ദേശം നല്കി. എന്നാല്‍ ഈ വിഷയം കോടതിയില്‍ നിലനില്‍ക്കില്ലെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥര്‍ കേസെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. റവന്യൂ വകുപ്പ് നല്കിയ പട്ടയഭൂമിയിലെ മരങ്ങളുടെ വിവരം പ്രകാരമാണ് മരം മുറിക്കാനും മറ്റൊരിടത്തേക്ക് കൊണ്ടുപോകാനും പാസ് നല്‍കിയത്. ഈ വിഷയത്തില്‍ പാസ് നല്കിയ ശേഷം അതേ ഉദ്യോഗസ്ഥര്‍ തന്നെ കേസെടുത്താല്‍ അത് വലിയ നിയമക്കുരുക്കായി മാറും. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാല്‍ എല്ലാം കര്‍ഷകരുടെ വീഴ്ചയാണെന്ന് കാട്ടി തടിയൂരാനാണ് വനംവകുപ്പ് ഉന്നതരുടെ ശ്രമം. എന്നാല്‍ ഇതില്‍ ബലിയാടാകുക താഴെ തട്ടിലെ ഉദ്യോഗസ്ഥരാകും. ഉന്നത ഉദ്യോഗസ്ഥര്‍ മുകള്‍ തട്ടില്‍ നിന്ന് താഴേക്ക് നല്കിയ നിര്‍ദേശം എല്ലാവരും പരസ്പരം വെച്ച് കൈയൊഴിയുകയാണ്.
പലയിടത്തും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ട് നിന്നുള്ള മരം മുറിയും ഇതിനിടെ നടന്നിട്ടുണ്ട്. ഇത്തരത്തില്‍ കേസെടുത്താല്‍ അതടക്കം പുറത്തുവരുമെന്ന് ഭയവും ഉദ്യോഗസ്ഥര്‍ക്കുണ്ട്. അടിമാലി റേഞ്ചിന് കീഴില്‍ മുക്കുടം, മങ്കുവ, പൊന്മുടി മേഖലകളില്‍ ഉത്തരവിന്റെ മറവില്‍ വ്യാപക മരംകൊള്ള നടന്നിതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: