കേരളത്തിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ ഓരോ മലയാളിക്കും സന്തോഷവും അഭിമാനവും പകരുന്നതാണ്. അധികാരത്തുടര്‍ച്ച ലഭിച്ച് വീണ്ടും മുഖ്യമന്ത്രിയായശേഷം പിണറായി വിജയന്‍ ദല്‍ഹിയിലെത്തി നടത്തിയ ആദ്യ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഈ ഉറപ്പു നല്‍കിയത്. കേരളം മുന്നോട്ടുവച്ച വ്യത്യസ്ത വികസന പദ്ധതികളുടെ കാര്യത്തിലെല്ലാം അനുകൂല നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്ന് കൂടിക്കാഴ്ചയ്‌ക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി തന്നെ വിശദീകരിക്കുകയും ചെയ്തു. വളരെ സൗഹാര്‍ദപരമായ അന്തരീക്ഷത്തിലാണ് കൂടിക്കാഴ്ച നടന്നത്. വീണ്ടും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന പിണറായിക്ക് തന്നെ പൊന്നാട അണിയിക്കാന്‍ അവകാശമുണ്ടെന്നു പറയുകയും, ആ ചടങ്ങിന്റെ ചിത്രമെടുക്കാന്‍ ഔദ്യോഗിക ഫോട്ടോഗ്രാഫറെ അനുവദിക്കുകയും ചെയ്തത് ഇതിന് തെളിവാണ്. കൊവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഇത്തരമൊരു ചടങ്ങിന് പ്രത്യേകം അനുവാദം ചോദിച്ചത്. കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ജിഎസ്ടി നഷ്ടപരിഹാര തുക അടിയന്തരമായി നല്‍കണമെന്നും, വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ ഈ മാസം തന്നെ കൂടുതല്‍ ഡോസ് അനുവദിക്കണമെന്നുമുള്ള ആവശ്യങ്ങളോട് പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നു. ചുരുക്കത്തില്‍ കേരളം മുന്നോട്ടുവച്ച ആവശ്യങ്ങളില്‍ ഒന്നിനോടുപോലും നിഷേധാത്മക സമീപനമല്ല കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്.
നീണ്ട കടല്‍ത്തീരമുള്ളതിനാല്‍ കടല്‍വഴിയുള്ള ജലഗതാഗതം പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത് കേരളത്തോടുള്ള സവിശേഷ ശ്രദ്ധയും താല്‍പ്പര്യവുമാണ് പ്രകടമാക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ ഈ മനോഭാവം പലയാവര്‍ത്തി മോദി പ്രകടിപ്പിച്ചിട്ടുമുണ്ട്. അപ്പോഴൊക്കെ ഗുജറാത്ത് മോഡലിനെ രാഷ്‌ട്രീയ പ്രേരിതമായി അപലപിച്ച് ശത്രുതാപരമായ അന്തരീക്ഷം കുത്തിപ്പൊക്കുകയാണ് പിണറായി വിജയന്റെ പാര്‍ട്ടി അടക്കമുള്ളവര്‍ ചെയ്തത്. മോദിയുടെ കീഴില്‍ ഗുജറാത്ത് കൈവരിച്ച വികസനത്തെക്കുറിച്ച് അറിയാന്‍ ആ സംസ്ഥാനം സന്ദര്‍ശിച്ച മന്തിമാര്‍ പോലും വിമര്‍ശിക്കപ്പെട്ടു. ഗുജറാത്തിനോട് മോദി കാണിച്ച താല്‍പ്പര്യം കേരളത്തിലെ ഭരണാധികാരികള്‍ക്ക് സ്വന്തം സംസ്ഥാനത്തോട് ഉണ്ടായില്ല. ഇക്കാര്യത്തില്‍ അവര്‍ തികച്ചും ഭാവനാശൂന്യരായിരുന്നു. വികസനത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ച് അധികാരത്തിലും അഴിമതിയിലും മാത്രമാണ് കേരളത്തിലെ ഭരണാധികാരികള്‍ താല്‍പ്പര്യം കാണിച്ചത്. കേരളത്തിന് അനുയോജ്യമായ വികസന മാതൃക എന്താണെന്നതിനെക്കുറിച്ച് ശരിയായ ചര്‍ച്ച ഇവിടെ നടന്നില്ല. ഒരു പാല്‍ സംസ്‌കരണ യൂണിറ്റുപോലും ഇവിടെയില്ലെന്നും, തമിഴ്‌നാട്ടില്‍ കൊണ്ടുപോയാണ് ഇത് ചെയ്യുന്നതെന്നും കൊവിഡ് കാലത്ത് ജനങ്ങള്‍ തിരിച്ചറിയുകയുണ്ടായി. ഇന്നത്തെ പ്രതിപക്ഷം ഭരണത്തിലിരിക്കുമ്പോള്‍ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയോട് സിപിഎം സ്വീകരിച്ച ശത്രുതാപരമായ നിലപാടും, പിന്നീട് അധികാരത്തില്‍ വന്നപ്പോള്‍ പ്രധാനമന്ത്രി മോദിയുടെ കര്‍ക്കശമായ സമീപനത്തെ തുടര്‍ന്ന് ഈ നിലപാട് കയ്യൊഴിഞ്ഞതുമൊക്കെ എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണയോടെ പൂര്‍ത്തിയാക്കിയ ഗെയില്‍ പദ്ധതിയെക്കുറിച്ചാണല്ലോ ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ അഭിമാനംകൊള്ളുന്നത്!
രാഷ്‌ട്രീയം വേറെയാണെങ്കിലും വികസന വിഷയവുമായി അതൊരിക്കലും കൂട്ടിക്കുഴക്കില്ലെന്നും, കേരളത്തിന്റെ വികസനം തന്റെ സ്വപ്‌നം കൂടിയാണെന്നുമാണ് ഇപ്പോഴത്തെ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മോദി മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞത്. 2014 ല്‍ പ്രധാനമന്ത്രിയായി അധികാരത്തില്‍ വന്നതുമുതല്‍ ഇതാണ് മോദി സര്‍ക്കാരിന്റെ നിലപാട്. കക്ഷി രാഷ്‌ട്രീയത്തിനതീതമായ ഈ വികസന കാഴ്ചപ്പാട് സ്വീകരിക്കാന്‍ കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്ക് കഴിയാതെ പോയി. മോദി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കേരളം യുഡിഎഫ് ഭരണത്തിലായിരുന്നു. പിന്നീട് എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോഴും വികസനത്തിന്റെ കാര്യത്തില്‍ വളരെ ഉദാരമായ സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. കേരളത്തിന്റെ ന്യായമായ ഒരാവശ്യത്തിനു നേര്‍ക്കും കേന്ദ്രം വാതില്‍ കൊട്ടിയടച്ചില്ല. പക്ഷേ ഒന്നാം പിണറായി സര്‍ക്കാര്‍ ബോധപൂര്‍വം തന്നെ കേന്ദ്ര വിരുദ്ധ വികാരം വളര്‍ത്തുകയായിരുന്നു. കേന്ദ്ര പദ്ധതികളെയും സാമ്പത്തിക സഹായങ്ങളെയും അംഗീകരിച്ചാല്‍ കേരളത്തില്‍ ബിജെപിക്ക് രാഷ്‌ട്രീയമായി ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് സിപിഎമ്മിനെയും ഇടതുമുന്നണി സര്‍ക്കാരിനെയും നയിച്ചത്. കിഫ്ബിയുടെയും മറ്റും കാര്യത്തില്‍ തങ്ങള്‍ക്ക് ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായി പ്രവര്‍ത്തിക്കാന്‍ അനുവാദം വേണമെന്ന് വാശിപിടിക്കുകയായിരുന്നുവല്ലോ പിണറായി സര്‍ക്കാര്‍. അന്നത്തെ ധനമന്ത്രി തോമസ് ഐസക്ക് ഇക്കാര്യത്തില്‍ വില്ലനെപ്പോലെ പ്രവര്‍ത്തിച്ചു. വികസനകാര്യത്തില്‍ പിണറായി സര്‍ക്കാരിന് വീണ്ടുവിചാരമുണ്ടാവുന്നുവെങ്കില്‍ അത് സ്വാഗതാര്‍ഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: