പുതിയ കേന്ദ്രമന്ത്രി സഭാ പുന:സംഘടനയ്ക്കൊപ്പം സഹകരണ മന്ത്രാലയം സ്ഥാപിച്ചത് ചില പുതിയ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. നേരത്തെ ബാങ്കിങ് റഗുലേഷന് നിയമം ഭേദഗതി ചെയ്ത് സഹകരണ ബാങ്കുകള്‍ക്കു കൂടി ബാധകമാക്കിയതും ഇതിനോട് ചേര്‍ത്തു വായിച്ച് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമം നടക്കുകയാണ്. കേന്ദ്രസര്‍ക്കാരും ബിജെപിയും കേരളത്തിലെ ഇടതു കേന്ദ്രീകൃതമായ സഹകരണ മേഖലയെ പിടിച്ചടക്കാനുള്ള തന്ത്രമാണിതെന്നാണ് ആരോപണം. അതേ സമയം സഹകരണ മേഖലയിലെ കള്ളപ്പണ സ്വാധീനവും അഴിമതിയും ഇല്ലാതാക്കലാണ് ലക്ഷ്യമെന്ന് മറ്റൊരു കൂട്ടരും അവകാശപ്പെടുന്നു. ഇവയുടെ നിജസ്ഥിതി ശരിയായ രീതിയില്‍ പരിശോധിയ്ക്കേണ്ടതുണ്ട്.
തുടക്കം മുതല്‍ തന്നെ സഹകരണമേഖല കൃഷിമന്ത്രാലയത്തിന്റെ ഭാഗമായിരുന്നു. മിനിസ്ട്രി ഓഫ് അഗ്രികള്‍ച്ചര്‍ ആന്റ് കോ ഓപ്പറേഷന് എന്നപേരിലാണ് ആയിരത്തിതൊള്ളായിരത്തി അമ്പതുകള്‍ മുതല്‍ ഈ മന്ത്രാലയം പ്രവര്‍ത്തിച്ചിരുന്നത്. സഹകരണമേഖലയ്ക്ക് അന്നുതന്നെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്ന പ്രാധാന്യം പണ്ഡിറ്റ് നെഹ്റു 1955 ല്‍ ഇങ്ങിനെ ഊന്നിപ്പറഞ്ഞിരിക്കുന്നു ക ംമി േശിറശമ ീേ രീി്ൗഹലെ ംശവേ രീീുലൃമശേ്ല.െ വലിയ പ്രാധാന്യമാണ് സഹകരണമേഖലക്കു നല്‍കിയത്. എന്നാല്‍ കാര്‍ഷിക മന്ത്രാലയത്തിന്റെ ഭാഗമായത് കൊണ്ട് മറ്റ് മേഖലകളില്‍ വേണ്ടത്ര പ്രവര്‍ത്തനത്തിന് സാദ്ധ്യത കുറവായിരുന്നു. ആ പോരായ്മയാണ് ഇപ്പോള്‍ സ്വതന്ത്രമായ മന്ത്രാലയത്തിന്റെ രൂപീകരണത്തിലൂടെ പരിഹരിച്ചത്. ഏതു മേഖലയിലുള്ള സഹകരണ പ്രസ്ഥാനങ്ങള്‍ക്കും ഈ മന്ത്രാലയത്തിന് നേതൃത്വം കൊടുക്കാനാകും.
ഇപ്പോള്‍ സഹകരണത്തിന് പ്രത്യേക മന്ത്രാലയം ഏര്‍പ്പെടുത്തിയത് സഹകരണത്തെ കാര്‍ഷികമേഖലയില്‍ നിന്ന് വേര്‍പെടുത്തി എല്ലാ മേഖലകളിലും പ്രവര്‍ത്തിയ്ക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നതിനാണ്. അതു വിശാലമായ ചില ലക്ഷ്യങ്ങള്‍ നിറവേറ്റാനുള്ള കാല്‍വെപ്പാണ്. ആത്മനിര്‍ഭര്‍ പാക്കേജിന്റെ ഭാഗമായി നടപ്പാക്കുന്ന സാമ്പത്തിക പരിഷ്കരണ ഉത്തേജനപരിപാടികളുടെ ഭാഗമായാണ് ഈ നടപടി. കോവിഡിന്റെ പശ്ചാത്തലത്തിലുള്ള ലോക്ഡൗണുകളും നിയന്ത്രണങ്ങളും മൂലം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് ചെറുകിടകര്‍ഷകരും വ്യത്യസ്ത വിഭാഗം തൊഴിലാളികളും കൈത്തൊഴിലുകാരുമെല്ലാമാണ്. ഇവരെ ശാക്തീകരിക്കാനും സ്വാശ്രയരാക്കാനും സഹകരണാടിസ്ഥാനത്തിലുള്ള സംരംഭങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ആത്മനിര്‍ഭര്‍ ഭാരതിന്റെ അവതരണ സമയത്ത് സൂചിപ്പിച്ചിരുന്നു.
ഭാരതത്തിലെ കര്‍ഷകരുടെ ഒരു വര്‍ഷത്തെ പോസ്റ്റ് ഹാര്‍വസ്റ്റ് നഷ്ടം 2.5 ലക്ഷം കോടി രൂപയാണ്. ഇത് പ്രധാനമായും സ്റ്റോറേജിന്റെയും മൂല്യ വര്‍ദ്ധനവിന്റെയും അപര്യാപ്തതകൊണ്ടാണ്. അതോടൊപ്പം കര്‍ഷകരുടെ ഉല്‍പ്പന്നത്തിന് മതിയായ വില കിട്ടുന്നുമില്ല. വിപണിയുടെ ചൂഷണം മൂലം കര്‍ഷകര്‍ ദുരിതമനുഭവിക്കുകയാണ്. ഇതിനുള്ള പ്രതിവിധി കര്‍ഷകര്‍ക്ക് സ്റ്റോറേജ് അടക്കമുള്ള അടിസ്ഥാന സൗകര്യമുറപ്പാക്കുകയും, പ്രോസസ്സിങ്ങിന്റെ തോത് വര്‍ദ്ധിപ്പിക്കുകയും ചൂഷണവിമുക്തവും കര്ഷകസൗഹൃവുമായ വിപണി സമ്പ്രദായം ഉറപ്പുവരുത്തുകയുമാണ്. ഇതിനു വേണ്ടി നടപ്പാക്കിയ രണ്ടു കാര്‍ഷിക ബില്ലുകളേയും അവശ്യവസ്തുനിയമ ഭേദഗതിയെയും എതിര്‍ത്തുകൊണ്ട് ഒരു വിഭാഗം കര്‍ഷകര്‍ സമരത്തിനിറങ്ങുകയും ചെയ്തു.
പതിനായിരം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ തുടങ്ങാന്‍ പദ്ധതിയിട്ടുവെങ്കിലും അതു വേണ്ടത്ര വിജയിച്ചിട്ടില്ല. കര്‍ഷകരുടെ പങ്കാളിത്തത്തോടെയുള്ള വലിയ വിപണന പ്രോസസ്സിംഗ് സംവിധാനത്തിലൂടെ മാത്രമെ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വിലയും വരുമാനവും ഉറപ്പാക്കാനാകൂ. ഒറ്റപ്പെട്ട രീതിയില്‍ ചെറിയ സ്ഥാപനങ്ങള്‍ തുടങ്ങിയാല്‍ അവയുടെ വയബിലിറ്റി ഉറപ്പാക്കാനാകില്ല, മാത്രവുമല്ല അവയ്ക്ക് നൂതന സാങ്കേതിക വിദ്യയും പ്രൊഫഷണല്‍വല്‍ക്കരണവും സാദ്ധ്യമാകുകയുമില്ല. അമൂല്‍ പോലുള്ള സഹകരണസ്ഥാപനങ്ങള്‍ അതിനുദാഹരണമാണ്. അതുകൊണ്ട് സാമാന്യം വലിയ കര്‍ഷകകൂട്ടായ്മകള്‍ വഴി മാത്രമെ കര്‍ഷകരെ ശാക്തീകരിക്കാന്‍ കഴിയുകയുള്ളൂ. അതിനായി വിപണനത്തിനും പ്രോസസ്സിങ്ങിനും മറ്റുമായി മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ രൂപീകരിക്കുകയാണ് കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യം. അതിനാണ് സഹകരണത്തിന് പ്രത്യേക മന്ത്രാലയം സ്ഥാപിക്കുന്നത്.
മാത്രവുമല്ല, പല മേഖലകളിലുള്ള തൊഴിലാളികളുടെ കൂട്ടായ്മകളിലൂടെ അവരുടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ജീവിത തനിലവാരം മെച്ചപ്പെടുത്താനും കഴിയും. അടിസ്ഥാന സൗകര്യ മേഖല, പാര്‍പ്പിട മേഖല, ഗ്രാമീണ റോഡ് വികസനം, ആദിവാസി മേഖലയിലേതടക്കം കരകൗശല മേഖല എന്നിവയിലെല്ലാം സഹകരണ സംഘങ്ങള്‍ വഴി വലിയ വികസനം സാദ്ധ്യമാണ്.
അതോടൊപ്പം നഷ്ടം വരുത്തുന്ന കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്നതിനു പകരം അവയെ തൊഴിലാളികളുടെ പങ്കാളിത്തത്തോടെയുള്ള സഹകരണ കമ്പനികളാക്കി തൊഴിലാളികളെ ശാക്തീകരിയ്ക്കാനുള്ള നീക്കവും കേന്ദ്രഗവര്‍മ്മെണ്ട് ആരംഭിച്ചിട്ടുണ്ട്. ഇത് സ്വകാര്യവല്ക്കരണത്തേക്കള് രാജ്യത്തിനും തൊഴിലാളികള്‍ക്കും ഗുണകരമാണ്. തൊഴിലാളികള്‍ക്ക് കമ്പനി കൈമാറുന്നത് ഒരു പുതിയ സാമൂഹ്യ- സാമ്പത്തിക വ്യവസ്ഥയ്ക്ക് തുടക്കമിടുകതന്നെ ചെയ്യും. ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും അത് പ്രേരണയാകും.
അതേസമയം കേന്ദ്രസഹകരണ മന്ത്രാലയത്തിന്റെ രൂപീകരണം സംസ്ഥാനസഹകരണനിയമങ്ങളെ മറികടക്കാനോ അട്ടിമറിക്കാനോ ഉദ്ദേശിച്ചിട്ടുള്ളതല്ല. കൂടുതല്‍ മള്‍ട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രമുള്ളതാണ്. സംസ്ഥാന സഹകരണ സംഘംരജിസ്ട്രാറുടെ അധികാരപരിധിയിലുള്ള സ്ഥാപനങ്ങള്‍ അതേ പടി തുടരുകതന്നെ ചെയ്യും. ഇപ്പോഴത്തെ കേന്ദ്രമന്ത്രാലയത്തെ എതിര്‍ക്കുന്നവര്‍ ചില ദേശീയസഹകരണ വികസന സ്ഥാപനങ്ങള്‍ നാലു ദശാബ്ദമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കാര്യം സൗകര്യപൂര്‍വ്വം വിസ്മരിക്കുകയാണ്. നാഷണല്‍ കോ ഓപ്പറേറ്റീവ് ഡവലപ്പ്മെന്റ് കൗണ്‍സില്‍ (സംസ്ഥാനതല സഹകരണസ്ഥാപനമാണ് സാമ്പത്തിക സഹായം നല്‍കാനുള്ള സ്ഥാപനം) നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോ ഓപ്പറേറ്റീവ് എജ്യുക്കേഷന്‍, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോ ഓപ്പറേറ്റീവ് ട്രെയിനിങ്ങ് എന്നീ സ്ഥാപനങ്ങളെല്ലാം ദേശീയ തലത്തില്‍ സഹകരണ മേഖലയുടെ ശാക്തീകരണത്തിനും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവയാണ്. അതു പോലെ സംസ്ഥാനത്തുള്ള കാര്‍ഷികവായ്പാ സംഘങ്ങള്‍ക്കുള്ള വായ്പാസഹായം നബാര്‍ഡില്‍ നിന്ന് സംസ്ഥാനസഹകരണ ബാങ്കുവഴി കേന്ദ്ര വായ്പാസബ്സിഡിയോടു കൂടിയാണ് ലഭ്യമാക്കുന്നത് എന്നതും വിസ്മരിക്കരുത്.
രണ്ടാമത്തെ പ്രശ്നം സഹകരണ ബാങ്കുകളെ റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവന്ന ബാങ്കിങ് റഗുലേഷന് നിയമഭേദഗതിയാണ്. റിസര്‍വ്വ് ബാങ്ക് കലാകാലങ്ങളില്‍ ബാങ്ക് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിതര സ്ഥാപനങ്ങളെ വിലക്കിയിട്ടുണ്ട്. ഉദാഹരണത്തിന് അറുപതുകളുടെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ ബാങ്കുകള്‍ ഉണ്ടായിരുന്നത് കല്‍ക്കത്തയിലായിരുന്നു. രണ്ടാം സ്ഥാനത്ത് കേരളത്തിലെ തൃശ്ശൂര്‍ ആയിരുന്നുവെന്നത് കൗതുകകരമാണ്. കാരണം തൃശ്ശൂരില്‍ അക്കാലത്ത് നൂറുകണക്കിന് കുറികമ്പനികള്‍ ബാങ്ക് എന്ന പേര് വെച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്.
ഇതിന്റെ പശ്ചാത്തലത്തില്‍ റിസര്‍വ്വ് ബാങ്ക് അവയോട് ഒന്നുകില്‍ ബാങ്ക് എന്ന പേരുമാറ്റി കുറിബിസിനസ്സില് കേന്ദ്രീകരിയ്ക്കുക അല്ലെങ്കില്‍ ബാങ്കായി മാറി ബാങ്കിങ് നിയന്ത്രണങ്ങള്‍ക്കും നിയമങ്ങള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കുക എന്ന നിര്‍ദ്ദേശം നല്കി. ഇതിനെ തുടര്‍ന്ന്, തൃശൂര്‍ കത്തോലിക്കാ രൂപതയുടേയും മറ്റും ആഭിമുഖ്യത്തിലുണ്ടായിരുന്ന നിരവധി സ്ഥാപനങ്ങള്‍ ”ബാങ്ക്” എന്ന പേരു മാറ്റി, കുറികമ്പനികളാക്കി മാറ്റി. ചെറുകിട ബാങ്കുകള്‍ നാലഞ്ചെണ്ണം വീതം ലയിച്ച് ധനലക്ഷ്മിബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, സൗത്തിന്ത്യന്‍ ബാങ്ക് എന്നീ പേരുകളില്‍ ബാങ്കിങ് ബിസിനസ്സും തുടര്‍ന്നു. ഇവയുടെ വിശദാംശങ്ങള്‍ തൃശൂര്‍ ജില്ലാ ഗസറ്റിയറില്‍ ലഭ്യമാണ്.
ഇപ്പോള്‍ ബാങ്കിങ്ങ് നിയമഭേദഗതിമൂലം കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് അനധികൃതമായി അവര്‍ ഉപയോഗിക്കുന്ന ”ബാങ്ക്” എന്ന വിശേഷണം ഒഴിവാക്കേണ്ടിവരും. കേരളത്തിലെ 1692 കാര്‍ഷിക വായ്പാസംഘങ്ങളും സംസ്ഥാന സഹകരണനിയമം അനുസരിച്ച് സഹകരണ സംഘങ്ങളായി രജിസ്റ്റര്‍ ചെയ്തവയാണ്. പൊതുജനത്തെ ആകര്‍ഷിക്കാനും തെറ്റിദ്ധരിപ്പിയ്ക്കാനും സംസ്ഥാന സര്‍ക്കാറിന്റെ ഒത്താശയോടെ ”ബാങ്ക്” എന്ന സ്വയം പേരിട്ടതാണ്. അതിന് നിയമ പരിരക്ഷയില്ല. മാത്രവുമല്ല പുതിയ ബാങ്കിങ് നിയമ ഭേദഗതിയോടെ വോട്ടവകാശമുള്ള എ ക്ലാസ് മെമ്പര്‍മാരില്‍ നിന്നു മാത്രമെ നിക്ഷേപം സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. ചെക്ക് ബുക്കുകകള്‍ വഴിയുള്ള പണം കൈമാറ്റവും സാദ്ധ്യമല്ല. ഇവയെല്ലാം ഇപ്പോള്‍ പ്രാദേശിക ബാങ്കുകളായി അനധികൃതമായി പ്രവര്‍ത്തിക്കുന്നവയാണ്. ഇവയ്ക്കൊന്നും ബാങ്കിങ് ലൈസന്‍സ് ഇല്ല. അഖിലേന്ത്യാ തലത്തില്‍ 93955 പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ 1692 എണ്ണം മാത്ര (1.8) മാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇവരുടെ ദേശീയ നിക്ഷേപത്തിന്റെ 75 ശതമാനത്തിലധികവും വെറും 1.8 ശതമാനം വരുന്ന കേരളത്തിലെ സംഘങ്ങളുടേതാണ്. ഇവയില്‍ പത്ത് ശതമാനംസംഘങ്ങളുടെയും ശരാശരി നിക്ഷേപം 300 കോടിയില്‍ കൂടുതലാണ്.
ചുരുക്കത്തില്‍ കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ രൂപീകരണവുമായി ഇത്തരം പ്രശ്നങ്ങള്‍ കൂട്ടിക്കുഴക്കുന്നത് തെറ്റാണ്. കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ ലക്ഷ്യങ്ങള്‍ വ്യത്യസ്തമാണ്. അത് സംസ്ഥാന സഹകരണ സ്ഥാപനങ്ങളെ ഏറ്റെടുക്കാനോ, അട്ടിമറിക്കാനോ ഉള്ളതല്ല. നേരെ മറിച്ച് കാര്‍ഷിക മേഖലയിലും വ്യാവസായിക മേഖലയിലും തൊഴില്‍ മേഖലയിലുമെല്ലാം പുതിയ സംരംഭങ്ങളും സംവിധാനങ്ങളും നിര്‍മ്മിച്ച് കര്‍ഷകരെയും തൊഴിലാളികളെയും കൈത്തൊഴിലുകാരെയുമെല്ലാം ശാക്തീകരിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ഒരു നവ സമീപനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: