തിരുവനന്തപുരം: സ്ത്രീധനം വാങ്ങുന്നവരുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സ്ത്രീ സുരക്ഷിത കേരളത്തിനു വേണ്ടിയും സ്ത്രീധനത്തിനെതിരായും ഗാന്ധി സ്മാരക നിധിയും ഇതര ഗാന്ധിയന്‍ സംഘടനകളും സംയുക്തമായി തൈക്കാട് ഗാന്ധിഭവനില്‍ നടത്തിയ ഉപവാസ, പ്രാര്‍ഥനാ യജ്ഞത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസപരമായും സാമൂഹികമായും സാംസ്കാരികമായും മുന്‍പന്തിയില്‍ നില്ക്കുന്ന കേരളത്തില്‍ വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങള്‍ കേരള സമൂഹത്തിന് ഭൂഷണമല്ല. സാംസ്കാരപരമായും ഭരണഘടനാപരമായും നിയമപരമായും സ്ത്രീധനം വാങ്ങുന്നത് തെറ്റാണ്. മൂല്യങ്ങളുടെ അധഃപതനമാണിത് സൂചിപ്പിക്കുന്നത്. വിദ്യ നല്‍കുന്നത് വിവേകമാണ്. നിര്‍ഭാഗ്യവശാല്‍ ഇന്ന് കേരളത്തില്‍ വിദ്യ കൂടുതല്‍ നേടുന്നതിനനുസരിച്ച് വിവാഹകമ്പോളത്തിലെ മൂല്യം വര്‍ധിക്കുകയാണ്. കേരളത്തിലെ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്ന വേളയില്‍ തന്നെ വിദ്യാര്‍ഥികളില്‍ നിന്ന് തങ്ങള്‍ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ലെന്ന സത്യവാങ്മൂലം വാങ്ങണം. ഇത് പാലിക്കാത്തവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കണം. അതുപോലെ ജനപ്രതിനിധികള്‍ തങ്ങളെ വിവാഹത്തിന് ക്ഷണിക്കുമ്പോള്‍ ആ വിവാഹത്തില്‍ സ്ത്രീധനം വാങ്ങുന്നുണ്ടോ എന്ന് പരിശോധിക്കണം. അങ്ങനെ ചെയ്യുന്നുണ്ടെന്നും കണ്ടാല്‍ അവര്‍ അത് പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും അത്തരം വിവാഹങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്ക്കുകയും വേണം.
പെണ്‍കുട്ടികള്‍ സ്ത്രീധനത്തിനെതിരെ ശക്തമായി മുന്നോട്ടുവരണം. അമ്മമാര്‍ മക്കളെ സ്ത്രീധനം വാങ്ങുന്നതില്‍ നിന്നും പിന്തിരിപ്പിക്കണം. നിയമത്തിനോ പോലീസിനോ മാത്രം ഇക്കാര്യങ്ങളില്‍ മാറ്റം വരുത്താനാവണം. സമൂഹത്തില്‍ ബോധവല്ക്കരണമുണ്ടാവണം. ജനങ്ങള്‍ തന്നെ മുന്നോട്ടു വരണം. തന്റെ ഉപവാസത്തില്‍ രാഷ്ട്രീയമില്ല. രാഷ്ട്രീയഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി പോരാടേണ്ട വിഷയമാണിത്. മുഖ്യമന്ത്രിയോട് ഇതേക്കുറിച്ച് സംസാരിച്ചപ്പോള്‍ നല്ല പിന്തുണയാണ് കിട്ടിയത്. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്ന് ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ പോലീസ് വളരെ താല്‍പ്പര്യപൂര്‍വമാണ് പ്രതികരിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഗാന്ധിയന്‍ പി. ഗോപിനാഥന്‍നായര്‍, അഡ്വ. അയ്യപ്പന്‍പിള്ള, സൂര്യകൃഷ്ണമൂര്‍ത്തി, പണ്ഡിറ്റ് രമേശ് നാരായണന്, എം.എസ്.ഫൈസല്ഖാന്, ഗാന്ധി സ്മാരകനിധി ചെയര്മാന് ഡോ. എന്‍. രാധാകൃഷ്ണന്, സെക്രട്ടറി ഡോ. ഗോപാലകൃഷ്ണന്‍നായര്‍, ഫാദര്‍ യൂജിന്‍ പെരേര, സ്വാമി അശ്വതിതിരുനാള്‍ എന്നിവര്‍ സംസാരിച്ചു.
രാവിലെ മുതല്‍ രാജ്ഭവനില്‍ ഉപവസിച്ച ഗവര്‍ണര്‍ 4.30 ന് ഗാന്ധിഭവനിലെത്തി ഉപവാസത്തില്‍ പങ്കുചേരുകയായിരുന്നു. 6 മണിയോടെ ഉപവാസം അവസാനിച്ചപ്പോള്‍ എല്ലാവര്ക്കും ഗവര്‍ണര്‍ തന്നെ നാരങ്ങാനീര് എടുത്തുനല്‍കി. പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരിയാണ് ഗവര്‍ണര്‍ക്ക് നാരങ്ങാനീര് നല്കി ഉപവാസം അവസാനിപ്പിച്ചത്.
ഗവര്‍ണര്‍ക്ക് അഭിവാദ്യവുമായി കേന്ദ്രമന്ത്രി വി. മുരളീധരനും കുമ്മനം രാജശേഖരനും പ്രതിപക്ഷനേതാക്കളും ഒക്കെ രംഗത്തെത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങി നിരവധി പേര് ഗവര്‍ണര്‍ക്ക് പിന്തുണയറിയിച്ചിരുന്നു.
ഇന്ത്യന്‍ ഭരണചരിത്രത്തിലെ അപൂര്‍വ കാഴ്ചയാണിതെന്നും ഗാന്ധിയന്‍ മാര്‍ഗത്തിലുള്ള ഈ പ്രതിഷേധത്തിലൂടെ ഗവര്‍ണര്‍ നല്കുന്ന സന്ദേശം ഭരണതലപ്പത്തുള്ളവരുടെ കണ്ണു തുറപ്പിക്കട്ടേയെന്നുമാണ് കേന്ദ്രമന്ത്രി വി. മുരളീധരന് സമൂഹമാധ്യമത്തില്‍ കുറിച്ചത്. സംസ്ഥാനത്തിന്റെ ഭരണത്തലവന് തന്നെ ഉപവസിക്കേണ്ട സാഹചര്യം എന്തുകൊണ്ട് ഉണ്ടായി എന്ന് പരിശോധിക്കേണ്ടത് കേരള സര്‍ക്കാരാണ്. വനിതാമതില്‍ കെട്ടിയവരുടെ നാട്ടില്‍ ചെറുപ്രായത്തില്‍ പെണ്‍കുട്ടികള്‍ ചിറകറ്റ് വീഴുന്നത് ആരുടെ പിടിപ്പുകേടാണ്. എന്തു കുറ്റകൃത്യം ചെയ്താലും രാഷ്ട്രീയ സംരക്ഷണം കിട്ടുമെന്ന ആത്മവിശ്വാസമാണ് ഇക്കൂട്ടര്‍ക്ക്. പ്രചാരവേലകളിലൂടെ എല്ലാത്തിനെയും മറികടക്കാനാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് കഴിയാത്തവര്‍ അധികാര കസേരയില്‍ തുടരുന്നത് നാടിന്റെ ഗതികേടാണ്. അദ്ദേഹം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: