ന്യൂദല്‍ഹി: റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് അഞ്ചിന്റെ നിര്‍മാണം സെപ്തംബറോടെ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് അധികൃതര്‍. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആര്‍ഡിഐഎഫ്), സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) എന്നിവയുടെ സഹകരണത്തോടെയാണ് രാജ്യത്ത് വാക്‌സിന്‍ നിര്‍മ്മാണം ആരംഭിക്കുക. സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നേതൃത്വത്തിലാണ് നിര്‍മാണം.
ഒരു വര്‍ഷം 300 ദശലക്ഷം വാക്‌സിന്‍ ഡോസുകള്‍ ഉത്പാദിപ്പിക്കാനാണ് പദ്ധതി. വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നതിനാവശ്യമായ കോശങ്ങളും മറ്റും എസ്‌ഐഐക്ക് ഗമാലേയ സെന്ററില്‍ നിന്ന് കൈമാറിയിട്ടുണ്ട്. ഇവയുടെ ഇറക്കുമതിക്ക് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അനുമതി ലഭിച്ചത് മുതല്‍ കോശങ്ങളെ വളര്‍ത്തിയെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്.
സ്പുട്‌നിക്കിന്റെ ഉത്പാദനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ രാജ്യത്തെ മരുന്ന് കമ്പനികളുമായി റഷ്യ കരാറുകളുണ്ടാക്കിയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ ഒരാളായ എസ്‌ഐഐയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ആര്‍ഡിഐഎഫ് അറിയിച്ചു. വാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള തന്ത്രപ്രധാനമായ സഹകരണമാണിത്. പുതിയ നീക്കത്തിലൂടെ ഇന്ത്യയിലെ മാത്രമല്ല ലോകത്തെ തന്നെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്നും ആര്‍ഡിഐഎഫ് സിഇഒ കിരല്‍ ഡിമിത്രീവ് പറഞ്ഞു.
വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഐര്‍ഡിഐഎഫിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷവാനാണെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട് സിഇഒ അദര്‍ പൂനാവാല പറഞ്ഞു. സെപ്തംബറില്‍ രാജ്യത്ത് വാക്‌സിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതോടെ വരുംമാസങ്ങളില്‍ ദശലക്ഷക്കണക്കിന് വാക്‌സിന്‍ ഡോസുകള്‍ ഉത്പ്പാദിപ്പിക്കാന്‍ കഴിയും. സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കുന്ന സ്പുട്‌നിക് വാക്‌സിന്‍ ലോകമെമ്പാടുമുള്ളവര്‍ക്ക് നല്‍കുകയെന്നത് നിര്‍ണായകമാണ്. നിലവിലെ സാഹചര്യത്തില്‍ മഹാമാരിക്കെതിരെ പോരാടാന്‍ അന്താരാഷ്‌ട്ര സ്ഥാപനങ്ങളുടെയും സര്‍ക്കാരുകളുടെയും സഹകരണം വര്‍ധിപ്പിക്കേണ്ടത് പ്രധാന്യമേറിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: