തൊടുപുഴ: യുവനിരയിലെ കരുത്തുറ്റ സമര നായകന് പി. ശ്യാംരാജിനെ തേടി ഒരിക്കല്‍ കൂടി ദേശീയതലത്തിലെ ഉയര്‍ന്ന സ്ഥാനം. യുവമോര്‍ച്ചയുടെ ദേശീയ സെക്രട്ടറിയായി നിയമിച്ചുള്ള തീരുമാനം എത്തിയത് ഇന്നലെ വൈകിട്ട്. നിലവില്‍ യുവമോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി ആയിരുന്നു.
തൊടുപുഴ മുള്ളരിങ്ങാടുള്ള ദരിദ്രകുടുംബ(പട്ടിക വര്‍ഗ വിഭാഗം) ത്തില്‍ നിന്നുള്ള അംഗമാണ് ശ്യാരാജ്. കയറിക്കിടക്കാന്‍ നനയാത്ത വീട് പോലുമില്ലാത്ത സാഹചര്യത്തില്‍ നിന്ന് ദേശീയ തലത്തിലേക്കുള്ള വളര്‍ച്ചയില്‍ ശ്യാരാജിന് ഏറെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്നു. മുമ്പ് എബിവിപി ദേശീയ സെക്രട്ടറി, ദേശീയ പ്രവര്‍ത്തക സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം പിന്നീട് യുവമോര്‍ച്ചയിലെത്തി സംസ്ഥാന തലത്തിലേക്ക് ചുവട് മാറി. അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ പ്രതിനിധീകരിച്ച് തൊടുപുഴ മണ്ഡലത്തില്‍ മത്സരിച്ച് 21,000ല്‍ അധികം വോട്ട് നേടി മിന്നുന്ന പ്രകടനം കാഴ്ചവെച്ചു.
എബിവിപി എറണാകുളം ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ന്യൂദല്‍ഹി ജെഎന്‍യു സര്‍വ്വകലാശാല സംഘടനാ സെക്രട്ടറി, കൊച്ചിന് യൂണിവേഴ്സിറ്റി സെനറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പൈനാവ് നവോദയയില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസവും മാര്‍ അത്തനേഷ്യസ് കോളേജ്, കുസാറ്റ് എന്നിവിടങ്ങളിലായി ഉന്നത പഠനവും നടത്തി. എബിവിപിയിലൂടെ പൊതുരംഗത്തെത്തിയ ശ്യാംരാജ് ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും എത്ര ദുര്‍ഘടമായ സാഹചര്യത്തിലും പിന്നോട്ട് പോകാത്ത വ്യക്തിത്വത്തിന് ഉടമയാണ്.
ഈ പ്രത്യേകത അദ്ദേഹത്തിന് യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനം തന്നെ ഉണ്ടാക്കി നല്‍കിയത്. സമരങ്ങളുടെ നേതൃത്വമേറ്റെടുത്ത പകരം വെക്കാനില്ലാത്ത പോരാളിയായി വളരെ വേഗത്തില്‍ തന്നെ അദ്ദേഹം ജനശ്രദ്ധനേടി. ഈ പ്രകടനം തന്നെയാണ് യുവമോര്‍ച്ചയുടെ ദേശീയ തലത്തിലേക്ക് അദ്ദേഹത്തെ ഉയര്‍ത്താന്‍ കാരണവും. അച്ഛന്: രാജു. അമ്മ: ഗിരിജ. ശരണ്യ, ശാരിക(മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി, യുസി കോളേജ്) എന്നിവര്‍ സഹോദരിമാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: