കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ രാജ്യമായ ക്യൂബയില്‍ ആയിരക്കണക്കിന് സ്വാതന്ത്ര്യ ദാഹികള്‍ തെരുവിലിറങ്ങി പ്രകടനം നടത്തുകയാണെന്ന വിവരം ഒരേസമയം ലോകമെമ്പാടുമുള്ള ജനാധിപത്യ പ്രേമികളെ ആഹ്ലാദിപ്പിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്നു. ആറ് പതിറ്റാണ്ടിലേറെയായി തുടരുന്ന കമ്യൂണിസ്റ്റ് വാഴ്ചക്കെതിരെ ഭരണകൂടത്തിന്റെ കര്‍ശന വിലക്കുകള്‍ വകവയ്ക്കാതെ മുപ്പതിലേറെ നഗരങ്ങളില്‍ ജനങ്ങള്‍ ശബ്ദമുയര്‍ത്തുന്നതാണ് ആഹ്ലാദകരമെങ്കില്, ഈ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ക്യൂബന്‍ ഭരണകൂടം കൂട്ടക്കുരുതിക്കുപോലും മടിക്കില്ല എന്നതാണ് ആശങ്കാജനകമായിട്ടുള്ളത്. മുപ്പത് വര്‍ഷത്തിനിടെ ഏറ്റവും മോശം അവസ്ഥയിലായ രാജ്യത്തെ സമ്പദ്വ്യവസ്ഥയില് വേണ്ടത്ര ഭക്ഷണവും വരുമാനവുമില്ലാതെ ജനങ്ങള്‍ വലയുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെയാണ് കൊവിഡ് മഹാമാരി പിടിമുറുക്കിയിരിക്കുന്നതും. വാക്സിനേഷനില്‍ കാര്യമായ പുരോഗതിയില്ലാത്തതും ജനങ്ങളെ അമര്‍ഷം കൊള്ളിക്കുകയാണ്. കൊവിഡ് വന്ന് മരിച്ചാലും വേണ്ടില്ല, തങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണമെന്നു പറയാന്‍ മടിക്കാത്ത ക്യൂബന്‍ ജനതയെ എത്ര മൃഗീയമായാണ് കമ്യൂണിസ്റ്റ് ഭരണകൂടം അടിച്ചമര്ത്തിയിരിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലാവും.
ഫിദല്‍ കാസ്ട്രോയ്ക്കും അനുജന് റൗള്‍ കാസ്ട്രോയ്ക്കും ശേഷം ക്യൂബയുടെ പ്രസിഡന്റ് പദവിയിലെത്തിയിരിക്കുന്ന മിഗ്വല്‍ ഡയസ് കാനലിനെതിരെയാണ് ജനകീയ പ്രതിഷേധം അലയടിക്കുന്നത്. യുവാക്കളാണ് ഇതിന്റെ മുന്‍നിരയില്‍. ഒരു പരിപാടിക്കെത്തിയ പ്രസിഡന്റ് മിഗ്വലിനു നേരെയും അവര്‍ തട്ടിക്കയറുകയുണ്ടായി. പുരോഗതിയെക്കുറിച്ചുള്ള ഭരണാധികാരികളുടെ വാചകമടികള്ക്കിടയിലും ക്യൂബയില്‍ വന്‍തോതില്‍ പട്ടിണിയുണ്ട്. ഭക്ഷ്യ വസ്തുക്കള്‍ക്കുവേണ്ടി ജനങ്ങള്‍ ക്യൂ നില്ക്കുന്ന കാഴ്ച തകര്‍ച്ചയുടെ തൊട്ടുമുന്‍പുള്ള സോവിയറ്റ് യൂണിയനെ അനുസ്മരിപ്പിക്കുന്നു. വൈദ്യുതി ക്ഷാമം രൂക്ഷമാണ്. രോഗികള്‍ക്ക് മരുന്നുകിട്ടാനില്ല. ഇത്തരമൊരു ദുരിതാവസ്ഥയിലാണ് കൊവിഡ് മഹാമാരി പടര്‍ന്നുപിടിച്ചത്. കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ വലിയ പരാജയമാണ്. ഈ അവസ്ഥയില്‍ ഗത്യന്തരമില്ലാതെയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നത്. കുരുമുളക് ലായനി പ്രയോഗിച്ചും ലാത്തിച്ചാര്‍ജ് നടത്തിയും ജനങ്ങളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രതിഷേധക്കാരെ നേരിടാന്‍ ‘വിപ്ലവകാരികള്‍’ രംഗത്തിറങ്ങണമെന്ന് പ്രസിഡന്റ് ആഹ്വാനം ചെയ്തിരിക്കുകയാണ്. ക്രൂരമായ അടിച്ചമര്‍ത്തലിനുള്ള ആഹ്വാനമാണിത്. ഇപ്പോഴത്തെ സ്ഥിതിഗതികള്‍ ചൈനയിലെ ടിയാനന്മെന് സ്ക്വയര്‍ മോഡല്‍ കൂട്ടക്കുരുതിയിലേക്ക് നയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
ക്യൂബ എന്നു കേട്ടാല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്ക് ഇപ്പോഴും കോരിത്തരിക്കും. തലസ്ഥാനമായ ഹവാനയിലേക്ക് നടത്തിയ ലോങ് മാര്‍ച്ചിലൂടെ അധികാരം പിടിച്ച ഫിദല്‍ കാസ്ട്രോയുടെ താടിയില്പ്പോലും കമ്യൂണിസത്തിന്റെ മഹാ രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നു എന്ന മട്ടിലാണ് അവര്‍ വികാരംകൊണ്ടിരുന്നത്. കാസ്ട്രോയുടെ സഹപ്രവര്‍ത്തകനും ക്യൂബന്‍ മന്ത്രിയുമായിരുന്ന ചെഗുവേര എന്ന കൊലയാളി അവര്‍ക്ക് വിമോചന നായകനാണ്. ക്യൂബാ മുകുന്ദന്മാരുടെ നാടായ കേരളത്തിലെ കമ്യൂണിസ്റ്റുകള്‍ ഇക്കാര്യത്തില്‍ ഒരു പടി മുന്നിലാണല്ലോ. സാമ്രാജ്യത്വത്തിന്റെ നീരാളിപ്പിടുത്തത്തില്‍നിന്ന് ക്യൂബയെ രക്ഷിക്കാന്‍ അവര്‍ പിടിയരിവരെ പിരിച്ചെന്നു വരും. ക്യൂബയില്‍ ഉല്‍പ്പാദിപ്പിച്ച കൊവിഡ് വാക്സിനുകള്‍ ഫലപ്രദമാണെന്നു കണ്ടെത്തി അത് ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ചാണ് പിണറായി സര്‍ക്കാര്‍ ആലോചിച്ചത്. കൊവിഡ് പ്രതിരോധത്തിന് ക്യൂബയെയും വിയറ്റ്നാമിനെയുമാണ് നാം മാതൃകയാക്കേണ്ടതെന്നു പ്രഖ്യാപിക്കാന്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും മറന്നില്ല. ക്യൂബയെപ്പോലെ കേരളത്തിലെ കൊവിഡ് പ്രതിരോധവും പരാജയപ്പെടുന്നതാണ് പിന്നീട് കണ്ടത്. ക്യൂബയില്‍നിന്ന് വാക്സിന് എത്തിക്കുന്നതിനെക്കുറിച്ച് ഇപ്പോഴാര്‍ക്കും മിണ്ടാട്ടമില്ല. ജീവിതം എല്ലാ അര്‍ത്ഥത്തിലും ദുസ്സഹമായതോടെ കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം തുലയണമെന്നാവശ്യപ്പെട്ട് ക്യൂബന്‍ ജനത തെരുവിലിറങ്ങിയതിനെക്കുറിച്ച് ബിനോയ് വിശ്വത്തെയും എം.എ.ബേബിയേയും പോലുള്ള ക്യൂബാ മുകുന്ദന്മാര്ക്ക് എന്തു പറയാനുണ്ടെന്നറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അവര്‍ മൗനം ഭഞ്ജിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: