കൊല്ലം: അസംസ്‌കൃത വസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലവര്‍ധനവ് ബേക്കറി ഉത്പന്ന നിര്‍മാണമേഖലയ്‌ക്ക് തിരിച്ചടിയാകുന്നു. ബേക്കറി ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ ആവശ്യമായ പാമോയില്‍ വില കുത്തനെ ഉയര്‍ന്നതാണ് ഈ മേഖലയിലുള്ളവര്‍ക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നത്.
മാര്‍ച്ചില്‍ 15 ലിറ്ററിന്റെ ഒരു പാമോയില്‍ കാന്‍ 1,300 രൂപയായിരുന്നു. ഇപ്പോഴാകട്ടെ വില 2250 രൂപയായി. ശരാശരി ഒരുദിവസം ഉല്പന്ന നിര്‍മാണ്തതിനായി 30 കാന്‍ പാംഓയില്‍ വരെ ഉപയോഗിക്കുന്ന യൂണിറ്റുകളുണ്ട്. തുടര്‍ച്ചയായുള്ള ഇന്ധന വിലവര്‍ധനവ് എല്ലാ അസംസ്‌കൃത വസ്തുക്കളുടെയും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. അസംസ്‌കൃത വസ്തുക്കള്‍ എത്തിക്കാനുള്ള ചെലവും ഉല്പന്ന വിതരണ ചെലവും കുത്തനെ വര്‍ധിച്ചതും ഈ രംഗത്തുള്ളവര്‍ക്ക് കനത്ത തിരിച്ചടിയാണ്. അസംസ്‌കൃത വസ്തുക്കളുടെ ട്രാന്‍സ്‌പോര്‍ട്ടിങ്ങിനും ഉത്പന്നങ്ങളുടെ വിതരണത്തിനും വലിയ തുക ചെലവഴിക്കേണ്ട സ്ഥിതിയാണ്.
അതേസമയം കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കുറഞ്ഞു. ഇതോടെ ഉത്പന്നങ്ങളുടെ വിപണനവും കുത്തനെ ഇടിഞ്ഞു. നേരത്തെയുണ്ടായിരുന്ന വിപണനത്തിന്റെ പകുതി മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് ഉല്പാദനവും കുത്തനെ കുറയാന്‍ കാരണമായിട്ടുണ്ട്.
ഇതുവരെ ഉല്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചിട്ടില്ല. 20-30 ശതമാനം വരെ അസംസകൃതവസ്തുക്കള്‍ക്ക് വില കൂടി. കൊവിഡും ലോക്ഡൗണും കാരണം കച്ചവടം വളരെ കുറവാണ്. ഇതിനിടെ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചാല്‍ അത് കച്ചവടത്തെ തകര്‍ക്കും. ഈ മേഖല യില്‍പെട്ടവര്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അര്‍ഹമായ സഹായം നല്കണം.
ജി. പത്മാകരന്‍, ജില്ലാ വൈസ് ജില്ലാ പ്രസിഡന്റ്, ബേക്കേഴ്‌സ് അസോസിയേഷന്‍
മീനു ജോബി
പ്രതികരിക്കാൻ ഇവിടെ എഴുതുക: