കോതമംഗലം: കേന്ദ്രസര്‍ക്കാരിന്റെ പ്രധാനപ്പെട്ട ഫ്‌ളാഗ്ഷിപ്പ് പദ്ധതിയായ ”ഭാരത് മാല പരിയോജന” യില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന തിരുവനന്തപുരം-അങ്കമാലി ഗ്രീന്‍ ഫീല്‍ഡ് കോറിഡോര്‍ പദ്ധതി നിര്‍മ്മാണ-നിര്‍വ്വഹണത്തിനായുള്ള നടപടികള്‍ ആരംഭിച്ചു. എംസി റോഡിന് സമാന്തരമായി നിര്‍മ്മിക്കുന്ന പുതിയ എസ്എച്ച് 01 (തിരുവനന്തപുരം-കൊട്ടാരക്കര- കോട്ടയം-അങ്കമാലി) ഗ്രീന്‍ ഫീല്‍ഡ് കോറിഡോര്‍ കേരളത്തിന്റെ മുഖഛായ മാറ്റുമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ എന്നി പ്രദേശങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. നിലവിലെ എംസി റോഡിലെ ഗതാഗതക്കുരുക്കുകള്‍ക്ക് ഈപദ്ധതി ആശ്വാസമായിരിക്കുമെന്നും എംസി റോഡുമായി ഒരു സ്ഥലത്തും പുതിയ പാത സന്ധിക്കുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു.
തിരുവനന്തപുരം മുതല്‍ അങ്കമാലി വരെ 233.220 കിലോമീറ്റര്‍ വരുന്ന ഈ പദ്ധതിയുള്‍പ്പെടെ, കേരളത്തിനായി കഴിഞ്ഞ ബജറ്റില്‍ നാഷണല്‍ ഹൈവേ വികസനത്തിനായി 66,000 കോടി രൂപയുടെ പദ്ധതികളാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം രൂപകല്‍പന ചെയ്തിട്ടുള്ളത്. തിരുവനന്തപുരം മുതല്‍ അങ്കമാലി വരെയുള്ള എംസി റോഡിന് സമാന്തരമായി 45 മീറ്റര്‍ വീതിയില്‍ 4 വരി പാതയാണ് പദ്ധതിക്കായി രൂപകല്പന ചെയ്തിരിക്കുന്നത്.
എറണാകുളം ജില്ലയില്‍ 260 ഹെക്ടറും ഇടുക്കി 29.04 ഹെക്ടര്‍, കോട്ടയം 225.55 ഹെക്ടര്‍, പത്തനംതിട്ട 180.94 ഹെക്ടര്‍, കൊല്ലം 212.79 ഹെക്ടര്‍, തിരുവനന്തപുരം 108.05 ഹെക്ടറര്‍ എന്നിങ്ങനെ 1010 ഹെക്ടര്‍ സ്ഥലമാണ് നിര്‍ദ്ദിഷ്ട പാതയ്‌ക്കായി ഏറ്റെടുക്കേണ്ടി വരുന്നത്. ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ പദ്ധതിയുടെ ആകെ നിര്‍മ്മാണ ചിലവ് 12904 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓരോ ഓഫീസ് ഉള്‍പ്പെടെ ആറ് ജില്ലകളിലായി 6 പ്രത്യേക ഭൂമി ഏറ്റടുക്കല്‍ ഓഫീസുകള്‍ തുടങ്ങുന്നതിനായി നടപടികള്‍ പുരോഗമിച്ച്‌വരുന്നതായും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: