ന്യൂദല്‍ഹി: 1983ല്‍ ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുത്ത ക്രിക്കറ്റ് ടീമില്‍ അംഗമായിരുന്ന യശ്പാല്‍ ശര്‍മ്മ ഹൃദ്രോഗം മൂലം അന്തരിച്ചു. 66 വയസ്സായിരുന്നു. അനുഗൃഹീതനായ മധ്യനിര ബാറ്റ്സ്മാനായിരുന്നു യശ്പാല്‍ ശര്‍മ്മ. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ക്രൈസിസ് മാന്‍ (പ്രതിസന്ധിയില്‍ നിന്നും കരകയറ്റുന്ന താരം) എന്ന പേരിലാണ് യശ്പാല്‍ ശര്‍മ്മ അറിയപ്പെട്ടിരുന്നത്.
1983ലെ ലോകകപ്പ് ക്രിക്കറ്റില്‍ ആദ്യകളിയില്‍ ലോകചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിക്കുന്നതില്‍ യശ്പാല്‍ ശര്‍മ്മയുടെ ബാറ്റിംഗ് തുണയായി. 76ന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യന്‍ ടീമിനെ 120 പിന്തില്‍ 89 റണ്‍സെടുത്ത് കരകയറ്റിയതും വിജയത്തിലെത്തിച്ചതും യശ്പാല്‍ ശര്‍മ്മയായിരുന്നു. അതേ ലോകകപ്പില്‍ ആസ്ത്രേല്യയ്ക്കെതിരെ 40ഉം ഇംഗ്ലണ്ടിനെതിരെ 61 റണ്‍സ് നേടി ഇന്ത്യയെ വിജയത്തിലെത്തിച്ചതില്‍ യശ്പാല്‍ ശര്‍മ്മ നിര്‍ണ്ണായക പങ്ക് വഹിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ചേതന്‍ ശര്‍മ്മയുടെ അമ്മാവനായിരുന്നു യശ്പാല്‍ ശര്‍മ്മ.
1970കളിലും ’80കളിലും തിളങ്ങി നിന്ന താരമായിരുന്നു പഞ്ചാബില്‍ നിന്നുള്ള യശ്പാല്‍ ശര്‍മ്മ. ഇംഗ്ലണ്ടിനെതിരെ കളിച്ചുകൊണ്ട് 1979ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച യശ്പാല്‍ ശര്‍മ്മ ഇന്ത്യയ്ക്ക് വേണ്ടി 37 ടെസ്റ്റുകള്‍ കളിച്ചു. രണ്ട് സെഞ്ച്വറിയും ഒമ്പത് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ ആകെ 1606 റണ്‍സ് നേടി. 140 റണ്‍സാണ് യശ്പാല്‍ ശര്‍മ്മയുടെ ഉയര്‍ന്ന സ്കോര്‍.
രഞ്ജി ക്രിക്കറ്റില്‍ 160 മാച്ചുകളില്‍ കളിച്ച യശ്പാല്‍ 21 സെഞ്ച്വറി ഉള്‍പ്പെടെ 8933 റണ്‍സ് നേടി. 201 ആണ് ഉയര്‍ന്ന സ്കോര്‍. ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം അദ്ദേഹം ബിസിസിഐയുടെ വിവിധ ചുമതലകള്‍ വഹിച്ചു. പഞ്ചാബിലെയും ഹരിയാനയിലെയും ക്രിക്കറ്റ് സമിതികളിലും പ്രവര്‍ത്തിച്ചു.
രേണു ഭാര്യയാണ്. പൂജ, പ്രീതി, ചിരാഗ് ശര്‍മ്മ എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: