ഗോഹാട്ടി: ഹിന്ദു, ജൈന, സിഖ് ആരാധനാലയങ്ങള്‍ക്ക് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ബീഫ് കശാപ്പും വില്‍പ്പനയും നിരോധിച്ചു കൊണ്ടുള്ള പുതിയ കന്നുകാലി സംരക്ഷണ ബില്‍ അസം നിയമസഭയില്‍ അവതരിപ്പിച്ചു. കൃത്യമായ രേഖകളില്ലാതെ കന്നുകാലികളെ കൊണ്ടു പോകുന്നതും തടയും. വെറ്ററിനറി ഉദ്യോഗസ്ഥന്റെ സാക്ഷ്യപ്പെടുത്തല്‍ ഇല്ലാതെ സംസ്ഥാനത്ത് ഒരിടത്തും കശാപ്പ് അനുവദിക്കില്ല. 14 വയസ്സില്‍ കൂടുതലുള്ള കന്നുകാലികളെ മാത്രമേ കശാപ്പിനായി കൊല്ലാന്‍ അനുവാദമുള്ളൂ.
നിയമലംഘനം നടത്തുന്ന കശാപ്പു ശാലകളുടെ ലൈസന്‍സ് റദ്ദാക്കും. കന്നുകാലി സംരക്ഷണ നിയമം ലംഘിച്ചാല്‍ ജാമ്യം ലഭിക്കില്ല. കുറ്റക്കാര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും മൂന്ന് ലക്ഷം രൂപ വരെ പിഴയും ലഭിക്കും. കാളകള്‍, പശുക്കള്‍, എരുമകള്‍, പോത്തുകള്‍, കന്നുകുട്ടികള് എന്നിവ ഈ നിയമ പ്രകാരം ‘കന്നുകാലികള്‍’ എന്ന നിര്‍വചനത്തിന് കീഴില്‍ വരും.
അസം കന്നുകാലി സംരക്ഷണ ബില്‍ 2021 എന്ന തലക്കെട്ടില്‍ സംസ്ഥാനത്ത് കന്നുകാലികളുടെ കശാപ്പ്, ഉപഭോഗം, അനധികൃത ഗതാഗതം എന്നിവ നിയന്ത്രിക്കുന്നതിനാണ് നിര്‍ദ്ദിഷ്ട ബില്‍ ലക്ഷ്യമിടുന്നത്. കന്നുകാലികളെ കശാപ്പ്, ഉപഭോഗം, ഗതാഗതം എന്നിവ നിയന്ത്രിക്കുന്നതിന് മതിയായ നിയമ വ്യവസ്ഥകള്‍ 1950 ലെ അസം കന്നുകാലി സംരക്ഷണ നിയമത്തില്‍ ഇല്ലെന്ന് ശര്‍മ്മ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ബില്‍ പാസാക്കിയാല്‍, മുമ്പത്തെ നിയമം റദ്ദാക്കപ്പെടും.
അതേസമയം, സര്‍ക്കാറിന്റെ ലക്ഷ്യം പശുക്കളെ സംരക്ഷിക്കുകയോ ബഹുമാനിക്കുകയോ അല്ല, മറിച്ച് മുസ്ലിം സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ”ഇത് പശുക്കളെ സംരക്ഷിക്കുന്നതിനോ പശുക്കളെ ബഹുമാനിക്കുന്നതിനോ ഉള്ള ബില്ലല്ല. മുസ്ലിംകളുടെ വികാരം വ്രണപ്പെടുത്തുന്നതിനും സമുദായങ്ങളെ കൂടുതല്‍ ധ്രുവീകരിക്കുന്നതിനുമായാണ് ഇത് കൊണ്ടുവന്നത്. ഞങ്ങള്‍ അതിനെ എതിര്‍ക്കുന്നു, ഭേദഗതി പ്രമേയങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ഓള് ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്) അധ്യക്ഷന്‍ അമിനുല്‍ ഇസ്ലാം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: