ന്യൂദല്‍ഹി: ഏകസിവില്‍ കോഡ് നടപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശിച്ച ദല്‍ഹി ഹൈക്കോടതിക്കെതിരെ മതതീവ്രവാദ ശക്തിയായ പോപുലര്‍ ഫ്രണ്ട്. ഹൈക്കോടതിയുടെ നിരീക്ഷണം അസ്ഥാനത്തുള്ളതും അനാവശ്യവും അസ്വീകാര്യവുമാണെന്ന് പോപുലര്‍ ഫ്രണ്ട് ചെയര്മാന് ഒ എം എ സലാം വെല്ലുവിളിച്ചു.
ഏകസിവില്‍ കോഡ് വഴി വ്യക്തിഗത നിയമങ്ങള്‍ ഇല്ലാതാക്കുന്നതിനെ ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ അനുകൂലി ക്കുന്നില്ല. മുന്‍കാല ബിജെപി സര്‍ക്കാരുകള്‍ക്കും ഏകസിവില്‍ കോഡ് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ല. ബിജെപിക്കും ഹിന്ദുത്വ രാഷ്ട്രീയ പങ്കാളികള്‍ക്കും ഈ പ്രശ്നം സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച് ഭൂരിപക്ഷ വോട്ടുകള്‍ സമാഹരിക്കാനുള്ള സൗകര്യപ്രദമായ ഒരു ഉപകരണമാണ്.
മതം നോക്കാതെ രാജ്യത്തെ എല്ലാ പൗരന്മാര്ക്കും വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍, അനന്തരാവകാശം, പിന്തുടര്ച്ച തുടങ്ങിയ വിഷയങ്ങളില്‍ ഒരു പൊതുനിയമമാണ് ഏകസിവില്‍ കോഡ് പ്രധാനമായും ഉന്നയിക്കുന്നത്. വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കായി വിവിധ നിയമങ്ങള്‍ നിലവിലുണ്ട്. ഏകസിവില്‍ കോഡ് വഴി മത-വ്യക്തിഗത നിയമങ്ങള്‍ ഇല്ലാതാക്കാനാണ് ഉദേശിക്കുന്നതെന്നും പോപ്പുലര്‍ ഫ്രണ്ട് ആരോപിച്ചു.
അതേസമയം, രാമക്ഷേത്രം, 370ാം വകുപ്പ്, മുത്തലാഖ് എന്നിവക്കു ശേഷം ബി.ജെ.പി ഇനി രാജ്യത്ത് വാക്കു പാലിക്കുക ഏക സിവില്‍ കോഡ് വിഷയത്തിലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന വാഗ്ദാനം സാക്ഷാത്കരിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.
പൊതു സിവില്‍ കോഡ് എന്നത് ഒരു വിശ്വാസത്തിനും മതത്തിനും എതിരാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത് ഹിന്ദുക്കള്‍ക്ക് എതിരാകില്ല, മുസ്ലിംകള്ക്കും ക്രിസ്ത്യാനികള്‍ക്കും എതിരാകില്ല. നമ്മുടെ രാഷ്ട്രീയം മനുഷ്യര്‍ക്കും മനുഷ്യത്വത്തിനും വേണ്ടിയാണെന്നും അദേഹം പറഞ്ഞു. വിവാഹം, അനന്തരാവകാശം, വിവാഹമോചനം, ദത്തെടുക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ രാജ്യത്തെ എല്ലാ പൗരന്മാര്ക്കും ഒരേ നിയമം ബാധകമാക്കാനാണ് ഏക സിവില്‍ കോഡ് ശിപാര്‍ശ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: