മുംബൈ: മഹാരാഷ്ട്രയില്‍ ഭരണസഖ്യത്തിലെ തര്‍ക്കങ്ങള്‍ മറനീക്കി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാറും ‘തന്നെ നിരീക്ഷിക്കുന്നു’വെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനെ പടോളെ ആരോപിച്ചു. ‘താഴേത്തട്ടില്‍ കോണ്‍ഗ്രസ് ശക്തിപ്പെടുന്നതുമൂലം ശിവസേനയും എന്‍സിപിയും ഭയപ്പെടുന്നതുകൊണ്ടാണ്’ ഇതെന്നും നാന പടോളെ പറയുന്നു. മുന്‍പുണ്ടായിരുന്ന സര്‍ക്കാരിനെതിരെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം ഉയര്‍ത്തിയ നേതാവാണ് പടോളെ. സംസ്ഥാനത്ത് മുഖ്യമന്ത്രി പദവും ആഭ്യന്തരവകുപ്പും ശിവസേനയും എന്‍സിപിയുമാണ് കൈകാര്യം ചെയ്യുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
‘അവര്‍ക്ക് എല്ലാക്കാര്യങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് കിട്ടുന്നു. ആര്, എവിടെ പ്രതിഷേധിക്കുന്നു, എല്ലാ കാര്യങ്ങളും അറിയിക്കേണ്ടതുണ്ട്. ഞാന്‍ എന്ത് ചെയ്യുന്നുവെന്നു പോലും അവര്‍ക്കറിയാം. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും എന്നെ നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു’- ബിജെപിയില്‍നിന്ന് കോണ്‍ഗ്രസിലെത്തിയ നാന പടോളെ കൂട്ടിച്ചേര്‍ത്തു. ‘ബിജെപിയെ തടയാന്‍ ഞങ്ങള്‍ 2019-ല്‍ മഹാ വികാസ് അഘാടി(എംവിഎ) രൂപീകരിച്ചു. ഇത് സ്ഥിരം സംവിധാനമല്ല. എല്ലാ പാര്‍ട്ടികള്‍ക്കും സംഘടന ശക്തിപ്പെടുത്താന്‍ അവകാശമുണ്ട്’ എന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ നാന പടോളെയെ പരോക്ഷമായി വിമര്‍ശിച്ച് ഉദ്ധവ് താക്കറെ രംഗത്ത് എത്തിയിരുന്നു. ആളുകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് മാത്രം സംസാരിക്കുന്നര്ക്ക് ജനങ്ങളുടെ കയ്യില്‍നിന്ന് തല്ലു കിട്ടുമെന്നായിരുന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ മുന്‍കൈ എടുത്തായിരുന്നു ശിവസേനയെയും കോണ്‍ഗ്രസിനെയും ഒന്നിച്ചുനിര്‍ത്തി എംവിഎ രൂപീകരിച്ചത്. കഴിഞ്ഞ കുറേ ആഴ്ചകളായി സഖ്യത്തിനുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉദ്ധവ് താക്കറെ കൂട്ടിക്കാഴ്ച നടത്തിയതും അഭ്യൂഹങ്ങള്‍ക്കിടയാക്കി. സേനയും ബിജെപിയും തമ്മിലുള്ള അകലം കുറയുന്നുവെന്ന വ്യാഖ്യാനങ്ങള്‍ക്ക് ഇത് ഇടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: