തൃശൂര്‍: സിക വൈറസ് ബാധ സംസ്ഥാനത്ത് കണ്ടെത്തിയതോടെ തൃശൂര്‍ ജില്ലയിലും ജാഗ്രതാ നിര്‍ദേശം. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമാക്കും. ഗര്‍ഭിണികള്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പും അറിയിച്ചു.
കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശാ വര്‍ക്കര്‍മാര്‍ക്കും പരിശീലനവും ബോധവല്‍ക്കരണവും നല്‍കിക്കഴിഞ്ഞു. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിന്റെ നേതൃത്വത്തില്‍ ഓരോ വാര്‍ഡും കേന്ദ്രീകരിച്ച് ഗര്‍ഭിണികള്‍ക്കു പ്രത്യേക കരുതലൊരുക്കും. ഡ്രൈ ഡേ ആചരണത്തിനു പുറമേ, ഗര്‍ഭിണികളുടെ വീടും പരിസരവും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കാനും കൊതുകു സാന്ദ്രത കണ്ടുപിടിക്കാനും തീരുമാനിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസലേഷന്‍ വാര്‍ഡ് തുറന്നു. സിക വൈറസിന്റെ ലക്ഷണമുള്ളവരെ നിരീക്ഷിക്കാന്‍ ഇവിടെ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ഓരോ കിടക്കകളിലും കൊതുകുവല ഉള്‍പ്പെടെ പ്രതിരോധ സംവിധാനം ഒരുക്കും. പനി ബാധിതരായ ഗര്‍ഭിണികള്‍ ഉള്‍പ്പെടെ രോഗലക്ഷണമുള്ളവരെ പ്രത്യേകമായി നിരീക്ഷിക്കുമെന്ന് ഡിഎംഒ ഡോ.കെ.ജെ.റീന അറിയിച്ചു.
എന്താണ് സിക വൈറസ് ?
പ്രധാനമായും ഈഡിസ് കൊതുകുകള്‍ വഴിയാണ് സിക വൈറസ് രോഗം പകരുന്നത്. ഇത്തരം കൊതുകുകള്‍ സാധാരണ പകല്‍ സമയത്താണ് കടിക്കുന്നത്. ഗര്‍ഭിണികളെയാണ് സിക വൈറസ് സാരമായി ബാധിക്കുന്നത്. ഗര്‍ഭകാലത്തുണ്ടാവുന്ന സിക വൈറസ് ബാധ നവജാതശിശുക്കള്‍ക്ക് മൈക്രോസെഫാലി (തലയ്ക്ക് വലുപ്പം കുറയുന്ന) വൈകല്യത്തിനു കാരണമാകാം. ഗര്‍ഭകാലത്തുള്ള സങ്കീര്‍ണതയ്ക്കും ഗര്‍ഭഛിദ്രത്തിനും സാധ്യതയുണ്ട്. കുട്ടികളിലും മുതിര്‍ന്നവരിലും സിക ബാധിച്ചാല്‍ അതു നാഡീസംബന്ധമായ പ്രശ്നങ്ങളിലെത്തിക്കും.
ലക്ഷണങ്ങള്‍
പനി,തലവേദന,ശരീരവേദന,സന്ധിവേദന, തൊലിപ്പുറത്തുണ്ടാകുന്ന ചെറിയ പാടുകള്‍, ശരീരത്തില്‍ തിണര്‍പ്പ്, കണ്ണ് ചുവക്കുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. 27 ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. അണുബാധയുള്ള എല്ലാവരിലും ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല.
രോഗം പകരുന്ന വഴി
രോഗാണു ബാധിച്ച ഈഡിസ് കൊതുക് മനുഷ്യരെ കടിക്കുമ്പോഴാണ് പ്രധാനമായും രോഗം പടരുന്നത്. രോഗബാധയുള്ള വ്യക്തിയില്‍ നിന്ന് രക്തം സ്വീകരിക്കുന്നതിലൂടെയും രോഗബാധയുള്ള വ്യക്തിയുമായുള്ള ലൈംഗികബന്ധത്തിലൂടെയും ഗര്‍ഭാവസ്ഥയിലോ പ്രസവസമയത്തോ സിക രോഗമുള്ള അമ്മയില്‍ നിന്ന് കുഞ്ഞിലേക്കും വൈറസ് പകരാം.
ചികിത്സ
ആര്‍ടിപിസിആര്‍ ടെസ്റ്റ് വഴിയാണ് സിക സ്ഥിരീകരിക്കുന്നത്. സിക വൈറസ് അണുബാധയ്ക്കു പ്രത്യേക ചികിത്സയില്ല. രോഗലക്ഷണങ്ങള്‍ അനുസരിച്ചുള്ള ചികിത്സയാണ് നല്‍കുന്നത്. നിലവില്‍ വാക്സീന് പരീക്ഷണങ്ങള്‍ നടന്നുവരുകയാണ്.
പ്രതിരോധം എങ്ങനെ?
രോഗബാധിത പ്രദേശങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് രണ്ടാഴ്ചയ്ക്കകം പനിയുണ്ടായാല്‍ സിക രോഗം സംശയിക്കണം
ഈഡിസ് കൊതുക് വളരാനിടയുള്ള, ശുദ്ധജലം കെട്ടിക്കിടക്കാനിടയുള്ള ഉറവിടങ്ങള്‍ ഒഴിവാക്കണം.
കൊതുകുകള്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്തവിധം ജലസംഭരണികള്‍ മൂടണം.
ദേഹം മുഴുവന്‍ മൂടുന്ന തരത്തില്‍ വസ്ത്രം ധരിക്കുക
കൊച്ചുകുട്ടികളും ഗര്‍ഭിണികളും പകല്‍ സമയത്തോ വൈകിട്ടോ ഉറങ്ങുകയാണെങ്കില്‍ കൊതുകു വലയ്ക്കു കീഴില്‍ ഉറങ്ങണം
സിക ബാധിതപ്രദേശങ്ങളിലുള്ള രോഗലക്ഷണമുള്ള ഗര്‍ഭിണികള്‍ വൈകാതെ ചികിത്സ തേടണം.
ആഴ്ചയില്‍ ഒരിക്കല്‍ ഉറവിട നശീകരണത്തിനായി ഡ്രൈ ഡേ ശീലമാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: