തൃശൂര്‍: മഴ കനത്തതോടെ ജനങ്ങള്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍. നഗരത്തിലെ വെള്ളക്കെട്ട് നീക്കണമെന്ന് നിര്‍ദ്ദേശിച്ചുള്ള ഹൈക്കോടതി ഉത്തരവ് ഒരു വര്‍ഷമായിട്ടും ജില്ലാഭരണകൂടം പാലിച്ചില്ല. ഇതേത്തുടര്‍ന്ന് ജില്ലാ കളക്ടറും ജലവിഭവ സെക്രട്ടറിയും കോടതിയലക്ഷ്യ കുരുക്കില്‍. ഉദ്യോഗസ്ഥര്‍ക്കെതിരെ പൊതുപ്രവര്‍ത്തകര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. ഗവ.പ്ലീഡര്‍ മുഖേനെ കളക്ടറും ജലവിഭവ സെക്രട്ടറിയും വിശദീകരണം നല്‍കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.
ഡെങ്കിപ്പനിയും എലിപ്പനിയും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പിടിപ്പെടാന്‍ സാധ്യത നിലനില്‍ക്കുമ്പോഴും നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമാകാത്തതിനാല്‍ ജനങ്ങള്‍ ഭീതിയിലാണ്. മഴ ശക്തമായാല്‍ നഗരത്തിലെ ഭൂരിഭാഗം റോഡുകളും വെള്ളക്കെട്ടിലാകും. താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയാലാകുന്നതോടെ വീട്ടുകാര്‍ താമസം മാറേണ്ടി വരും.
കളക്ടര്‍ കണ്‍വീനറായ സമിതി യോഗം ചേര്‍ന്ന് നടപടിയെടുക്കണമെന്നായിരുന്നു കോടതി വിധിച്ചിരുന്നത്. ജൂണ്‍ രണ്ടാമത്തെ ആഴ്ച കളക്ടറും ജലവിഭവ സെക്രട്ടറിയും കോടതി റിപ്പോര്‍ട്ടും ഓരോ രണ്ടാഴ്ച കൂടുമ്പോള്‍ പുരോഗതി റിപ്പോര്‍ട്ടും നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഒരു വര്‍ഷം കഴിഞ്ഞിട്ടും ഉത്തരവ് പൂര്‍ണമായി നടപ്പാക്കിയില്ലെന്ന് ആരോപിച്ചാണ് കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ വീണ്ടും സമീപിച്ചത്. ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടാന്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിടുകയായിരുന്നു.
ഉത്തരവിനെ കുറിച്ച് പഠിച്ചിട്ടില്ല
വെള്ളക്കെട്ട് വിഷയത്തില്‍ ഹൈക്കോടതിയുടെ ഉത്തരവിനെ കുറിച്ച് പഠിച്ചിട്ടില്ല. കോടതിയെ വിധിയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല. കോര്‍പ്പറേഷനില്‍ പുതിയ ഭരണസമിതി അധികാരത്തില്‍ വന്നതിനു ശേഷം ആദ്യമായി ചെയ്തത് കാനകളുടെ ശുചീകരണമാണ്. കൊവിഡ് സാഹചര്യത്തെ മുന്‍നിര്‍ത്തി 55 ഡിവിഷനുകളിലുമായി 2.25 കോടി രൂപ ഇതിനായി ചെലവഴിച്ചിട്ടുണ്ട്.
എം.കെ വര്‍ഗീസ് (മേയര്‍, തൃശൂര്‍ കോര്‍പ്പറേഷന്‍)
ശാശ്വത പരിഹാരം കാണണം
മഴക്കാലം വരുമ്പോള്‍ മാത്രമേ തൃശൂര്‍ നഗരത്തിലെ വെള്ളക്കെട്ട് വിഷയത്തെക്കുറിച്ച് ജില്ലാ ഭരണകൂടത്തിനും കോര്‍പ്പറേഷനും ഓര്‍മ്മ വരൂ. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാത്തതിനാല്‍ നഗരവാസികള്‍ ദുരിതം പേറുകയാണ്. പ്രശ്‌നത്തില്‍ അടിയന്തര നടപടിയെടുക്കാതെ അധികൃതര്‍ കടുത്ത അനാസ്ഥയാണ് കാണിക്കുന്നത്. നഗരത്തിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവരെല്ലാം വര്‍ഷങ്ങളായി വെള്ളക്കെട്ടിന്റെ രൂക്ഷതയനുഭവിക്കുന്നുണ്ട്.
-രഘുനാഥ് സി.മേനോന്‍ (ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റ്)
കടുത്ത അനാസ്ഥ
കഴിഞ്ഞ രണ്ടു പ്രളയങ്ങളിലും തൃശൂര്‍ നഗരത്തിലും സമീപ പ്രദേശങ്ങളായ ചെമ്പൂക്കാവ്, വില്‍വട്ടം, വിയ്യൂര്‍, അയ്യന്തോള്‍, കുണ്ടുവാറ തുടങ്ങിയ മേഖലകളിലും രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. ജില്ലാഭരണകൂടവും കോര്‍പ്പറേഷനും പ്രശ്‌നത്തില്‍ യാതൊന്നും ചെയ്യാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പ്രളയവുമായി ബന്ധപ്പെട്ട് യുക്തമായ നടപടിയെടുക്കാതെ കോര്‍പ്പറേഷന്‍ കടുത്ത അനാസ്ഥയാണ് കാണിച്ചത്. ജില്ലാഭരണകൂടവും വിഷയത്തില്‍ ഗുരുതുരമായ വീഴ്ച വരുത്തി.
-അഡ്വ.ഷാജി കോടങ്കണ്ടത്ത് (പൊതുപ്രവര്‍ത്തകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: