ന്യൂദല്‍ഹി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ ആദ്യ ദേശീയ ജനാധിപത്യ സഖ്യ(എന്‍ഡിഎ) സര്‍ക്കാരിലെ മന്ത്രിമാര്‍ക്ക് ലഫ്. ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ ഞായറാഴ്ച വകുപ്പുകള്‍ അനുവദിച്ചു. ഓള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസിന്റെയും(എഐഎന്‍ആര്‍സി) ബിജെപിയുടെയും അഞ്ചു എംഎല്‍എമാര്‍ രണ്ടാഴ്ച മുന്‍പ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് വകുപ്പു വിഭജനം. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് പുതുച്ചേരി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ആരോഗ്യവും കുടുംബക്ഷേമവും ഉള്‍പ്പെടെ 13 വകുപ്പുകള്‍ മുഖ്യമന്ത്രിയും എഐഎന്‍ആര്‍സി നേതാവുമായ എന്‍ രംഗസ്വാമി കൈകാര്യം ചെയ്യും.
കോണ്‍ഫിഡന്‍ഷ്യല്‍, ക്യാബിനറ്റ് വകുപ്പ്, സഹകരണം, റവന്യൂ, എക്‌സൈസ്, പൊതുഭരണം, ഹിന്ദുമത സ്ഥാപനങ്ങള്‍, വഖഫ് ബോര്‍ഡ്, തദ്ദേശഭരണം, തുറമുഖം, ശാസ്ത്രം, സാങ്കേതികവിദ്യ, നഗരാസൂത്രണം, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിസിറ്റി തുടങ്ങിയ വകുപ്പുകളാണ് അദ്ദേഹത്തിന് കീഴില്‍ വരിക. മറ്റ് അഞ്ചു മന്ത്രിമാര്‍ക്കും ആറു വകുപ്പുകള്‍ വീതം നല്‍കി. ബിജെപിയുടെ എ നമശിവായമാണ് ആഭ്യന്തരവകുപ്പ് മന്ത്രി. വൈദ്യുതി, വാണിജ്യവും വ്യവസായവും, വിദ്യാഭ്യാസം, കായികം, യുവജനകാര്യം, സൈനികക്ഷേമം എന്നീ വകുപ്പുകളുടെയും അധികച്ചുമതലയുണ്ടാകും.
ബിജെപിയില്‍നിന്നു തന്നെയുള്ള സായി ശരവണന്‍ കുമാറിന് സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യം എന്നീ വകുപ്പുകള്‍ക്കൊപ്പം ജില്ലാ ഗ്രാമ വികസന ഏജന്‍സി, അഗ്നി രക്ഷ, ന്യൂനപക്ഷകാര്യം തുടങ്ങിയ വകുപ്പുകളുടെ അധിക ചുമതലയുമുണ്ടാകും. അതേസമയം എന്‍ആര്‍സിയില്‍നിന്നുള്ള കെ ലക്ഷ്മീനാരായണന് പൊതുമരാമത്തിനൊപ്പം ടൂറിസവും ഫിഷറീസും മറ്റ് വകുപ്പുകളും നല്‍കി. മുഖ്യമന്ത്രിയുടെ പാര്‍ട്ടി അംഗമായ സി ഡിജിയകൗമറിന് കൃഷി, വനം, സാമൂഹികക്ഷേമം തുടങ്ങിയ വകുപ്പുകള്‍. നാലു പതിറ്റാണ്ടിനിടയിലെ കേന്ദ്രഭരണ പ്രദേശത്തെ ആദ്യ വനിതാമന്ത്രിയായ ചന്ദിര പ്രിയങ്കയ്‌ക്ക് ധനം, തൊഴില്‍, സാംസ്‌കാരികം തുടങ്ങിയ വകുപ്പുകളും കിട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: