കോഴിക്കോട്: സംസ്ഥാനത്തെ വിവിധ ഗവണ്മെന്റ് ദന്തല്‍ കോളേജുകളില്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റസിഡന്റുമാരായി നിയമിക്കപ്പെട്ട ഡോക്ടര്‍മാര്‍ക്ക് രണ്ടു മാസമായിട്ടും ശമ്പളം നല്‍കിയിട്ടില്ലെന്ന് പരാതി. കോഴിക്കോട്, കണ്ണൂര്‍ പരിയാരം, തൃശൂര്‍, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകളില്‍ ദന്തല്‍ എന്എജെആര്മാരായി നിയമിക്കപ്പെട്ട 150ല്‍പരം ഡോക്ടര്‍മാര്‍ക്കാണ് രണ്ടു മാസമായിട്ടും ശമ്പളം നല്‍കാത്തത്. കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് കേസുകള്‍ കൂടി ഡോക്ടര്‍മാര്‍ക്ക് ക്ഷാമം നേരിട്ടതോടെയാണ് ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാരെ നോണ്‍ അക്കാദമിക് ജൂനിയര്‍ റസിഡന്റുമാരായി നിയമിച്ചത്.
ഏപ്രില്‍ 19ന് ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയവരെ മെയ് 17 മുതലാണ് എന്‍എജെആര്‍ തസ്തികയില്‍ നിയമിച്ചത്. പ്രതിമാസം 42,000 രൂപ നല്‍കാമെന്ന് വ്യവസ്ഥയിലാണ് ദന്തല്‍ കോളജുകളില്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റസിഡന്റ് തസ്തികയിലേക്ക് ഇവരെ നിയമിച്ചത്. ദന്തല്‍ കോളജുകളിലെ വിവിധ വിഭാഗങ്ങളിലെ ഡ്യൂട്ടി, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒഎംഎഫ്എസ് ക്യാഷ്വാലിറ്റി, എന്നിവയിലെ ഡ്യൂട്ടിക്ക് പുറമേ മെഡിക്കല്‍ കോളജിലെ കൊവിഡ് ഐസിയു, കൊവിഡ് ക്യാഷ്വാലിറ്റി വാര്‍ഡ്, കൊവിഡ് കണ്ട്രോള് റൂം എന്നിങ്ങനെ വിവിധ ജോലികള്‍ ദന്തല്‍ കോളജുകളില്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റസിഡന്റുമാരായി നിയമിക്കപ്പെട്ട ഡോക്ടര്‍മാര്‍ ചെയ്തുവരുന്നു. ദന്തലായതുകൊണ്ട് ഇവര്‍ക്ക് കൂടുതല്‍ ഡ്യൂട്ടിയില്ലെന്ന കാരണത്താലാണ് ശമ്പളം നല്കാന് വൈകുന്നത്. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഇതുസംബന്ധിച്ച് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്ന് ദന്തല്‍ എന്‍എജെആര്‍ ഡോക്ടര്‍മാര്‍ പറയുന്നു.
എന്നാല്‍, ഡ്യൂട്ടിയുടെ കുറവ് ചൂണ്ടിക്കാട്ടി ഇവര്‍ക്ക് ശമ്പളമായി 25,000 രൂപ നല്കിയാല് മതിയെന്ന നിലപാടിലാണ് അധികൃതര്‍. ഈ തുക പോലും എന്നു ലഭിക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ല. മെഡിക്കല്‍ കോളേജില്‍ നിന്നും ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ ശേഷം എന്എജെആറുമാരായി നിയമിക്കപ്പെട്ട എംബിബിഎസ് ഡോക്ടര്‍മാര്‍ക്ക് പ്രതിമാസം 42,000 രൂപ നല്കി. ഇതേശമ്പളം തങ്ങള്‍ക്കും നല്‍കണമെന്നാണ് ദന്തല്‍ കോളജുകളില്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റസിഡന്റുമാരായി നിയമിക്കപ്പെട്ട ഡോക്ടര്‍മാരുടെയും ആവശ്യം. ഇതേ ശമ്പളം ലഭിക്കാത്ത പക്ഷം 13 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് ദന്തല്‍ എന്എജെആര്മാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: