തിരുവനന്തപുരം: ഇടുക്കി വണ്ടിപ്പെരിയാറിലേക്കുളള യാത്രയില്‍ എന്ന തലക്കെട്ടില്‍ ചിരിയോടെ കാറിലിരിക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ച സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാലിന്റെ നടപടി വലിയ വിവാദമായിരുന്നു. വണ്ടിപ്പെരിയാറിലെ കുട്ടിയുടെ അതിക്രൂരമായ കൊലപാതകം സംസ്ഥാനമൊല്ലാകെ ചര്‍ച്ചയാകുമ്പോള്‍ ഇത്തരം ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രോഷവും ശക്തമായി. കമന്റ് ബോക്‌സില്‍ ഷാഹിദയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെ വനിതാ കമ്മിഷന്‍ അംഗം പോസ്റ്റ് പിന്‍വലിച്ച് തടിതപ്പിയിരുന്നു.
ഇപ്പോള്‍ ആ പോസ്റ്റിനു വിചിത്ര വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷാഹിദ കമാല്‍. ആ പോസ്റ്റ് ഇട്ടത് ഇന്നലെയാണ്. ഇന്ന് അങ്ങനെ ഒരു പോസ്റ്റ് ഇടില്ല. താന്‍ ദു:ഖങ്ങള്‍ മറച്ചുപിടിച്ച് ചിരിക്കാന്‍ ശ്രമിക്കന്നയാളാണ്. അതുകൊണ്ടാണ് അത്തരത്തില്‍ ഒരു പോസ്റ്റ് ഇട്ടതെന്നാണ് ഷാഹിദയുടെ വിശദീകരണം.
വനിതാ കമ്മിഷന്‍ അംഗത്തിന്റെ ‘ഉല്ലാസ’ പോസ്റ്റിനെതിരേ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍മീഡിയില്‍ ഉയര്‍ന്നത്. ഫോട്ടോ കണ്ടപ്പോള്‍ കല്യാണത്തിന് പോകുവാണെന്ന് തെറ്റിദ്ധരിച്ചു, ക്ഷമിക്കണം തുടങ്ങി നിരവധി കമന്റുകളും വിമര്‍ശനങ്ങളുമാണ് പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെട്ടത്. ഷാഹിദ പോസ്റ്റ് പിന്‍വലിച്ചെങ്കിലും അതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും പ്രചരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: