തിരുവനന്തപുരം: സ്ത്രീകളുടെ, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ മാനം ചതച്ചരയ്‌ക്കപ്പെടുന്ന നാടായി കേരളം മാറുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പിണറായി സര്‍ക്കാര്‍ നമ്പര്‍ വണ്‍ ആക്കിയെന്ന് കൊട്ടിഗ്‌ഘോഷിക്കുന്ന സംസ്ഥാനത്ത് അഞ്ചു മാസത്തിനിടെ 1513 ബലാത്സംഗക്കേസുകള്‍. ഇതില്‍ 627 കേസുകളില്‍ കുട്ടികളാണ് ഇരയായത്.
കേരളത്തില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളും ലൈംഗിക അതിക്രമവും വര്‍ധിക്കുന്നതായി പോലീസിന്റെ കണക്കുകള്‍ തന്നെയാണ് തെളിവ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടക്കുന്ന ക്രൂരമായ അക്രമങ്ങള്‍ ഏറെ വിവാദമായ സന്ദര്‍ഭത്തിലാണ് പുതിയ കണക്ക് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ടതെന്നതും ശ്രദ്ധേയം. 2021 ജനുവരി മുതല്‍ മെയ് മാസം വരെയുള്ള അഞ്ചു മാസത്തിനിടെയാണ് ഇത്രയേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.
ഈ കാലയളവില്‍ പതിനഞ്ചു കുട്ടികള്‍ക്ക് ലൈംഗികാതിക്രമത്തിനിടെ ജീവന്‍ നഷ്ടമായി. കുട്ടികളെ തട്ടിക്കൊണ്ടുപോയ 89 കേസുകള്‍. ആറു കുട്ടികള്‍ ഉപേക്ഷിക്കപ്പെട്ടു. നിയമം മൂലം നിരോധിച്ച ശൈശവ വിവാഹ കേസുകള്‍ അഞ്ചെണ്ണവും കുട്ടികള്‍ക്ക് എതിരായ മറ്റു കുറ്റകൃത്യങ്ങള്‍ 897 എണ്ണവുമാണ് രജിസ്റ്റര്‍ ചെയ്തത്. കുട്ടികള്‍ക്കെതിരായ അതിക്രമത്തില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത് 1639 കേസുകള്‍. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ 43 കുട്ടികളാണ് കൊല്ലപ്പെട്ടതെന്നും 1,770 കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ പോലും ലൈംഗികവൈകൃതത്തിന് ഇരയായെന്നും പോലീസ് പുറത്തുവിട്ട കണക്കില്‍ ചൂണ്ടിക്കാട്ടുന്നു.
ഈ വര്‍ഷം ഇതുവരെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും മോശം പെരുമാറ്റത്തിനും മൊത്തം 5208 കേസുകളുണ്ട്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ 1,437 ലൈംഗികാതിക്രമ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 75 പേരെ തട്ടിക്കൊണ്ടു പോയി. മോശം പെരുമാറ്റം 149, ഭര്‍ത്തൃപീഡനം 1159, മറ്റതിക്രമങ്ങള്‍ 1502 എന്നിങ്ങനെയാണ് കേസുകള്‍. കഴിഞ്ഞ ഒന്നര വര്‍ഷമായി 2693 ബലാത്സംഗകേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഈ വര്‍ഷം ആദ്യ അഞ്ചു മാസത്തിനിടെ ഒരു സ്ത്രീധന മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്താകെ ആറ് സ്ത്രീധന മരണങ്ങള്‍ മാത്രമെ നടന്നിട്ടുള്ളുവെന്നും പോലീസിന്റെ ക്രൈം സ്റ്റാറ്റിറ്റിക്‌സ് വ്യക്തമാക്കുന്നു. 2016 മുതല്‍ ഓരോ വര്‍ഷവും സംസ്ഥാനത്ത് ലൈംഗികാതിക്രമ കേസുകള്‍ വര്‍ധിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: