ഓയൂര്‍: കരീപ്ര ഗ്രാമപ്പഞ്ചായത്തിലെ ഇടയ്ക്കിടം ഏലായില്‍ തരിശുകിടന്ന ഒരേക്കറോളം നിലത്തില്‍ ഇനി പൊന്നു വിളയും. ഏലായില്‍ വര്‍ഷങ്ങളായി കാടുമൂടിക്കിടന്ന വയല്‍ ഇടയ്ക്കിടം സുരേഷ് കുമാര്‍ ഫൗണ്ടേഷന് പാട്ടത്തിനെടുത്ത് നെല്‍ക്കൃഷിക്ക് ഒരുക്കിയതോടെയാണിത്. മന്ത്രി കെ.എന്‍.ബാലഗോപാലിന്റെ നേച്ചര്‍ കൊട്ടാരക്കരയുമായി ചേര്‍ന്നാണ് കൃഷി. ദിവസങ്ങള്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് ഏലാ നെല്‍ക്കൃഷിക്കായി ഒരുക്കിയെടുത്തത്.
കാടും പടലും നീക്കിയ നിലം ഉഴുതുമറിക്കാന്‍ ട്രില്ലറിറക്കിയെങ്കിലും വയലിലെ പുതയല്‍ വെല്ലുവിളിയായി. ട്രില്ലര്‍ പലപ്പോഴും ചതുപ്പില്‍ മുങ്ങുന്ന അവസ്ഥ വന്നു. ഫൗണ്ടേഷന് പ്രവര്‍ത്തകരും കര്‍ഷകരും അത്യധ്വാനം ചെയ്താണ് ഉഴവ് പൂര്‍ത്തിയാക്കിയത്. ഫൗണ്ടേഷന് അംഗങ്ങളായ കൃഷി വകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ആവേശമായി ഒപ്പമുണ്ടായിരുന്നു. ഞായറാഴ്ച വിത്ത് വിതയ്ക്കും.
ഇടയ്ക്കിടത്തെ ഹരിത ഗ്രാമം പദ്ധതിയുടെ ഭാഗമായാണ് നെല്‍ക്കൃഷി ചെയ്യുന്നത്. പ്രദേശത്തെ ഇരുന്നൂറോളം വീടുകളില്‍ പച്ചക്കറി കൃഷിയും ഫൗണ്ടേഷന് ചെയ്യുന്നുണ്ട്. 50 വീടുകളില്‍ ഫൗണ്ടേഷന് നേരിട്ട് തൈകള്‍ നട്ട് തോട്ടമൊരുക്കി നല്‍കുന്നുമുണ്ട്. കരീപ്ര കൃഷിഭവന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ചാണ് ഫൗണ്ടേഷന് കൃഷി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: