കോട്ടയം: റബ്ബര്‍തൈകളുമായി ഗുവാഹത്തിയിലേക്ക് പോകുന്ന സ്പെഷ്യല്‍ ട്രെയിനായ ഭാരതപ്പുഴ – ബ്രഹ്മപുത്ര റബ്ബര്‍ എക്സ്പ്രസ് യാത്ര തിരിച്ചു. അസം, മേഘാലയ, നാഗാലാന്‍ഡ്, അരുണാചല്‍പ്രദേശ്, മണിപ്പൂര്‍, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുന്നതിനുള്ള റബ്ബര്‍ തൈകളാണ് ട്രെയിനിലുള്ളത്.
റബ്ബര്‍ ബോര്‍ഡ്, നബാര്‍ഡിന്റെയും ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന ക്രെഡിറ്റ് ലിങ്ക്ഡ് റബ്ബര്‍ പ്ലാന്റേഷന് ഡെവലപ്മെന്റ പദ്ധതിയില്‍പെടുത്തിയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് റബ്ബര്‍ തൈകള്‍ സംഭരിച്ച് അയക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പുതുകൃഷിയും ആവര്‍ത്തനകൃഷിയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയിലെ റബ്ബറുത്പാദനം കൂട്ടുകയും ഉത്പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം കുറയ്ക്കുകയുമാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. 2021 – 22 മുതല്‍ 2025 -26 വരെയുള്ള അഞ്ചു വര്‍ഷക്കാലം കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കുക.
റബ്ബര്‍ ബോര്‍ഡിന്റെയും സ്വകാര്യമേഖലയിലെയും റബ്ബര്‍ നഴ്സറികളില്‍ നിന്ന് സംഭരിക്കുന്ന അഞ്ചു ലക്ഷം കപ്പു തൈകള്‍ ദക്ഷിണ റെയില്‍വേയുടെ സഹകരണത്തോടെ മൂന്നു സ്പെഷ്യല്‍ ടെയിനുകളിലായി അയക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ബോര്‍ഡ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഗുവാഹത്തിയിലേക്ക് പുറപ്പെട്ട ആദ്യ സ്പെഷ്യല്‍ ട്രെയിനില്‍ പ്രത്യേകം കാര്‍ട്ടണുകളില്‍ പായ്ക്കു ചെയ്ത ഒന്നര ലക്ഷം റബ്ബര്‍ തൈകളാണ് ഉള്ളത്. 2021 – 22 വര്‍ഷത്തില്‍ പതിനായിരം ഹെക്ടര്‍ സ്ഥലത്ത് റബ്ബര്‍ കൃഷി ചെയ്യുക എന്നതാണ് ബോര്‍ഡിന്റെ ലക്ഷ്യം. വിവിധ റബ്ബറിനങ്ങളുടെ 50 ലക്ഷത്തോളം തൈകള്‍ ഇതിനായി വേണ്ടി വരും.
റബ്ബര്‍ തെകളുമായി ഗുവാഹത്തിയിലേക്ക് പോകുന്ന സ്പെഷ്യല്‍ ട്രെയിനായ ഭാരതപ്പുഴ – ബ്രഹ്മപുത്ര റബ്ബര്‍ എക്സ്പ്രസ് തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ റബ്ബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എന്‍. രാഘവനും ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ആര്. മുകുന്ദും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു. സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ പി.എ. ധനഞ്ജയന്, അസിസ്റ്റന്റ് കൊമേഴ്സ്യല്‍ മാനേജര്‍ ടി. പ്രവീണ്‍ കുമാര്‍, ഡെപ്യൂട്ടി റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍മാരായ കെ.ജി. ജോണ്സണ്, വി.ഡി. ഹരി, എം. ജോര്‍ജ് മാത്യു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. രണ്ടു ലക്ഷം തൈകളുമായി ഈ മാസം 25 ന് അടുത്ത ട്രെയിന്‍ പുറപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: