കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കാലംചെയ്തു. . കഴിഞ്ഞ ഫെബ്രുവരി 23 ന് കോവിഡ് പോസിറ്റീവായ അദ്ദേഹം രോഗമുക്തനായ ശേഷം അര്‍ബുദചികിത്സ തുടരുകയായിരുന്നു.
കബറടക്കം ചൊവ്വാഴ്ച കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍. ഇന്നു രാവിലെ ആറിന് ഭൗതിക ശരീരം പരുമല പള്ളിയിലെത്തിക്കും. ഏഴിന് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്ത കുര്‍ബാന അര്‍പ്പിക്കും. വൈകിട്ട് ഏഴ് വരെ പരുമല പള്ളിയില്‍ പൊതുദര്‍ശനമുണ്ടായിരിക്കും.
ഏഴിന് വിടവാങ്ങല്‍ പ്രാര്‍ഥനയ്‌ക്കു ശേഷം കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്കു വിലാപയാത്രയായി കൊണ്ടുപോകും. രാത്രി ഒന്‍പതോടെ ദേവലോകത്ത് പൊതുദര്‍ശനമുണ്ടാകും.
ചൊവ്വാ രാവിലെ ആറിന് പൊതു ദര്‍ശനത്തിനായി അരമന കോംപൗണ്ടിലെ പന്തലിലേക്കു ബാവായുടെ ഭൗതികശരീരം മാറ്റും. വൈകിട്ട് മൂന്നോടെ അരമന ചാപ്പലിന്റെ മദ്ബഹായിലേക്കു കൊണ്ടു വന്ന് ശുശ്രൂഷകള്‍ പൂര്‍ത്തീകരിച്ച് അഞ്ചു മണിയോടെ അരമന ചാപ്പലിനോടു ചേര്‍ന്നുള്ള പരിശുദ്ധ കാതോലിക്കാ ബാവാമാരുടെ കബറിടത്തിനോടു ചേര്‍ന്നുള്ള കബറിടത്തില്‍ സംസ്‌കാരം നടത്തും.
മലങ്കര സഭയിലെ എട്ടാമത്തെ കാതോലിക്കായായിരുന്നു പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. കൂടാതെ 21 ാമത്തെ മലങ്കര മെത്രാപ്പോലീത്തായുമായിരുന്നു. പൗരസ്ത്യ കാതോലിക്കാ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട, കുന്നംകുളം സ്വദേശിയായ ആദ്യ സഭാപിതാവാണ്.
തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്തെ പഴഞ്ഞി മങ്ങാട് കൊള്ളന്നൂര്‍ കെ.എ.ഐപ്പിന്റെയും കുഞ്ഞീട്ടിയുടേയും മകനായി 1946 ആഗസ്ത് 30ന് ജനിച്ച അദ്ദേഹത്തിന് മാതാപിതാക്കള്‍ നല്‍കിയ പേര് പോള്‍ എന്നായിരുന്നു. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ ബിരുദവും കോട്ടയം സി.എം.എസ് കോളേജില്‍ നിന്ന് സാമൂഹിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരിയിലും സെറാംപൂര്‍ സര്‍വ്വകലാശാലയിലുമായി വൈദിക പഠനം പൂര്‍ത്തിയാക്കി. 1972ല്‍ ശെമ്മാശ പട്ടവും 1973ല്‍ കശീശ സ്ഥാനവും സ്വീകരിച്ചു. 1982ല്‍ പൗലോസ് മാര്‍ മിലിത്തിയോസ് എന്ന പേരില്‍ എപ്പിസ്‌ക്കോപ്പയായി. 1985ല്‍ മെത്രാപ്പൊലിത്തയും പുതുതായി രൂപീകരിച്ച കുന്നംകുളം ഭദ്രാസനത്തിന്റെ പ്രഥമ സാരഥിയുമായി. 2006 ഒക്‌ടോബര്‍ 12 ന് നിയുക്ത കാതോലിക്കായായി തിരഞ്ഞെടുക്കപ്പെട്ടു. നാലു വര്‍ഷത്തിനുശേഷം ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ സ്ഥ്യാനത്യാഗം ചെയ്തതിനെ തുടര്‍ന്ന് 2010 നവംബര്‍ 1ന് പരുമല സെമിനാരിയില്‍ വെച്ച് കാതോലിക്കാ ബാവയായി വാഴിക്കപ്പെട്ടു
















