കശ്മീർ: മലയാളി പെണ്‍കരുത്തിന്റെ പ്രതീകമായി കശ്മീര്‍ അതിർത്തി കാക്കാന്‍ കേരളത്തിലെ കായംകുളം സ്വദേശിനിയായ പെണ്‍കുട്ടിയും. കശ്മീര്‍ അതിര്‍ത്തി കാക്കുന്ന അസം റൈഫിൾസ് റെജിമെൻറ് ഭാഗമായുള്ള ഏകമലയാളിയാണ് ആതിര.സേനയുടെ സംരക്ഷണ കവചവും റൈഫിളും പിടിച്ച് ആതിര അതിർത്തി കാക്കുമ്പോൾ ഓരോ മലയാളിക്കും, പ്രത്യേകിച്ച് മലയാളി പെണ്‍കുട്ടികള്‍ക്ക് അത് അഭിമാനനിമിഷമാണ്.
നാലു മാസങ്ങൾക്ക് മുൻപാണ് കശ്മീര്‍ അതിര്‍ത്തിയായ ഗന്ധർബാൽ എന്ന പ്രദേശത്ത് ആതിര നിയോഗിക്കപ്പെട്ടത്. കായംകുളം പുള്ളിക്കണക്ക് തെക്കേ മങ്കുഴി ഐക്കര കിഴക്കേതില്‍ ആതിര എസ്. പിള്ള എന്ന 25 കാരി നാല് വര്‍ഷം മുന്‍പാണ് സൈന്യത്തില്‍ ചേര്‍ന്നത്.
ഇന്ത്യൻ ആർമിയും അതിര്‍ത്തിപ്രദേശത്തെ ഗ്രാമങ്ങളിലും സാധാരണകുടുംബങ്ങളുമായി ബന്ധം മെച്ചപ്പെടുത്തുക എന്നതാണ് അസം റൈഫിൾസിന്റെ ദൗത്യം. നാട്ടുകാരും ആയുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നതാണ് ആതിര അടക്കമുള്ള ടീമിന് നൽകിയിരിക്കുന്ന ദൗത്യം. അതിര്‍ത്തി സംരക്ഷണത്തിന്റെ ഭാഗമായി വീടുകളിൽ കയറി പരിശോധന നടത്തേണ്ടി വരുന്ന സാഹചര്യങ്ങളിൽ അവിടെയുള്ള സ്ത്രീകളുടെയും കുട്ടികളുടെയും സഹകരണം ഉറപ്പാക്കുന്നതിന് വനിത സൈനീകരെ നിയോഗിക്കാറുണ്ട്. സൈന്യത്തോടുള്ള ഭയം മാറ്റുകയെന്നതും ഇവരുടെ കടമയാണ്.
തുടക്കത്തിലെ നിസഹകരണം പ്രകടിപ്പിച്ചവരില്‍ ഇപ്പോള്‍ നല്ല മാറ്റമാണ് സംഭവിക്കുന്നതെന്ന് ആതിര പറയുന്നു.ഞങ്ങളെ കാണുമ്പോൾ ഓരോ പെൺകുട്ടികൾക്കും അഭിമാനമാണ്. അവർ വളരുമ്പോൾ ഞങ്ങളെ പോലെ ആകാൻ ആഗ്രഹിക്കുന്നു. പ്രത്യേക സാഹചര്യങ്ങളിൽ വീടുകളിൽ പരിശോധന നടത്തേണ്ടി വരാറുണ്ട്. അപ്പോൾ സ്ത്രീകളെയും കുട്ടികളെയും പരിശോധിക്കേണ്ട ഉത്തരവാദിത്വം ഞങ്ങൾക്കാണ്. ആദ്യമാദ്യം ഉണ്ടായിരുന്ന നിസഹകരണം ഇപ്പോൾ കുറഞ്ഞു വരുന്നുണ്ട്’- ആതിര ഒരു മാധ്യമത്തി നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
പുരുഷ സൈനികർ ചെയ്യുന്ന പട്രോളിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവരും ചെയ്യുന്നുണ്ട്. അസം റൈഫിള്‍സിലെ റൈഫില്‍ മൂവ്‌മെന്റ് ജനറല്‍ ഡ്യൂട്ടി തസ്തികയിലാണ് ആതിര ജോലി ചെയ്യുന്നത്.ആതിരയുടെ അച്ഛനും സൈന്യത്തിലായിരുന്നു. 13 വർഷങ്ങൾക്ക് മുൻപ് അച്ഛൻ കേശവൻ പിള്ള കുടുംബത്തെ വിട്ടു പിരിഞ്ഞപ്പോഴാണ് അച്ഛന്റെ ജോലി ആതിരയ്‌ക്ക് ലഭിക്കുന്നത്. അസം റൈഫിൾസിലെ ഇൻഫർമേഷൻ വാർഫെയർ വിഭാഗത്തിലാണ് 21 വയസ്സുള്ളപ്പോള്‍ ആതിരയ്‌ക്ക് നിയമനം ലഭിച്ചത്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ആതിര നിറഞ്ഞുനില്‍ക്കുകയാണ്. ദിവസവും നിരവധി അഭിനന്ദനപോസ്റ്റുകളാണ് ഈ പെണ്‍കുട്ടിയുടെ പേരില്‍ വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: