Categories: Literature

യുഗചക്രങ്ങള്‍!

സാഗര്‍ ഉണര്‍ന്നെണീറ്റു. അനവദ്യമായ ഭൂമഹിമകളെ കണ്ട് അവന്‍ അത്ഭുതപ്പെട്ടു. അവന്‍ കോളജ് കുമാരന്‍ ആയിരുന്നു. അവന് ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നി തുടങ്ങിയിരുന്നു.

പക്ഷേ സാഗറിന്റെ അമ്മ അവനോട് പറഞ്ഞിട്ടുണ്ട്. മോനേ, നീ വഴിതെറ്റി പോകരുത്. കൂട്ടുകാര്‍ മദ്യപിക്കാന്‍ ക്ഷണിക്കുമ്പോഴും സാഗര്‍ അതോര്‍ക്കും.

ഒരിക്കല്‍ സാഗര്‍ കൂട്ടുകൂടി ഒരു സിഗററ്റ് വലിക്കാന്‍ ഇടയായി. വീട്ടില്‍ വന്നപ്പോള്‍ അമ്മ മണം കണ്ടുപിടിച്ചു. അമ്മ കരയുന്നത് കണ്ടപ്പോള്‍ സാഗറിന് സങ്കടമായി.

അമ്മ കരയരുത്. ഞാനെന്തുചെയ്യണം? അവന്‍ ചോദിച്ചു. അമ്മ പറഞ്ഞു. നീ അച്ഛനെ കണ്ടു പഠിക്കരുത്. എന്തു ചെയ്യണം എന്ന് മുത്തച്ഛനോട് പോയി ചോദിക്ക്.

മുത്തച്ഛന്‍ വെറ്റില മുറുക്കിക്കൊണ്ട് ഇരുന്ന് എഴുതുകയായിരുന്നു. സാഗര്‍ പതുക്കെ മുത്തച്ഛനെ തൊട്ടു വിളിച്ചു. തൊഴുതുകൊണ്ട് ചോദിച്ചു. ഞാന്‍ എന്തു ചെയ്യണം?

നീ എന്തുവേണമെങ്കിലും ചെയ്തുകൊള്ളൂ. മുത്തച്ഛന്‍ പറഞ്ഞു. അതെന്താണ്? സാഗര്‍ ചോദിച്ചു.

അപ്പോള്‍ മുത്തച്ഛന്‍ പറഞ്ഞു. യുഗങ്ങള്‍ നാലാണ്. കൃതയുഗം, ദ്വാപരയുഗം, ത്രേതായുഗം, കലിയുഗം. സാഗര്‍ പറഞ്ഞു. അതെനിക്കറിയാം. ജീവനുത്ഭവിച്ച് നശിക്കുന്നതു വരെയുള്ള സമയം.

അതെ. മുത്തച്ഛന്‍ പറഞ്ഞു. ജലത്തില്‍ ജീവനുത്ഭവിക്കുന്ന മഹാവിഷ്ണുവിന്റെ മത്സ്യാവതാരം മുതല്‍ അവതാരങ്ങളേതൊക്കെ? മുത്തച്ഛന്‍ ചോദിച്ചു.

സാഗര്‍ പറഞ്ഞു. മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീകൃഷ്ണന്‍, കല്‍ക്കി. സാഗര്‍ ചോദിച്ചു. അപ്പോള്‍ കല്‍ക്കി തന്നെ അല്ലേ കലികാലം? അവന്‍ തന്നെ പറഞ്ഞു. ശരിയാണ് പ്രളയം കഴിഞ്ഞാല്‍ വീണ്ടും മത്സ്യാവതാരം.

മുത്തച്ഛന്‍ പറഞ്ഞു. പത്തവതാരം കഴിയുമ്പോള്‍ നാലു യുഗങ്ങള്‍ കഴിഞ്ഞിരിക്കും. വീണ്ടും ജലത്തില്‍ ജീവനുത്ഭവിച്ച്  ഇതുപോലെ തന്നെ സംഭവിക്കും. അതാണ് കുട്ടാ… യുഗചക്രം എന്നു പറയുന്നത്.

അപ്പോള്‍ സാഗര്‍ പറഞ്ഞു. എല്ലാ യുഗചക്രങ്ങളും ഒരുപോലെയാണ് സംഭവിക്കുന്നതെങ്കില്‍…

മുത്തച്ഛന്‍ പൊട്ടി ചിരിച്ചു. നീ കഴിഞ്ഞ യുഗചക്രത്തില്‍ ഒരു സിഗററ്റ് വലിച്ചതുകൊണ്ടാണ്  ഇന്നലെയും ഒരു സിഗററ്റ് വലിച്ചത്. അപ്പോള്‍ സാഗര്‍ പറഞ്ഞു. ഇനിയും വലിക്കാതിരുന്നാല്‍ അടുത്ത യുഗചക്രത്തിലും വലിക്കാതിരിക്കാം. അല്ലേ മുത്തച്ഛാ.

മുത്തച്ഛന്‍ ചോദിച്ചു. ഇപ്പോള്‍ മനസ്സിലായോ സാഗര്‍ കയറി പറഞ്ഞു. എന്തുവേണമെങ്കിലും ചെയ്തുകൊള്ളൂ എന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന്!

വേണു പരമേശ്വരന്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Tags: കഥ