ന്യൂഡൽഹി: ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ഇന്ത്യന്‍ നിമയങ്ങള്‍ക്ക് ട്വിറ്റര്‍ വഴങ്ങുന്നു. ഇന്ത്യയില്‍ ഇന്ത്യക്കാരനായ ഒരു പരാതി പരിഹാര ഓഫീസറെ നിയമിക്കണമെന്ന നിയമത്തിലെ നിര്‍ദേശം നടപ്പാക്കിയതായി ട്വിറ്റര്‍ അറിയിച്ചു. ഇന്ത്യയില്‍ ട്വിറ്ററിനെക്കുറിച്ചുള്ള പരാതി പറയാന്‍ ഇന്ത്യക്കാരനായ ഒരു പരാതി പരിഹാര ഓഫീസറില്ലെന്നതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരും ട്വിറ്ററും തമ്മില്‍ കുറച്ചുനാളുകളായി വാഗ്വാദം നടന്നുവരികയായിരുന്നു.
വിനയ് പ്രകാശിനെയാണ് ഇന്ത്യയിലെ പരാതി പരിഹാര ഓഫീസറായി നിയമിച്ചിരിക്കുന്നത്. വെബ്സൈറ്റിലൂടെയാണ് ട്വിറ്റർ ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിനെക്കുറിച്ചുള്ള പരാതികള്‍ [email protected] എന്ന ഐഡിയിലൂടെ അറിയിക്കാമെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യൻ വിവരസാങ്കേതിക നിയമ പ്രകാരം ട്വിറ്ററിന് ലഭിക്കുന്ന പരാതികളെ കുറിച്ച് കമ്പനി എല്ലാ മാസവും റിപ്പോർട്ട് തയ്യാറാക്കണം. പരാതികളിൽ എടുത്ത നടപടികളും വ്യക്തമാക്കണം. ഇത്തരം കാര്യങ്ങൾ ഇനി ചെയ്യേണ്ടത് പരാതി പരിഹാര ഓഫീസറായിരിക്കും.മെയ് 26 മുതൽ ജൂൺ 25 വരെ ലഭിച്ച പരാതി വിവരങ്ങളും ട്വിറ്റർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജൂലായ് എട്ടിന് മുമ്പ് പരാതി പരിഹാരങ്ങള്‍ക്കുള്ള ഓഫീസറെ നിയമിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് എട്ടാഴ്ചത്തെ സമയം നല്‍കണമെന്ന് അന്ന് ട്വിറ്റര്‍ കോടതിയോട് അപേക്ഷിച്ചിരുന്നു. ഇനി ഐടി ചട്ടമനുസരിച്ച് ചീഫ് കംപ്ലെയിന്റ്സ് ഓഫീസർ, നോഡല്‍ ഓഫീസര്‍ എന്നിവരെയും ട്വിറ്റര്‍ നിയമിക്കേണ്ടതുണ്ട്.
ട്വിറ്ററുമായുള്ള നിയമയുദ്ധത്തിനിടയില്‍ കേന്ദ്ര ഐടി-നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് രാജിവെച്ചിരുന്നു. പകരം അശ്വിനി വൈഷ്ണോ എന്ന പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയിലെ വാര്‍ട്ടന്‍ ബിസിനസ് സ്കൂളില്‍ നിന്നും എംബിഎ എടുത്ത മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഇദ്ദേഹവും ട്വിറ്ററിനോട് ഐടി ചട്ടം പാലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: