കൊച്ചി: ഇനി ഒരു രൂപപോലും കേരളത്തില്‍ മുടക്കില്ലെന്ന് കിറ്റെക്‌സ്. തെലങ്കാനയില്‍ രാജകീയ സ്വീരണമാണ് കിട്ടിയതെന്നും കിറ്റെക്‌സ് മേധാവി സാബു എം ജേക്കബ് വ്യക്തമാക്കി. തെലങ്കാനയിലെ നടപടികള്‍ രണ്ടാഴ്ചയ്‌ക്കുളളില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍ ആയിരം കോടി രൂപയുടെ നിക്ഷേപമാണ് തെലങ്കാനയില്‍ ഉദ്ദേശിക്കുന്നത്. കൂടുതല്‍ നിക്ഷേപത്തെക്കുറിച്ച് അതിനുശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ കേരളത്തില്‍നിന്ന് ആട്ടിയോടിച്ചുവെന്നായിരുന്നു കഴിഞ്ഞദിവസം തെലങ്കാനയിലേക്ക് പോകുമ്പോള്‍ സാബു എം ജേക്കബ് പ്രതികരിച്ചത്.
അതിന്റെ തുടര്‍ച്ചയായിരുന്നു തിരിച്ചെത്തിയശേഷമുള്ള ഇന്നത്തെ പ്രതികരണം. എറണാകുളത്തെ എംഎല്‍എമാരെ രൂക്ഷഭാഷയില്‍ സാബു എം ജേക്കബ് വിമര്‍ശിച്ചു. കുന്നത്തുനാട് എംഎല്‍എയോട് താന്‍ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നു. കൂടാതെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച നാല് എംഎല്‍എമാരും എംപിയും എറണാകുളം ജില്ലയിലുണ്ട്. പെരുമ്പാവൂര്‍, മൂവാറ്റുപുഴ, തൃക്കാക്കര, എറണാകുളം എംഎല്‍എമാരോടും ചാലക്കുടി എംപിയോടും കടപ്പെട്ടിരിക്കുന്നു. വ്യവസായിക്ക് എങ്ങനെ കോടികൾ സമ്പാദിക്കാമെന്നുള്ള വഴി തുറന്നുതന്നത് ഇവരാണ്. അതുകൊണ്ട് ഇവരോട് നന്ദിയാണ് പറയാനുള്ളത്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമര്‍ശനത്തോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാന നല്‍കിയ വാഗ്ദാനം കേട്ടാല്‍ ഇവിടെയുള്ള ഒരു വ്യവസായി പോലും ബാക്കിയുണ്ടാകില്ല. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് തെലങ്കാനയിലേക്ക് പോയത്. എന്നാല്‍ സംസ്ഥാനത്തെ വ്യവസായ പാര്‍ക്കുകള്‍ സന്ദര്‍ശിച്ചപ്പോള്‍ ഒട്ടനവധി സാധ്യതകളുണ്ടെന്ന് മനസിലായി. കര്‍ണാടക മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്‌ക്കാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ക്ഷണിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരും ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: