കൊല്‍ക്കൊത്ത: സിപിഎം സ്ഥാപകരിലൊരാളും 24 വര്‍ഷത്തോളം ബംഗാള്‍ മുഖ്യമന്ത്രിയും ആയിരുന്ന ജ്യോതിബസുവിന്റെ 107-ാം ജന്മദിനം ആഘോഷവേളയില്‍ പക്ഷെ ബംഗാള്‍ നിയമസഭയില്‍ ഒരു സിപിഎം എംഎല്‍എ പോലുമില്ല. ജൂലായ് എട്ടിന് പകരം ബംഗാള്‍ നിയമസഭയില്‍ നടന്ന പിറന്നാളാഘോഷച്ചടങ്ങില്‍ തൃണമൂല്‍, ബിജെപി, സംയുക്ത മോര്‍ച്ച അംഗങ്ങള്‍ പങ്കെടുത്തു.
34 വര്‍ഷം ബംഗാള്‍ ഭരിച്ച സിപിഎമ്മിനെ പ്രതിനിധീകരിച്ച് ജ്യോതിബസുവിന്റെ 107ാം ജന്മദിനത്തിന് സഭയില്‍ ഒരു എംഎല്‍എപോലുമില്ലാത്തത് കഷ്ടമാണെന്ന് തൃണമൂല്‍ നേതാവ് മദന്‍ മിത്ര പറഞ്ഞു. “എല്ലാ നേതാക്കള്‍ക്കും അഭിവാദ്യമര്‍പ്പിക്കലാണ് നമ്മുടെ സംസ്കാരം. അതുകൊണ്ട് തന്നെയാണ് ജ്യോതിബസുവിനും പ്രമാണമര്‍പ്പിക്കുന്നത്. ആളുകള്‍ക്ക് ഇടത്-കോണ്‍ഗ്രസ്- ഐഎസ്എഫ് സഖ്യത്തില്‍ വിശ്വാസമില്ല. അതുകൊണ്ടാണ് അവര്‍ ഇടതുപക്ഷത്തിന് വോട്ട് നല്‍കാതിരുന്നത്,” ബിജെപി നേതാവ് മനോജ് ടിഗ്ഗ പറഞ്ഞു.
1914 ജൂലായ് എട്ടിനാണ് ബംഗാളിലെ കായസ്ത കുടുംബത്തില്‍ ഒരു ഡോക്ടറുടെ മകനായാണ് ജ്യോതിബസു ജനിച്ചത്. ലണ്ടനില്‍ യുണിവേഴ്സിറ്റി കോളെജില്‍ നിയമബിരുദം പഠിച്ച ജ്യോതിബസു പക്ഷെ കമ്മ്യൂണിസത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു. 1964ല്‍ സിപിഎം രൂപീകരിക്കപ്പെടുമ്പോള്‍ അതിലെ സ്ഥാപകാംഗങ്ങളില്‍ ഒരാളായിരുന്നു ജ്യോതിബസു.
1977 ലാണ് ആദ്യമായി ജ്യോതിബസു ബംഗാളില്‍ സിപിഎം മുഖ്യമന്ത്രിയായി ചുമതലയേറ്റത്. പിന്നീട് 2000 വരെ തുടര്‍ച്ചയായി അദ്ദേഹം ബംഗാളില്‍ മുഖ്യമന്ത്രിയായി. ഇന്നിപ്പോള്‍ ജ്യോതിബസു അവസാനം മുഖ്യമന്ത്രിയായിരുന്ന 2000ന് ശേഷം 21 വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ ബംഗാളില്‍ സിപിഎമ്മിന് ഒരംഗം പോലുമില്ലാത്ത സ്ഥിതിവന്നിരിക്കുന്നു. അന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ അഭിമാനമായിരുന്നു ബംഗാള്‍. കവലപ്രസംഗങ്ങളില്‍ സിപിഎം നേതാക്കളുടെ പ്രസംഗത്തില്‍ കൂടെക്കൂടെ മുഴങ്ങിക്കേള്‍ക്കാറുള്ള പ്രയോഗമുണ്ട്: “അങ്ങ് ബംഗാളിലേക്ക് നോക്കൂ…”. പക്ഷെ ഇന്നത്തെ സിപിഎമ്മുകാര്‍ ഇനി ബംഗാളിനെ ഓര്‍ത്ത് കുളിരുകോരില്ല. കാരണം ബംഗാളില്‍ അഭിമാനിക്കാന്‍ അവര്‍ക്ക് ഒന്നുമില്ലാതായിരിക്കുന്നു.
ആകെ 290 അംഗങ്ങളുള്ള ബംഗാള്‍ നിയമസഭയിലേക്ക് 2021 മാര്‍ച്ച്-ഏപില്‍ മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ സഖ്യം 213 സീറ്റുകള്‍ നേടി. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 211 സീറ്റുകളാണ് തൃണമൂല്‍ സഖ്യം നേടിയതെങ്കില്‍ ഇക്കുറി രണ്ട് സീറ്റ് അധികം നേടി. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യമാകട്ടെ ഇക്കുറി 77 സീറ്റുകള്‍ നേടി. 2016ല്‍ വെറും മൂന്ന് സീറ്റുകളേ എന്‍ഡിഎയ്ക്കുണ്ടായിരുന്നുള്ളൂ.
എന്നാല്‍ സിപിഎം ആകട്ടെ 137 സീറ്റുകളില്‍ മത്സരിച്ച് ഒരു സീറ്റില്‍ പോലും വിജയച്ചില്ല. സിപിഎം ഇങ്ങിനെ സംപൂജ്യരായി മാറുമെന്ന് ജ്യോതിബസു ഒരിയ്ക്കല്‍ പോലും സ്വപ്നം കണ്ടിട്ടുണ്ടാവില്ല. 10 സീറ്റുകളില്‍ മത്സരിച്ച സിപി ഐയും അവിടെ എല്ലാം സീറ്റുകളിലും തോറ്റു. ആര്എസ്പിയ്ക്ക് 11 സീറ്റില്‍ മത്സരിച്ച് ഒരു സീറ്റും നേടാനായില്ല. എന്തായാലും ജ്യോതിബസുവിന്റെ 107ാം ജന്മദിനത്തില് ഇടതുപക്ഷപാര്‍ട്ടികളുടെ സമ്പൂര്‍ണ്ണതോല്‍വി ഒരു വിധിവൈപരീത്യമാകാം. അതല്ലെങ്കില്‍ ചരിത്രം നല്കുന്ന ചൂണ്ടുപലകയാണോ 2021ലെ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് വിധി?
പ്രതികരിക്കാൻ ഇവിടെ എഴുതുക: