തിരുവനന്തപുരം: മലയാളം മഹാനിഘണ്ടു(ലെക്സിക്കന്‍) മേധാവിയായി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് ചട്ടം ലംഘിച്ച് നിയമനമെന്ന് ആരോപണം.മലയാള നിഘണ്ടു തയ്യാറാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്റെ ഭാര്യയായ കാലടി സംസ്കൃത സര്‍വ്വകലാശാലയിലെ സംസ്കൃതം അധ്യാപികയാണ് ചട്ടങ്ങള്‍ ലംഘിച്ച് എത്തിയിരിക്കുന്നത്. സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി നിയമനം സംബന്ധിച്ച് ഗവര്‍ണര്‍ക്ക് പരാതി നല്കി.
മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആര്. മോഹനന്റെ ഭാര്യ ഡോ. പൂര്‍ണിമ മോഹനെയാണ് മലയാള മഹാനിഘണ്ടു മേധാവിയായി നിയമിച്ചിരിക്കുന്നത്. മലയാളഭാഷയില്‍ ഉന്നതപ്രാവീണ്യവും ഗവേഷണബിരുദവും പത്തുവര്‍ഷത്തെ മലയാള അധ്യാപന പരിചയവുമാണ് മഹാനിഘണ്ടു എഡിറ്ററുടെ യോഗ്യത. കാലടി സംസ്കൃത സര്‍വ്വകലാശാലയിലെ സംസ്കൃതവിഭാഗം അധ്യാപിക പൂര്‍ണിമ മോഹന്‍ ഈ തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യതകള്‍ ഇല്ലെന്ന് പരാതിയില്‍ പറയുന്നു. ഈ പദവിയില്‍ ഇരുന്നിരുന്ന മലയാളം പ്രൊഫസറെ ചുമതലയില്‍ നിന്നും നീക്കം ചെയ്തതിന് ശേഷമാണ് വിവാദ നിയമനം ഉണ്ടായിരിക്കുന്നത്.
ഇതിന് മുമ്പ് മലയാളം ലെക്സിക്കന്‍ എഡിറ്റര്‍മാരായി ഇരുന്നിട്ടുള്ളത് മലയാളം പണ്ഡിതന്മാരായ ഡോ. ശൂരനാട് കുഞ്ഞന്‍പിള്ള, ഡോ.ആര്.ഇ. ബാലകൃഷ്ണന്, ഭാഷാശാസ്ത്ര പണ്ഡിതനായ ഡോ. സോമശേഖരന്‍നായര്‍ എന്നീ വിശാരദന്മാരാണ്. മറ്റൊരു ഭാഷയില്‍ പ്രാവീണ്യമുള്ള വ്യക്തിക്ക് എങ്ങിനെയാണ് മുതിര്‍ന്ന മലയാളം പ്രൊഫസറെ ഒഴിവാക്കിയ ശേഷം ആ പദവിയില്‍ നിയമനം നല്‍കിയതെന്നാണ് സേവ് യൂണിവേഴ്സിറ്റി ചെയര്മാന് ആര്.എസ്. ശശികുമാറും സെക്രട്ടറി എം.ഷാജര്‍ഖാനും ചോദിക്കുന്നത്.
ബന്ധുനിയമനത്തിന് ഒരു നിയമവും തടസ്സമല്ലെന്നും സര്‍വ്വകലാശാലാ നിയമങ്ങളോ ചട്ടങ്ങളോ വഴക്കങ്ങളോ പ്രശ്നമല്ലെന്നും മുഖ്യ യോഗ്യത സര്‍ക്കാര്‍ ബന്ധുത്വം മാത്രമാണെന്നും സാഹിത-രാഷ്ട്രീയ നിരീക്ഷനും വിമര്‍ശകനുമായ ഡോ.ആസാദ് കുറ്റപ്പെടുത്തുന്നു. “മലയാളം ലെക്സിക്കന്‍ മേധാവിയായി ഒരു സംസ്കൃതാധ്യാപികയെ നിയമിക്കാന്‍ അധികാരികള്‍ക്ക് ധൈര്യം കിട്ടിയിരിക്കുന്നു. മലയാളത്തിന്റെ ശബ്ദ കോശത്തെ, പദസഞ്ചയത്തെ ആഴത്തിലറിയുന്ന ഒരാളാവണം മലയാളം ലെക്സിക്കന്‍ മേധാവിയാവേണ്ടത് എന്ന് സാമാന്യബോധമുള്ള ആര്‍ക്കുമറിയാം. അതു സംബന്ധിച്ച നിയമങ്ങള്‍ അത് അനുശാസിക്കുന്നുണ്ട്. കീഴ് വഴക്കവും അതാണ്. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടിയായ ആര്. മോഹനന്റെ ഭാര്യയ്ക്ക് താല്‍പ്പര്യമുണര്‍ന്നാല്‍ ചട്ടങ്ങളും വഴക്കങ്ങളും വഴി മാറും! പിന്‍വാതില്‍ നിയമനങ്ങള്‍ അലങ്കാരമാക്കിയ ഒരു സര്‍ക്കാറിന് അല്‍പ്പംപോലും ലജ്ജ തോന്നുകയില്ല,” ആസാദ് പറഞ്ഞു.
“മലയാളം ലെക്സിക്കന്‍ മേധാവിയുടെ ചുമതല സംസ്കൃത അദ്ധ്യാപികയെ ഏല്‍പ്പിക്കാന്‍ മാത്രം ദാരിദ്ര്യം മലയാളത്തിനു വന്നിരിക്കുമോ? അഥവാ ഏതു തസ്തികയിലും സര്‍ക്കാര്‍ ബന്ധുക്കള്‍ക്ക് യോഗ്യത നോക്കാതെ നിയമനം നല്‍കാമെന്ന് ചട്ടങ്ങള്‍ തിരുത്തിക്കാണുമോ ആവോ! ഉന്നത വിദ്യാഭ്യാസ രംഗത്തെ നിയമന അഴിമതികളുടെ വലിയ നിരയാണ് സമീപ കാലത്ത് വെളിച്ചത്തു വന്നത്. 1997ല്‍ സംസ്കൃത സര്‍വ്വകലാശാലയില്‍ നടന്ന ചരിത്രത്തിലെ ഏറ്റവും വലിയ നിയമന അഴിമതി മുതല്‍ ലെക്സിക്കന്‍ നിയമന അഴിമതിവരെ പുറത്തുവന്ന ഞെട്ടിക്കുന്ന അനേകം അഴിമതികളെ സംബന്ധിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നിസംഗമായി അഴിമതി ആരോപണങ്ങളെ മറവിയിലേക്കു തള്ളിവിടാമെന്ന് അവര്‍ മോഹിക്കുന്നു!”- ആസാദ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: