കോഴിക്കോട്: രാജ്യത്ത് വികസനത്തിന് വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ അവയുടെ നടപ്പാക്കലിന് പുതിയ സംവിധാനം,അതാണ് രണ്ടാം മോദിസര്‍ക്കാരിന്റെ സഹകരണ വകുപ്പിന്റെ ലക്ഷ്യം. അതിന്റെ തലപ്പത്ത് ആഭ്യന്തരവകുപ്പ് മന്ത്രികൂടിയായ അമിത് ഷായെ നിയോഗിച്ചതിന് മറ്റൊരു ലക്ഷ്യമുണ്ട്, സഹകരണം കുറ്റമറ്റതായിരിക്കണമെന്ന താല്പര്യം.
കൊവിഡിനെത്തുടര്‍ന്ന് സംഭവിച്ച പ്രതിസന്ധികളില്‍നിന്ന് കരകയറാന്‍ ഇന്ത്യ പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരതിന്റെ അനുബന്ധമാണ് ഈ സഹകരണ വകുപ്പ്. ബിജെപി-എന്‍ഡിഎ സര്‍ക്കാരിന്റെ നയനിലപാടിലെ പുതിയ മുഖംകൂടിയാണിത്. വന്‍കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ സഹായത്തിലും സര്‍ക്കാര്‍-സ്വകാര്യ മേഖലാ സംയുക്ത സംരംഭത്തിലും നിന്ന് വ്യത്യസ്തമായ സഹകരണത്തിന്റെ ലോകത്തേക്കുകൂടിയുള്ള കാലുറപ്പിക്കലാണ്- ഇടതും വലതുമല്ലാതെ മൂന്നാം പാതയിലൂടെ മുന്നോട്ട്.
സഹകരണത്തിന്റെ സാധ്യത ഏറെ വലുതെന്ന് തിരിച്ചറിഞ്ഞ പാര്‍ട്ടിയാണ് ബിജെപി.ജനസംഘകാലം മുതല്‍ ഭരണത്തില്‍ നയമാണത്. ദീനദയാല്‍ ഉപാധ്യായയുടെ ആശയമാണ് എല്ലാത്തലത്തിലും സഹകരണമെന്നത്. തൊഴിലാളികള്‍ക്കും സര്‍ക്കാരിന്റെ തൊഴില്‍ സംരംഭത്തില്‍ പങ്കാളിത്തമെന്നത് ലോകത്തെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായ ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ (ബിഎംഎസ്) മുദ്രാവാക്യവുമാണ്.
‘മേക്ക് ഇന്‍ ഇന്ത്യ വഴി ആത്മനിര്‍ഭര ഇന്ത്യ;അതിന് സഹകരണത്തിന്റെ മാതൃക’ എന്നതാണ് മോദി 2.0 യുടെ മുദ്രാവാക്യം. സഹകരണമേഖല ഏറെ പുരോഗമിച്ചിട്ടുള്ളത് മൂന്ന് സംസ്ഥാനങ്ങളിലാണ്. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിങ്ങനെയാണ് ക്രമം. അതില്‍ ഗുജറാത്തിലെ ആനന്ദ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന് എന്ന, മലയാളി വി. കുര്യന് നയിച്ച സഹകരണ സംവിധാനം, ലോകത്തിന് മാതൃകയാണ്. കേരളത്തിലാണ്, രാഷ്ട്രീയ അതിപ്രസരം ഏറെ എന്ന ദോഷം ഒഴിച്ചാല്‍, ഏറ്റവും താഴേത്തട്ടില്‍ വരെ സഹകരണം വ്യാപിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിലാണ് ഈ സഹകരണ മേഖലയില്‍ ഏറ്റവും അഴിമതികള്‍ നടക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍, സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്ക് നിയന്ത്രണത്തില്‍ കൊണ്ടുവന്ന ബാങ്കിങ് റഗുലേഷന് ഭേദഗതി ബില്‍ ഈ അഴിമതികള്‍ തടയാന്‍ ലക്ഷ്യമിട്ടായിരുന്നു.
ഇതുവരെ കൃഷിമന്ത്രാലയത്തിന്റെ ഭാഗമായിരുന്ന സഹകരണ സംവിധാനത്തെ പ്രത്യേക മന്ത്രാലയമാക്കിയതും അത് ആഭ്യന്തര വകുപ്പു ചുമതലയുമുള്ള അമിത് ഷായുടെ നിയന്ത്രണത്തിലാക്കിയതുമാണ് കൂടുതല്‍ ശ്രദ്ധേയം. ഗുജറാത്തിലെ സഹകരണ പ്രസ്ഥാന ചരിത്രത്തില്‍ അമിത്ഷായുടെ സ്ഥാനം രേഖപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെയാണ്. 1999 ല്‍ അദ്ദേഹം അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായി. അപ്പോള്‍ ബാങ്ക് 36 കോടിരൂപയുടെ നഷ്ടത്തിലായിരുന്നു. ഒറ്റ വര്‍ഷംകൊണ്ട് അത് 27 കോടിയുടെ ലാഭത്തിലാക്കി. അഞ്ചുവര്‍ഷത്തിനകം ബാങ്കിന്റെ ലാഭം 250 കോടിരൂപയായി. അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കിയതാണ്, നേട്ടമായത്.
പുതിയ സഹകരണമന്ത്രാലയത്തിന് വിശാലമായ പദ്ധതികളുണ്ടാകും. എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തനവും കൂടുതല്‍ സഹകരണ സംവിധാനവും, ഉള്ളവയുടെ പ്രവര്‍ത്തനത്തിലെ കുറ്റം തീര്‍ക്കലും പദ്ധതിയാകും. ദേശീയ തലത്തില്‍ സഹകരണത്തിന് പുതിയ നിര്‍വചനം വരും.
എന്നാല്‍, മഹാരാഷ്ട്രയിലെ സഹകരണ സംവിധാനം ദുരുപയോഗിക്കുന്ന കരിമ്പ് ഫാക്ടറി മാഫിയകള്‍ പേടിക്കേണ്ടിവരും, മദ്യ മാഫിയയ്ക്കും പഞ്ചസാര മാഫിയയ്ക്കും ഉറക്കം പോകും. സ്വാഭാവികമായും കേരളത്തില്‍ സഹകരണത്തില്‍ രാഷ്ട്രീയം കലര്ത്തുന്നവര്ക്കും കരുതല്‍ വേണം. അതറിയാവുന്നതിനാലാണ് സിപിഎം നേതാവ് സീതാറാം യെച്ചൂരി ഫെഡറലിസത്തിന്റെ ദുര്‍വ്യാഖ്യാനവുമായി വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: