തൊടുപുഴ: രണ്ട് കിലോ ഹാഷീഷ് ഓയിലുമായി ഒഡീഷ സ്വദേശിയായ അധ്യാപകന് കരിമണ്ണൂരില്‍ പിടിയിലായ കേസില്‍ കൂടുതല്‍ അന്വേഷണം. ഇതിന് മുന്‍പും പ്രതി കേരളത്തില്‍ മയക്കുമരുന്ന് എത്തിച്ചു നല്‍കിയിട്ടുണ്ട്. ഒഡീഷയില്‍ മാവോയിസ്റ്റ് ബന്ധമുള്ള സംഘമാണ് ഹാഷീഷുമായി പിടിയിലായ ഒഡീഷ ബല്ലുരു സ്വദേശി മോഹന്‍ കുലപേടയുടെ പക്കല്‍ മയക്കുമരുന്ന് കൊടുത്തയച്ചതെന്നാണ് വിവരം. പ്രതി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. എറണാകുളം സ്വദേശി പപ്പു എന്നയാളുടെ നിര്‍ദേശപ്രകാരമാണ് ഹഷീഷ് ഓയില്‍ കരിമണ്ണൂരില്‍ എത്തിച്ചതെന്നാണ് സൂചന.
സംഘത്തെ കണ്ടെത്താന്‍ ഒഡീഷയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു. കരിമണ്ണൂര്‍ സിഐ സുമേഷ് സുധാകരന്, എസ്ഐ ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് പറഞ്ഞു.
ഹാഷീഷ് ഓയിലുമായി പോകുമ്പോള്‍ ഫോണില്‍ വിളിച്ച് തിരക്കില്ലാത്ത സ്ഥലത്ത് സാധനം എത്തിക്കാനാണ് മയക്കുമരുന്ന് മാഫിയ നിര്‍ദേശം നല്‍കുന്നത്. ഇതുപ്രകാരമാണ് ഇയാള്‍ കരിമണ്ണൂര്‍ പള്ളി ബസ് സ്റ്റോപ്പില്‍ എത്തിയത്. വാങ്ങുന്നവര്‍ അടയാളം നല്‍കുകയാണ് പതിവ്. എന്നാല്‍ ഇവിടെ കാത്തുനിന്ന പോലീസ് സംഘം കൈയോടെ പ്രതിയെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ പ്രദേശത്തുള്ളവര്‍ക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: