രാജാക്കാട്: കഴിഞ്ഞ ദിവസം മാരാര്‍സിറ്റിയില്‍ ബന്ധു തലക്കടിച്ച് കൊന്ന് കുഴിച്ച് മൂടിയ യുവാവിന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലെ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ഇന്ന് പൊതുശ്മശാനത്തില്‍ സംസ്കരിക്കാനാണ് തീരുമാനം. മരിച്ചയാളിന്റെ ബന്ധുക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രാജാക്കാട് പോലീസ് തീരുമാനമെടുത്തത്.
ബുധനാഴ്ച രാത്രിയിലാണ് മദ്യപിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഛത്തീസ്ഗഡ് സ്വദേശി ഗദ്ദൂര്‍(45) കൊല്ലപ്പെട്ടത്. അതേ സമയം കേസിലെ പ്രതി ദേവ്ചരണ്‍ റാമി(50) നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അതേ സമയം കേസില്‍ കസ്റ്റഡിയിലുണ്ടായിരുന്ന മൊഴിയെടുത്ത ശേഷം വിട്ടയച്ചു.
രണ്ട് വര്‍ഷമായി പുതിയിടത്ത് പീറ്റര്‍ ബാബുവിന്റെ ഏലത്തോട്ടത്തിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. സമീപത്ത് തന്നെയുള്ള പീറ്ററിന്റെ ഭാര്യാപിതാവിന്റെ ഷെഡ്ഡില്‍ നാലുപേരും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് കൊലപാതകം നടത്തിയത്.
മദ്യപിച്ചതിന് ശേഷം ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും മറ്റുള്ളവര്‍ ഉറങ്ങിയതിന് ശേഷം പ്രതി ദേവ്ചരണ്‍ റാം മണ്‍വെട്ടി ഉപയോഗിച്ച് ഗദ്ദൂറിന്റെ തലക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് ഷെഡ്ഡിന് പുറക് വശത്ത് മുറ്റത്ത് മൃതദേഹം കുഴിച്ചുമൂടി. വ്യാഴാഴ്ചയാണ് വിവരം എസ്റ്റേറ്റ് ഉടമ അറിയികയും പോലീസ് കേസെടുക്കുകയും ചെയ്തത്.
അതേ സമയം ഇടുക്കി ജില്ലയില്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയിട്ടുള്ള തൊഴിലാളികള്‍ ക്രമസമാധാന രംഗത്ത് വെല്ലുവിളി ഉയര്‍ത്തുന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണ് കൂടുതലായും ആയിരങ്ങള്‍ തൊഴില്‍ തേടി ഇവിടെയെത്തുന്നത്. ഇവരില്‍ പലരും ക്രിമിനല്‍ സ്വഭാവമുള്ളവരും അവരുടെ സംസ്ഥാനങ്ങളില്‍ പല കേസിലും പ്രതികളായി ഒളിവില്‍ പോന്നവരും ഉണ്ടെന്നത് ഗൗരവതരമാണ്.
ഇവിടെ പല തരത്തിലുള്ള കുറ്റകൃത്യങ്ങളും ചെയ്ത ശേഷം മുങ്ങുന്ന സംഭവം ഇതിന് മുന്‍പും സംഭവിച്ചിട്ടുള്ളതാണ്. കേരളത്തിലെ വിവിധ ജില്ലകളിലെ പട്ടണങ്ങളിലുള്ള വ്യവസായ സ്ഥാപനങ്ങളില്‍ ആയിരക്കണക്കിന് തൊഴിലാളികളാണ് ഇതര സംസ്ഥാനത്ത് നിന്നെത്തി ജോലി ചെയ്തുവരുന്നത്. ഇവരെ റിക്രൂട്ട് ചെയ്യുന്നത് വിവിധ ലേബര്‍ കോണ്ട്രാക്ടര് മാരാണ്. ഒരു തൊഴിലാളിയുടെ ഒരുദിവസത്തെ വേതനത്തില്‍ നിന്നും 20 രൂപ പ്രകാരം കമ്മീഷന് കോണ്‍ട്രാക്ടര്‍മാര്‍ക്ക് തൊഴിലുടമകള്‍ കൊടുക്കുകയാണ് പതിപ്പ്. ഇവരുടെ മുഴുവന്‍ ഉത്തരവാദിത്വവും കോണ്ട്രാക്ടര് ഏല്‍ക്കുകയുമാണ് പതിവ്്. ഇവരെ സംബന്ധിച്ചുള്ള എല്ലാ രേഖകളും അതാത് പോലീസ് സ്റ്റേഷനുകളിലെത്തിച്ച് ഉത്തരവാദിത്വം നിറവേറ്റാറുമുണ്ട്.
കാര്‍ഷിക മേഖലയായ ഇടുക്കിയിലെ സ്ഥിതി വ്യത്യസ്തമാണ്. പലവിധ കുറ്റങ്ങളുടെ അടിസ്ഥാനത്തില്‍ എറണാകുളം മേഖലയിലെ കമ്പനികളില്‍ നിന്നും പുറം തള്ളപ്പെടുന്നവരാണ് കൂടുതലായും ഇടുക്കിയിലെത്തുന്നത്.
റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റിലും തമ്പടിക്കുന്ന ഇക്കൂട്ടരെ ചില വ്യക്തികള്‍ ഇടുക്കിയിലെത്തിക്കും. ഏലത്തോട്ടങ്ങളിലും കെട്ടിട നിര്‍മാണ രംഗത്തുമൊക്കെ ഇവരെ വിന്യസിപ്പിക്കുകയും ചെയ്യും. വേതനം കുറച്ചു കൊടുത്താല്‍ മതിയെന്നതാണ് തൊഴിലുടമയെ ആകര്‍ഷിക്കുന്ന ഘടകം. ഇവരെ സംബന്ധിച്ചുള്ള ഒരു വിവരവും പോലീസ് സ്റ്റേഷനുകളിലോ മറ്റ് അധികാരസ്ഥാനങ്ങളിലോ ഇല്ലെന്നത് ഗൗരവമേറിയ കാര്യമാണ്. ഏക്കറുകണക്കിന് വ്യാപിച്ച് കിടക്കുന്ന തോട്ടങ്ങളില്‍ ഇവര്‍ ജോലിക്കെത്തിയാല്‍ പുറം ലോകം അക്കാര്യം അറിയുകയുമില്ല.
ബംഗ്ലാദേശില്‍ നിന്നും പശ്ചിമ ബംഗാളിലെത്തി കൃത്രിമ രേഖകള്‍ ചമച്ച് കേരളത്തിലെത്തുന്ന ചില തീവ്രവാദ ബന്ധമുള്ളവരും ഈ കൂട്ടത്തിലുണ്ടെന്നത് നേരത്തെ തന്നെ പുറത്ത് വന്ന കാര്യമാണ്. പലരുടേയും ഒളിതാവളമാണ് ഇടുക്കിയിപ്പോല്‍. എന്നാല്‍ ജോലിക്കെത്തിക്കുന്നവര്‍ ഇവരുടെ വിവരങ്ങള്‍ അതാത് പോലീസ് സ്റ്റേഷനുകളില്‍ നല്‍കുന്നതിന് പലപ്പോഴും തയ്യാറാകുന്നില്ല. ഇതാണ് ഇതര സംസ്ഥാനത്ത് നിന്നുള്ള ക്രിമിനലുകളുടെ താവളമായി ഇടുക്കി ജില്ല മാറുന്നതിന് കാരണം. ബന്ധപ്പെട്ട അധികൃതര്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: