”ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് കേരളം. അത് അങ്ങനെ തന്നെ തുടരും. സുസ്ഥിരവും നവീനവുമായ വ്യവസായ മുന്നേറ്റം എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് ഉറപ്പാക്കും” മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
സംസ്ഥാനത്ത് 3500 കോടിയുടെ പദ്ധതി ഉപേക്ഷിക്കുന്നുവെന്ന കിറ്റെക്സ് ഉടമ സാബുതോമസിന്റെ പ്രഖ്യാപനത്തെ എതിര്‍ത്തും അനുകൂലിച്ചും ശക്തമായ ചര്‍ച്ച മുറുകുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്.” പിണറായി വിജയന് വൈദ്യുതി മന്ത്രിയായിരിക്കെ മുഖ്യമന്ത്രി നായനാര്‍ക്കൊപ്പം സംരംഭകരെ തേടി മൂരാച്ചി രാജ്യമായ അമേരിക്ക വരെ പോയതാണ്. കുരിശുവ്യവസായം തുടങ്ങാനാണോ എന്നറിയില്ല. വത്തിക്കാനില്‍ ചെന്ന് മാര്‍പ്പാപ്പയേയും കണ്ടതാണ്. അന്ന് പാപ്പയില്‍ നിന്നും കിട്ടിയത് ഒരു കൊന്തമാത്രം. മുഖ്യമന്ത്രിയായിരിക്കെ ഗള്‍ഫടക്കം പലരാജ്യങ്ങളിലും ചെന്നു. ഒരു സംരംഭകയെ മാത്രമെ കിട്ടിയുള്ളൂ. അവരിപ്പോള്‍ ജയിലിലുമായി. പ്രതീക്ഷിച്ച വിധം നിക്ഷേപം അവര്‍ക്ക് നേടാനുമായില്ല. ഉള്ള വ്യവസായം പോലും വിട്ടൊഴിഞ്ഞു പോകത്തക്ക മിടുക്കാണ് മന്ത്രിമാരും നേതാക്കളുമെല്ലാം നടത്തുന്നത്. ഉദാഹരണം കിറ്റെക്സ്.
കിറ്റെക്സ് എന്ന സ്ഥാപനം കൂടി പൂട്ടേണ്ടി വരുമെന്ന ധ്വനിയാണ് വ്യവസായ മന്ത്രി പി.രാജീവിന്റെ പ്രതികരണത്തിലുള്ളത് എന്നാണു കിറ്റെക്സ് ചെയര്മാന് സാബു എം.ജേക്കബിന് തോന്നിയത്. കിറ്റെക്സില്‍ നടന്ന പരിശോധനകള്‍ നിയമപരമായിരുന്നെന്നു വിശദമാക്കി പി.രാജീവ് നടത്തിയ വാര്‍ത്താസമ്മേളനത്തിനു പിന്നാലെയാണ് സാബുവിന്റെ പ്രതികരണം.
ഒരു വ്യവസായിയെ ഒരു മാസം മൃഗത്തെ പോലെ പീഡിപ്പിച്ചു. നന്നായി പോകുന്ന ഒരു സ്ഥാപനം 73 കുറ്റങ്ങള്‍ ചെയ്തെന്നു കാണിച്ച് മെമ്മോ നല്കി. പരിശോധനകള്‍ നടത്തിയത് ബെന്നി ബെഹനാന് എംപിയുടെയും പി.ടി.തോമസ് എംഎല്‍എയുടെയും പരാതിയെ തുടര്‍ന്നാണ് എന്നത് പുതിയ അറിവാണ്. ഇതു കണ്ടുപിടിക്കാന്‍ സര്‍ക്കാര്‍ ഒരു മാസമെടുത്തു.
”തന്റെ വ്യവസായം ഇവിടെനിന്നു കൊണ്ടുപോകേണ്ടെന്നു പറയാന്‍ ആര്‍ക്കും സാധിക്കില്ല. 3500 കോടി എവിടെ നിക്ഷേപിക്കും എന്നതിനെക്കാള്‍ ഒരു കോടിയുടെ നിക്ഷേപം പോലും ഏതു സംസ്ഥാനവും രാജകീയമായി സ്വീകരിക്കുന്ന സാഹചര്യമാണുള്ളത്. 9 സംസ്ഥാനങ്ങളില്‍നിന്ന് ഇതുവരെ ക്ഷണം വന്നിട്ടുണ്ട്. ഇതു കിറ്റെക്സിന്റെ മാത്രം പ്രശ്നമല്ല, കേരളത്തില്‍ 10,000 രൂപ മുതല്‍ നിക്ഷേപിക്കുന്നവരുടെ പ്രശ്നമായിട്ടാണ് കാണുന്നത്. അതു പരിഹരിക്കാന്‍ സര്‍ക്കാരിനു സാധിക്കുന്നില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ല.” സാബുവിന്റെ വിലാപം അങ്ങനെയാണ്.
നേരത്തെ മുത്തൂറ്റായിരുന്നു പ്രശ്നം. മുത്തൂറ്റിനെതിരെ നിരന്തരം സമരം നടത്തിയത് മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരാണ്. കൊവിഡ് രൂക്ഷമായത് മാത്രമല്ല മുത്തൂറ്റ് സമരം നിര്‍ത്തിയതെന്നും കേള്‍ക്കുന്നു. കോടികള്‍ മുടക്കി നേതാക്കളെ വിലക്കെടുത്തും നേതാക്കള്‍ തൊഴിലാളികളെ വഞ്ചിച്ചുമുള്ള ഇടപാട്. പുതിയ ഒരു വ്യവസായവും നടത്താന്‍ കെല്‍പ്പില്ലാത്ത സര്‍ക്കാര്‍ രണ്ടും കല്‍പ്പിച്ച് കാശുമുടക്കുന്നവരെ കൊല്ലുന്നു. കൊല്ലാക്കല ചെയ്യുന്നു.
മന്ത്രി എം. വി. ഗോവിന്ദന്റെ ഭാര്യ ശ്യാമള ടീച്ചര്‍ അധ്യക്ഷയായ ആന്തൂര്‍ നഗരസഭ ഒരു പാര്‍ട്ടി ഗ്രാമമാണ്. അവിടെ 10 കോടി മുതല്‍ മുടക്കി സാജന് എന്ന പ്രവാസി ഒരു കണ്വെന്ഷന് സെന്റര്‍ കെട്ടിപ്പൊക്കി. പക്ഷെ നഗരസഭയുടെ അനുമതി നീട്ടി നീട്ടി പോയപ്പോള്‍ സാജന് ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമുണ്ടായില്ല. സാജന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ് റിപ്പോര്‍ട്ട് നല്കി. സാമ്പത്തികവും മാനസികവുമായ കാരണങ്ങളാലുള്ള ആത്മഹത്യയില്‍ ആര്‍ക്കെതിരെയും പ്രേരണകുറ്റം ചുമത്താനാകില്ലെന്നാണ് പൊലീസ് പറയുന്നത്. തളിപ്പറമ്പ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കണ്വെന്ഷന് സെന്റ്റിന് അനുമതി വൈകിക്കാന്‍ ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പികെ ശ്യാമള ഇടപെട്ടതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഎം എഴുതി നല്കിയ റിപ്പോര്‍ട്ടാണ് പൊലീസ് കോടതിയില്‍ കൊടുത്തതെന്നും ഉന്നതതല അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രതികരണം. അതാര് ഗൗനിക്കുന്നു ?
രണ്ടുവര്‍ഷം മുമ്പ് പുനലൂര്‍ വര്‍ക്ഷോപ് ഉടമ പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ സുഗതന് ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല. സംഭവത്തില്‍ ഇടപെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസിന്റെ അനാസ്ഥയാണ് അന്വേഷണം എങ്ങുമെത്താത്തതിന് കാരണമെന്നാണ് നാട്ടുകാര്‍ ആരോപിച്ചത്. ആന്തൂരില്‍ സിപിഎമ്മിനാണ് പഴിയെങ്കില്‍ പുനലൂരില്‍ സിപിഐയാണ് പ്രതിക്കൂട്ടില്‍.
സിപിഐയുടെ യുവജന സംഘടന പിരിവിന് ഇറങ്ങിയതാണ് സുഗതന്റെ ജീവനെടുത്തത്. അച്ഛനുണ്ടായ അനുഭവം ഇനി ഒരു പ്രവാസിക്കും ഉണ്ടാകരുതെന്നാണ് അദ്ദേഹത്തിന്റെ മക്കള്‍ പറയുന്നത്. ഇവിടുത്തെ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഇരയാണ് തങ്ങളുടെ അച്ഛനെന്ന് മക്കളായ സുജിയും സുജിത്തും ഒരേശബ്ദത്തില്‍ പറയുന്നു.
40 വര്‍ഷമായി മസ്കത്തിലെ ജിബ്രാലില്‍ സ്വന്തമായി വര്‍ക്ക് ഷോപ് നടത്തിവരുകയായിരുന്നു ഭാര്യക്കും മക്കള്‍ക്കും ഒപ്പം സുഗതന്. മസ്കത്തിലടക്കം വിദേശികളെ തിരിച്ചയക്കുന്നത് കൂടി കണക്കിലെടുത്ത് നാട്ടില്‍ സ്ഥാപനം തുടങ്ങി പ്രവാസ ജീവിതം അവസാനിപ്പിക്കാനിരിക്കുകയായിരുന്നു സുഗതന്. ഇത് കണക്കിലെടുത്താണ് മൂത്ത മകനുമൊത്ത് നാട്ടിലെത്തിയത്. വര്‍ക്ക്ഷോപ്പിന് ആവശ്യമായ മിക്ക ഉപകരണങ്ങളും കൊണ്ടുവന്നു. മസ്കത്തില് വര്‍ക്ക്ഷോപ് ജോലി ചെയ്യുന്ന നാട്ടിലുള്ള ചിലരെകൂടി ഉള്‍പ്പെടുത്തി സ്ഥാപനം ആരംഭിക്കാനാണ് ഇളമ്പലില്‍ കെട്ടിടമുണ്ടാക്കിയത്. അത് പക്ഷേ കെട്ടിത്തൂങ്ങാനാണ് ഉപയോഗിക്കേണ്ടിവന്നത്. ഇതൊക്കെ ചെറിയ ഉദാഹരണങ്ങള്‍ മാത്രം.
മലയാളികള്‍ക്ക് കേരളത്തില്‍ പുതിയ സംരംഭം തുടങ്ങാന്‍ പേടിയാണ്. നാട്ടില്‍ പണിയെടുക്കാന്‍ മടിയും. ലക്ഷക്കണക്കിന് മലയാളികള്‍ കേരളത്തിനു പുറത്ത് രാപ്പകലില്ലാതെ ജോലി ചെയ്യും. പക്ഷെ ഇവിടെ പണിയെടുക്കുന്നതിനെക്കാള്‍ പണി മുടക്കിലാണ് ഊന്നല്‍. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ വ്യവസായ വളര്‍ച്ചയുള്ളതാണ് കോയമ്പത്തൂരില്‍. അവിടത്തെ പുതിയ സംരംഭങ്ങളില്‍ 65 ശതമാനവും കേരളീയരാണത്രെ. കേരളത്തിലെ വ്യവസായ മന്ത്രി അതൊന്ന് പഠിക്കേണ്ടതല്ലെ? അത് സംഭവിക്കുമെന്ന് തോന്നുന്നില്ല. കേരളത്തിലിങ്ങനെയാണ്. വ്യവസായം തകരും വിവാദം വളരും. കുറച്ചുദിവസത്തേക്ക് കെ.എം. മാണി വിഷയം വിവാദമാകും. അത് കത്തിനില്ക്കും. കേരളത്തിന് അതുമതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: