കൊവിഡ് രോഗബാധ വിതയ്ക്കുന്ന ആശങ്കയ്ക്കിടയില്‍ മലയാളികളുടെ ഉറക്കം കെടുത്തി മരുന്നില്ലാത്ത മറ്റൊരു മാരക രോഗം കൂടി സ്ഥിരീകരിച്ചിരിക്കുന്നു. സംസ്ഥാന അതിര്‍ത്തിയിലുള്ള ഒരു ഗര്‍ഭിണിക്ക് സിക്ക വൈറസ് ബാധിച്ചതിനെത്തുടര്‍ന്ന് പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധനയ്ക്കയച്ച 15 പേരില്‍ 14 പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചത് ഗുരുതരമായ സ്ഥിതി വിശേഷത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. തലസ്ഥാനത്ത് വിവിധയിടങ്ങളില്‍ കഴിയുന്നവരാണ് ഇവരെന്നറിയുമ്പോള്‍ ആശങ്ക ഇരട്ടിക്കുകയാണ്. കാരണം കൂടുതല്‍ ഇടങ്ങളില്‍ ഈ വൈറസ് പടര്‍ന്നിട്ടുണ്ടെന്നു വേണം കരുതാന്‍. പകല്‍ നേരത്തെ കൊതുകുകള്‍ പരത്തുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങളായി കാണുന്നത് പനിയും തലവേദനയും ശരീരത്തിലെ ചുവന്ന പാടുകളുമൊക്കയാണ്. ഗര്‍ഭിണികള്‍ക്ക് സിക്ക രോഗം വന്നാല്‍ ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിനെ ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. രോഗം പലരിലും സ്ഥിരീകരിച്ചതോടെ വേണ്ടത്ര മുന്‍കരുതലുകളെടുത്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി പറയുന്നുണ്ടെങ്കിലും ജനങ്ങള്‍ അത് മുഖവിലക്കെടുക്കുന്നില്ല. കൊവിഡ് രോഗവ്യാപനത്തിന്റെ കാര്യത്തില്‍ സത്യാവസ്ഥ മറച്ചുപിടിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞതാണല്ലോ.
രാജ്യത്തെ മുഴുവന്‍ ബാധിച്ച കൊവിഡ് രണ്ടാം തരംഗത്തില്‍നിന്ന് പ്രതീക്ഷിക്കുന്ന രീതിയില്‍ പുറത്തുവരാന്‍ കഴിയാത്തത് കേരളത്തിനു മാത്രമാണ്. മൊത്തം രോഗവ്യാപന നിരക്കിന്റെ അഞ്ചിലൊന്നും കേരളത്തിലാണ്. ഒരു മാസമായി രോഗസ്ഥിരീകരണ നിരക്കും മരണനിരക്കും ഉയര്‍ന്നുതന്നെ നില്ക്കുന്നു. ജനസംഖ്യാനുപാതം വളരെ കൂടുതലായ ഉത്തര്‍പ്രദേശിനെപ്പോലുള്ള സംസ്ഥാനങ്ങള്‍ക്ക് രോഗവ്യാപന നിരക്ക് ക്രമാനുഗതമായി കുറച്ചുകൊണ്ടുവരാന്‍ കഴിയുമ്പോള്‍ കേരളത്തിന് എന്തുകൊണ്ട് ഇതിനു കഴിയുന്നില്ല എന്ന ചോദ്യം പല കോണുകളില്‍നിന്നും ഉയരുകയാണ്. വാക്സിന് ലഭിച്ചവരെക്കാള്‍ മൂന്നിരട്ടി പേര് പുറത്തുനില്‍ക്കുന്നുണ്ട്. രോഗവ്യാപന നിരക്ക് ഇനിയും വര്‍ധിക്കാനുള്ള സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. സ്ഥിതി വിശേഷത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്തുള്ള പ്രവര്‍ത്തനമല്ല സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രത്യേകിച്ച് ആരോഗ്യവകുപ്പിന്റെയും മന്ത്രിയുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നത് എന്ന വിമര്‍ശനം ശക്തമാണ്. കൊവിഡ് വ്യാപനനിരക്ക് ഉയര്‍ന്നു തന്നെ നില്ക്കുമ്പോള് മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുവാദം നല്കിയ സര്‍ക്കാര്‍ തീരുമാനത്തെ ഹൈക്കോടതി തന്നെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണല്ലോ.
ആരോഗ്യ രംഗത്ത് കൈവരിച്ച നേട്ടങ്ങളാണ് കൊട്ടിഘോഷിക്കപ്പെടുന്ന കേരള മോഡലിന്റെ ഘടകങ്ങളില്‍ ഒന്നായി ഉന്നയിക്കപ്പെടാറുള്ളത്. പതിറ്റാണ്ടുകളായി ഇടതുപക്ഷത്തിന്റെ പ്രചാരണ വിഷയവുമാണിത്. പക്ഷേ പകര്‍ച്ചവ്യാധികളുടെ സ്വന്തം നാടായി കേരളം മാറുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് കേരള മോഡലിന്റെ വക്താക്കള്‍ക്ക് മറുപടിയില്ല. മാരകമായ നിപ വൈറസ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ബാധിച്ചത് കേരളത്തിലാണ്. മഴക്കാലത്ത് പകര്‍ച്ചപ്പനികളുടെ നാടായി കേരളം മാറുന്നത് പതിവു കാഴ്ചയാണ്. ആശുപത്രികളായ ആശുപത്രികളെല്ലാം രോഗികളെക്കൊണ്ട് നിറയുകയും ചെയ്യും. ആരോഗ്യ സംവിധാനം കുറ്റമറ്റതാണെങ്കില്‍ ഇങ്ങനെ സംഭവിക്കാന്‍ പാടില്ല. ആശുപത്രികളുടെ എണ്ണത്തിന് കുറവൊന്നുമില്ലെങ്കിലും നമ്മുടെ ആരോഗ്യ സംവിധാനത്തിന് കാര്യമായ അപര്യാപ്തതകളുണ്ടെന്നു വേണം ഇതില്‍നിന്ന് മനസ്സിലാക്കാന്‍. കൊവിഡ് ഇത് പൂര്‍ണമായി പുറത്തുകൊണ്ടുവരികയും ചെയ്തു. രോഗവ്യാപനത്തിന്റെ തുടക്കത്തില്‍ കേരളത്തിന് ഇതൊരു പ്രശ്നമല്ലെന്ന നിലയ്ക്കാണ് അധികൃതര്‍ പെരുമാറിയത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ മെച്ചപ്പെട്ട ആരോഗ്യ സംവിധാനത്തില്‍ അവര്‍ ഊറ്റംകൊണ്ടു. പക്ഷേ എന്താണ് സംഭവിച്ചതെന്ന് ഇപ്പോള്‍ ആരെയും പ്രത്യേകം പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. പൊള്ളയായ അവകാശവാദങ്ങള്‍ക്കപ്പുറം സംസ്ഥാനത്തെ ആരോഗ്യസംവിധാനത്തിന്റെ കരുത്തും ദൗര്‍ബല്യവും ശരിയായി വിലയിരുത്തപ്പെടണം. പൊതുജനാരോഗ്യം എന്നത് രാഷ്ട്രീയത്തിന്റെ ഉല്‍പ്പന്നമല്ല. അത് ശ്രദ്ധാപൂര്‍വം കൈവരിക്കേണ്ടതും നിലനിര്‍ത്തേണ്ടതുമായ നേട്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: