കശ്മീര്‍: ജമ്മു കശ്മീരില്‍ മൂന്നിടത്തായി നടന്ന വെടിവെയ്പില്‍ ആറ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. രണ്ട് ജവാന്മാര് വീരമൃത്യു വരിച്ചു.
ദാദല്‍ കാടുകളിലെ സുന്ദര്‍ബാനി മേഖലയില്‍ സേന തിരച്ചില്‍ നടത്തുന്നതിനിടയില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടണ്ടായെന്ന് ജമ്മു കേന്ദ്രമായുള്ള സേനയുടെ വക്താവ് അറിയിച്ചു. തീവ്രവാദികള്‍ സേനയ്ക്കു നേരെ വെടിവെയ്ക്കുകയും ഗ്രനേഡ് വലിച്ചെറിയുകയും ചെയ്തു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ കനത്ത വെടിവെയ്പുണ്ടായി. പാകിസ്ഥാനില്‍ നിന്നുള്ള രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഇവരില്‍ നിന്നും രണ്ട് എകെ-47 റൈഫിളുകളും വെടിയുണ്ടകളും കണ്ടെത്തി. ഈ സേന നീക്കത്തിനിടയില്‍ സുബേദാര്‍ ശ്രീജിത് എം, ശിപ്പായി മരുപ്രൊളു ജസ്വന്ത് റെഡ്ഡിയും വീരമൃത്യു വരിച്ചു.
ഇപ്പോഴും മേഖലയില്‍ തിരച്ചില്‍ തുടരുകയാണെന്ന് വക്താവ് പറഞ്ഞു. തീവ്രവാദികള്‍ ദാദല്‍, സുന്ദര്‍ബാനി, രജൗറി മേഖലയില്‍ നുഴഞ്ഞുകയറുന്നതായുള്ള വാര്‍ത്തകള്‍ ലഭിച്ചതിനെതുടര്‍ന്നാണ് ഇവിടെ തിരച്ചില്‍ നടത്തിയത്.
വെള്ളിയാഴ്ച രാവിലെ തെക്കന്‍ കശ്മീരിലെ പുല്‍വാമയിലും കുല്‍ഗാമിലും സേന നടത്തിയ രണ്ട് നീക്കങ്ങളില്‍ രണ്ട് വീതം തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി പൊലീസ് പറഞ്ഞു. കുല്‍ഗാമിലും പുല്‍വാമയിലും കൊല്ലപ്പെട്ട നാല് തീവ്രവാദികളും തദ്ദേശവാസികള്‍ തന്നെയാണെന്ന് പറയപ്പെടുന്നു. ദേശീയ പാതിയില്‍ വലിയ ആക്രമണത്തിന് ഒരുമ്പെടുന്നതിനിടെയാണ് ഇവരെ സേന ആക്രമിച്ചത്. ദേശീയപാതക്കടുത്തുള്ള ഒരു പ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍ നടന്നതെന്ന് പൊലീസ് ഐജി വിജയ് കുമാര്‍ പറഞ്ഞു.
കുല്‍ഗാമിലെ സോദാര്‍ പ്രദേശത്ത് സേനയും കശ്മീര്‍ പൊലീസും സംയുക്തമായി ചില പരിശോധന സംഘങ്ങളെ നിയോഗിച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്ക് ഒരു മാരുതി കാര്‍ ഒരു ചെക് പോസ്റ്റില്‍ എത്തി. സേനയെ കണ്ടയുടന്‍ കാറിനുള്ളില്‍ നിന്നും തീവ്രവാദികള്‍ വെടിയുതിര്‍ത്ത് തൊട്ടടുത്ത വനമേഖലയിലേക്ക് കടന്നു. ഈ പ്രദേശം ഉടനെ സേന വളഞ്ഞു. കൂടുതല്‍ വെടിവെപ്പുണ്ടായി. ഇതില്‍ ഷാബാസ് അഹ്മദ് ഷാ (ജെയ്ഷ് ഇ മുഹമ്മദ്), നസീര്‍ അയുബ് പണ്ഡിറ്റ് (ലഷ്കര്‍ ഇ ത്വയിബ) എന്നിവര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ഒരു എകെ 47ഉം ഒരു പിസ്റ്റളും വെടിയുണ്ടകളും ഇവരില്‍ നിന്നും കണ്ടെടുത്തതായി സേന വക്താവ് അറിയിച്ചു.
പുല്‍വാമയില്‍ പുച്ചാല്‍ പ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. സംശയം തോന്നി ഈ പ്രദേശം വളഞ്ഞതിനിെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് തീവ്രവാദികള്‍ ഗ്രനേഡ് എറിഞ്ഞു. കീഴടങ്ങാനുള്ള സേനയുടെ നിര്‍ദേശം അവഗണിച്ച് അവര്‍ തിരിച്ചെ വെടിയുതിര്‍ത്തു. തുടര്‍ന്നുണ്ടായ വെടിവെയ്പില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പുല്‍വാമയില്‍ നിന്നുള്ള കിഫായത് സോഫി, ഇനായത് അഹമ്മദ് ദര് എന്നിവരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: