ന്യൂയോര്‍ക്ക്: കോവിഡ് 19ന്റെ മാരക വകഭേദങ്ങളായ ഡെല്‍റ്റ, ബീറ്റ വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമായി പൊരുതാന്‍ ഫൈസര്‍ വാക്സിന്റെ മൂന്നാം ഡോസ് കൂടി എടുക്കേണ്ടിവരുമെന്ന് കമ്പനി. മൂന്നാം ഡോസ് കൂടി എടുക്കുന്നവരുടെ ശരീരത്തില്‍ രണ്ട് ഡോസ് മാത്രമെടുക്കുന്നവരേക്കാള് അഞ്ച് മുതല്‍ പത്ത് മടങ്ങ് വരെ രോഗപ്രതിരോധം ഉറപ്പാക്കുന്ന ആന്റിബോഡി രൂപപ്പെടുമെന്നാണ് ഫൈസറും ബയോ എന്‍ടെകും ചേര്‍ന്ന് നടത്തുന്ന ഗവേഷണത്തിലെ ഇടക്കാല പഠനറിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഗവേഷണം ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഫൈസറിന്റെ വിഖ്യാതമായ ബയോഎന്‍ടെക് വാക്സിന്റെ തുടര്‍പരീക്ഷണങ്ങളിലാണ് മൂന്നാം ഡോസ് കൂടി എടുത്താല്‍ രോഗികളില്‍ ഉണ്ടാകുന്ന അധിക ഫലപ്രാപ്തിയെക്കുറിച്ചുള്ള കണ്ടെത്തല്‍ ഉണ്ടായത്. മൂന്നാം ഡോസ് കൂടി എടുക്കുന്നവരില്‍ വൈറസിനെ ചെറുക്കുന്ന ആന്റി ബോഡി അഞ്ച് മുതല്‍ പത്ത് മടങ്ങുവരെ വര്‍ധിക്കുന്നതായാണ് പരീക്ഷണങ്ങളില്‍ കണ്ടെത്തിയത്. ഇത് കോവിഡിനെതിരായ രോഗപ്രതിരോധശേഷി പതിന്മടങ്ങ് വര്‍ധിപ്പിക്കും.
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ബീറ്റ വകഭേദത്തിനെതിരെ മൂന്നാം ഡോസ് കൂടി സ്വീകരിക്കുന്നവരില്‍ മെച്ചപ്പെട്ട സംരക്ഷണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി പറയുന്നു. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ മാരകശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിനെതിരെയും ഫൈസര്‍ ബയോ എന്‍ ടെക് മൂന്നാം ഡോസ് കൂടി എടുത്താല്‍ മെച്ചപ്പെട്ട രോഗപ്രതിരോധശേഷി ഉണ്ടാകുമെന്ന് കമ്പനിയില്‍ നടന്നുവരുന്ന ഗവേഷണത്തിലെ ഇടക്കാല റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇടക്കാല പഠന റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ മാരകമായ കോവിഡ് വകഭേദങ്ങള്‍ക്കെതിരെ പൊരുതാന്‍ മൂന്നാം ഡോസ് കൂടി നല്‍കുന്നതിന് ഔദ്യോഗിക സംഘടനയില്‍ നിന്നും അംഗീകാരം തേടുമെന്ന് ഫൈസറും ബയോഎന്‍ടെകും പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: